കഥകളി പദങ്ങളുടെ സ്ഥാനചലനങ്ങൾക്കൊപ്പം മുദ്രകളും ഭാവങ്ങളും ഉൾക്കൊണ്ട് താരാവർമ അരങ്ങിൽ നിറഞ്ഞാടിയപ്പോൾ മറ്റൊരു ചരിത്രമുഹൂർത്തത്തിനാണ് മുംബൈ വേദിയായത്. ആട്ടക്കഥ ദേശീയഭാഷയിലേക്ക് മൊഴിമാറ്റിയത് സംഗീത പൊതുവാളാണ്. കഥകളിപ്പദങ്ങൾ ഇതാദ്യമായാണ് ഹിന്ദിയിൽ അവതരിപ്പിക്കുന്നത്.
Also read:പലസ്തീൻ ഐക്യദാർഢ്യവുമായി കെജിഒഎയുടെ സംസ്ഥാന സമ്മേളനം
നടനത്തിനും നാട്യത്തിനും മാറ്റമില്ലാതെ വിവിധ വികാരങ്ങൾ മുഖത്ത് മിന്നിമായുമ്പോൾ പുതിയൊരു കഥകളി സംസ്കാരത്തിന് മഹാനഗരം തുടക്കമിടുകയായിരുന്നു. ഡോംബിവിലി പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അരങ്ങേറിയ ‘പൂതനാമോക്ഷം’ നിറഞ്ഞ സദസ്സിന് നൂതനാനുഭവമായി. മലയാളികൾക്കും മറുനാട്ടുകാർക്കും ആസ്വദിക്കാവുന്ന രീതിയിൽ കേരളത്തിന്റെ തനത് കലക്ക് ദേശീയ മുഖം നൽകുകയായിരുന്നു അമരക്കാരൻ അനിൽ പൊതുവാൾ.
ഇതോടെ കൂടുതൽ വേദികളിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ഹിന്ദി കഥകളി സംഘം. ഇത്തരമൊരു ആശയം മുന്നോട്ട് വച്ച ഉണ്ണികൃഷ്ണൻ പൊതുവാളിനെയും സംഘത്തെയും വേദിയിൽ ആദരിച്ചു. കൃഷ്ണമോഹൻ വായ്പാട്ടിന് നേതൃത്വം നൽകി. മദ്ദളത്തിൽ പരമേശ്വരൻ നമ്പീശനും ചെണ്ടയിലും ഇടയ്ക്കയിലും പനമണ്ണ ശശിയും കൊട്ടിക്കയറിയപ്പോൾ ഈ വേറിട്ട കഥകളി ആസ്വാദകരുടെ മനം കവർന്നു. ഹിന്ദിയിലായതിനാൽ കർണാടിക് രാഗങ്ങൾക്ക് പകരം കൂടൂതലും വൃന്ദാവൻ സാരംഗ്, ഹമീർ കല്യാണി, ജോഗ്, ദേശ് തുടങ്ങിയ ഹിന്ദുസ്ഥാനി രാഗങ്ങൾ അടിസ്ഥാനമാക്കിയാണ് ചിട്ടപ്പെടുത്തിയത്. ദേശീയതയുടെ പര്യായമായി കഥകളിയുടെ ഈ പകർന്നാട്ടം ഭാഷയുടേയും സംസ്കാരത്തിൻ്റെയും ഇഴചേരലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here