മലയാള സിനിമയ്ക്ക് വലിയൊരു ഇംപാക്ട് തന്ന ചിത്രമാണ് സിബിമലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍. 2000ല്‍ ഇറങ്ങിയ ചിത്രം തിയേറ്ററുകളില്‍ വലിയ വിജയം കൊയ്തില്ലെങ്കിലും സിനിമാസ്വാദകര്‍ ഈ ചിത്രത്തെ പില്‍ക്കാലത്ത് ഹൃദയപൂര്‍വം ഏറ്റെടുത്തു. കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന തരത്തില്‍ വരെ സിനിമാസ്വാദകര്‍ ചിത്രത്തെ കുറിച്ച് നിരൂപിച്ചിട്ടുണ്ട്. ഇപ്പോഴിതാ റീറിലീസിനായി ഒരുങ്ങുകയാണ് ദേവദൂതന്‍. ഈ മാസം 26നാണ് ചിത്രം റീറിലീസ് ചെയ്യുക.
ദേവദൂതന്റെ റീറിലീസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍ സിബിമലയില്‍. ‘ദേവദൂതന്‍’ എന്ന സിനിമയുടെ കഥ മനസില്‍ രൂപപ്പെട്ടപ്പോള്‍ തന്നെ അത് എഴുതാനായി ആദ്യം സമീപിച്ചത് പത്മരാജന്‍ സാറിനെയായിരുന്നു. എന്നാല്‍ അന്ന് തിരക്കുകള്‍ കാരണം പത്മരാജന്‍ സാറിന് അത് ചെയ്യാന്‍ കഴിഞ്ഞില്ല. ഇത് എന്റെ ആദ്യ സിനിമയ്ക്കായി രൂപപ്പെടുത്തിയ കഥ കൂടിയായിരുന്നു. ഒരു വര്‍ഷത്തോളം സമയമെടുത്താണ് അന്ന് കഥയെഴുതി പൂര്‍ത്തീകരിച്ചത്. അന്ന് ചില കാരണങ്ങള്‍കൊണ്ട് അത് സിനിമയായി മാറിയില്ല. ദേവദൂതന്‍ ചെയ്യാനുളള ഭാഗ്യമുണ്ടായത് 2000ലാണ്. ഒരു ചെറുപ്പക്കാരനെയായിരുന്നു അന്ന് എഴുതിവെച്ച തിരക്കഥയില്‍ നായകാനാക്കാന്‍ തീരുമാനിച്ചത്. ഈ പ്രോജക്ടിലേക്ക് ആ സമയത്താണ് മോഹന്‍ലാല്‍ എത്തിയത്. അതോടെ തിരക്കഥ ഒന്നുകൂടി മാറ്റി എഴുതേണ്ടി വന്നു. പുതിയ തലമുറ ദേവദൂതന്‍ വീണ്ടും തിയേറ്ററിലൂടെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ പോകുന്നത്.
ദേവദൂതന്‍ ഒരു പ്രണയകഥയായി അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചത്. സിനിമയ്ക്കായി ആദ്യം തിരക്കഥ ഒരുക്കിയപ്പോള്‍ നിഖില്‍ മഹേശ്വറിന്റെയും അലീനയുടെയും വേഷങ്ങള്‍ ചെയ്യാന്‍ മനസില്‍ കണ്ടത് നസ്രുദ്ദീന്‍ ഷായെയും മാധവിയെയുമായിരുന്നു. പക്ഷേ അന്ന് അത് നടന്നില്ല. ചിത്രത്തിലേക്ക് ഒരു പുതുമുഖത്തെ കൊണ്ടുവരണമെന്നുണ്ടായിരുന്നു. അതിനായി തമിഴ് നടന്‍ മാധവനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ അന്ന് അദ്ദേഹം മറ്റൊരു പ്രോജക്ടുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. അതിനിടെയാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നത്. തുടര്‍ന്ന് മോഹന്‍ലാല്‍ സിനിമ ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കുകയുമായിരുന്നു. സിനിമയുടെ പോസ്റ്റ്പ്രൊഡക്ഷനിടെയാണ് ദേവദൂതന്‍ എന്ന പേരിടാമെന്ന് തീരുമാനിച്ചത്’- സിബി മലയില്‍ വെളിപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here