ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ മാര്‍ഗരേഖയില്‍ വ്യക്തത വേണം; തിരുവമ്പാടി ദേവസ്വം സെക്രട്ടറി

Elephant Parade for Temple Festival

ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ വ്യക്തത വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. മഠത്തില്‍ വരവടക്കം നിലവിലെ നിര്‍ദ്ദേശപ്രകാരം നടത്താന്‍ കഴിയില്ലെന്നും ആനകള്‍ക്ക് അടുത്തുനിന്ന് എട്ടു മീറ്റര്‍ ദൂരം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തുമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.

ആനകള്‍ തമ്മില്‍ നിശ്ചിതകലം പാലിക്കണമെന്ന് നിര്‍ദ്ദേശം മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും തൃശ്ശൂര്‍പൂരത്തെയും തകര്‍ക്കുന്നതാണ്. ആനയില്‍ നിന്നും മുന്‍പില്‍ നിന്നാണോ പിറകില്‍ നിന്നാണോ എട്ടു മീറ്റര്‍ പാലിക്കേണ്ടത് എന്ന് ഉത്തരവില്‍ വ്യക്തതയില്ല.

Also Read : മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ

ഒരു വര്‍ഷം ഒരു ആന 85 പൂരം വരെയാണ് ശരാശരി എടുക്കാറുള്ളത്. ബാക്കി ദിവസങ്ങള്‍ വിശ്രമം ആണെന്നിരിക്കെ 24 മണിക്കൂര്‍ വിശ്രമം വേണമെന്നത് അപ്രായോഗികമാണ്. ആനകളുടെ ചിലവുപോലും കണ്ടെത്താന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകും. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ദേവസ്വത്തിന് പറയാനുള്ളത് കോടതി കേട്ടിട്ടില്ലെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.

ആന എഴുന്നള്ളിപ്പിൽ കർശന മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി ക‍ഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളിപ്പിന് നിർത്തരുത്. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച സർട്ടിഫിക്കറ്റ് പരിപാടിയുടെ സംഘാടകർ ഉറപ്പാക്കണം. നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളിപ്പുകൾക്ക് ജില്ലാതല സമിതി അനുമതി നൽകരുതെന്നും നിർദേശം.

മതപരിപാടികളിലും ഉത്സവങ്ങളിലും ആനകളെ എഴുന്നളളിക്കുന്നതിലെ മാർഗ്ഗരേഖയാണ് ഹൈക്കോടതി പുറത്തിറക്കിയത്.   എഴുന്നള്ളിപ്പിന് ബന്ധപ്പെട്ട ജില്ലാസമിതിയുടെ അനുമതി വാങ്ങണം.  ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിക്കണം. വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂര പരിധി വേണം. ജനങ്ങളും ആനയും തമ്മിൽ 8 മീറ്റർ ദൂര പരിധി ഉറപ്പാക്കണമെന്നും നിർദേശം. ഇതുകൂടാതെ ബാരിക്കേഡ് സംവിധാനം ഉറപ്പാക്കണം .24 മണിക്കൂറിൽ കുറഞ്ഞത് 8 മണിക്കൂർ വിശ്രമം നിർബന്ധം. ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഫിറ്റ്നസ് ,ഹെൽത്ത് സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും കോടതി.

ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. ആറു മണിക്കൂറിലധികം ആനയെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല. രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്.  125 കിലോമീറ്റർ അധികം ദൂരം വാഹനത്തിൽ കൊണ്ടുപോകരുതെന്നും മാർഗരേഖയിൽ വ്യക്തമാക്കി. എലിഫന്റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ‘

ദേവസ്വങ്ങൾക്കാണ് ഇതു സംബന്ധിച്ച് നിർദേശം. ജസ്റ്റിസ്‌ എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്‌ എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിറക്കിയത്. മാര്‍ഗ നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളത്തുകൾക്ക് ജില്ലാതല സമിതി അനുമതി നൽകരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News