ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 288 ആയി. അപകടം മനുഷ്യനിർമ്മിതമാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ റെയിൽവേ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് ഒഡിഷയിൽ ദുരന്തമുണ്ടായത് സിഗ്നൽ സംവിധാനത്തിൻ്റെ പാളിച്ചകളായിരുന്നു എന്നതിന് പുറത്ത് തെളിവുകൾ വന്നുകഴിഞ്ഞു . ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റി ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 12 ബോഗികൾ പാളം തെറ്റിയിരുന്നു. ആദ്യ അപകടത്തിന് ശേഷം സിഗ്നലുകൾ പ്രവർത്തിച്ചില്ല. റെയിൽവേയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതിനെ തുടർന്ന്, പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെ എത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയത് വൻ ദുരന്തത്തിന് കാരണമായി.
42 വർഷം മുൻപും ഇന്ത്യയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് ദുരന്തമുണ്ടായിട്ടുണ്ട്. പക്ഷേ അത് മനുഷ്യനിർമ്മിതമായിരുന്നതോറെയിൽവേയുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവുകൾ കൊണ്ടോ സംഭവിച്ചതായിരുന്നില്ല. 1981 ഫെബ്രുവരി 12ന് മദ്രാസിലേക്കുള്ള ട്രിവാൻഡ്രം മെയിലും ഈറോഡിലേക്ക് പോകുകയായിരുന്നു ഏർക്കാട് എക്സ്പ്രസ്സും ഗുഡ്‌സ് ട്രെയിനിൽ നിന്ന് വേർപെട്ട വാഗണുകളുമായി വാണിയംപാടിയിൽ കൂട്ടിയിടിക്കുകയായിരുന്നു. മദ്രാസിൽ നിന്ന് 200 കിലോമീറ്റർ അകലെ അന്നത്തെ അപകടത്തിൽ 14 പേർ മരണപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തതു അന്ന് ദക്ഷിണ റെയിൽവേ ഔദ്യോഗികമായി അറിയിച്ചിരുന്നു.
അന്ന്, നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ ബോഗികൾ ബന്ധിപ്പിക്കുന്ന കപ്ലിംഗ്‌സ് തകർന്ന് ഒഴിഞ്ഞ ഓയിൽ വാഗണുകൾ ഇളകി മറ്റൊരു പാളത്തിലേക്ക് വീണു. ആ പാളത്തിലൂടെ പോകുകയായിരുന്ന ട്രിവാൻഡ്രം മെയിൽ പിൻ വാഗണുകളിൽ ഇടിച്ചു. ഇടിയെ തുടർന്ന്, ട്രിവാൻഡ്രം മെയിലിന്റെ ബോഗികൾ പാളം തെറ്റി രണ്ടാം ലൈനിൽ വീണു. ആ പാളത്തിലൂടെ മദ്രാസിൽ നിന്നും വരികയായിരുന്ന ഏർക്കാട് എക്സ്പ്രസ് ഇടിച്ചു. ഏർക്കാട് എക്സ്പ്രസിന്റെ പതിനേഴ് ബോഗികളിൽ അഞ്ചെണ്ണം അപകടത്തിൽ തകർന്നു.
അതെ വർഷമാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടം സംഭവിക്കുന്നത്. 1981 ജൂൺ ആറിന് ബീഹാറിൽ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയിൽ ട്രെയിൻ മറിഞ്ഞതിനെ തുടർന്ന് രേഖപ്പെടുത്തിയത് 800 ലധികം അധികം മരണമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here