‘എ.ആര്‍ റഹ്‌മാന്‍ ഷെയര്‍ ചെയ്ത ആ വീഡിയോ പങ്കുവെച്ചത് ഞാനാണ്’

രതി വി.കെ

സംഗീതമാന്ത്രികന്‍ എ.ആര്‍ റഹ്‌മാന്‍ പങ്കുവെച്ച വീഡിയോയിലൂടെ കേരളത്തിന്റെ മതസൗഹാര്‍ദ്ദവും മാനവിക ബോധവും ആഗോളതലത്തിലും ശ്രദ്ധേയമായി. ആലപ്പുഴയിലെ ചെറുവള്ളി മുസ്ലീം ജമാ അത്ത് പള്ളിയില്‍ ഹൈന്ദവാചാരപ്രകാരം നടന്ന ഒരു വിവാഹത്തിന്റെ വീഡിയോയായിരുന്നു എ. ആര്‍ റഹ്‌മാന്‍ പങ്കുവെച്ചത്. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ അപഹസിക്കുന്നതായി ആരോപണം ഉയര്‍ന്ന ‘കേരള സ്റ്റോറി’ എന്ന സിനിമയെച്ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെയായിരുന്നു എ. ആര്‍ റഹ്‌മാന്‍ പങ്കുവെച്ച വീഡിയോയും ചര്‍ച്ചയായത്.

എ.ആര്‍ റഹ്‌മാനിലൂടെ കേരളത്തിന്റെ മതസൗഹാര്‍ദ്ദം ലോകത്തെ കാണിച്ച ആ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത് ഒരു മലയാളിയാണ്. കോമ്രേഡ് ഫ്രം കേരള എന്ന ട്വിറ്റര്‍ അക്കൗണ്ട് സ്വന്തമായുള്ള തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി നിഖില്‍ ഹുസൈന്‍ ആണ് ആ വീഡിയോ പങ്കുവെച്ചത്. സാധാരണ ഷെയര്‍ ചെയ്യപ്പെട്ട് ലഭിക്കുന്ന വീഡിയോകള്‍ നിഖില്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ അവയൊന്നും അധികം ശ്രദ്ധിക്കപ്പെടാറില്ല. ഇത്തവണ ഷെയര്‍ ചെയ്ത വീഡിയോ എ.ആര്‍ റഹ്‌മാന്‍ പങ്കുവെച്ചത് നിഖിലിനേയും ഞെട്ടിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആ ഒരു വീഡിയോയുടെ പ്രസക്തി മനസിലാക്കിയാണ് ഷെയര്‍ ചെയ്തതെന്ന് കൈരളി ഓണ്‍ലൈനിനോട് പറയുകയാണ് നിഖില്‍ ഹുസൈന്‍.

തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിയായ നിഖില്‍ അബുദാബിയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി നോക്കുകയാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയര്‍ചെയ്യപ്പെട്ട് ലഭിച്ച വീഡിയോ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നുവെന്ന് നിഖില്‍ പറയുന്നു. പിറ്റേദിവസം നോക്കുമ്പോഴാണ് എ.ആര്‍ റഹ്‌മാന്‍ തന്റെ ട്വീറ്റ് പങ്കുവെച്ചതായുള്ള നോട്ടിഫിക്കേഷന്‍ കാണുന്നത്. എ. ആര്‍ റഹ്‌മാന്റെ പേരിലുള്ള ഫേക്ക് ഐഡിയാകും അതെന്നാണ് ആദ്യം കരുതിയത്. പിന്നീട് നോക്കുമ്പോഴാണ് 24 മില്യണ്‍ ഫോളോവേഴ്‌സുള്ള എ.ആര്‍ റഹ്‌മാന്റെ ഒറിജിനല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടതെന്ന് മനസിലായതെന്ന് നിഖില്‍ പറയുന്നു.

ആ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ പിന്തുണച്ച് പലരും പോസ്റ്റുകള്‍ ഇട്ടിരുന്നതായി നിഖില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് തന്നെ തെറിവിളിച്ചവരും ഏറെയാണെന്ന് നിഖില്‍ വ്യക്തമാക്കുന്നു. വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ എ.ആര്‍ റഹ്‌മാനെതിരേയും വ്യാപക വിമര്‍ശനം ഉയര്‍ന്നതായി കണ്ടു. അദ്ദേഹത്തിനെതിരെയാണ് കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത്. ഇത്തരം പ്രവണതയോട് സാധാരണനിലയില്‍ താന്‍ പ്രതികരിക്കാറില്ലെന്ന് നിഖില്‍ പറയുന്നു.

ജനിച്ചത് തിരുവനന്തപുരത്താണെങ്കിലും നിഖില്‍ പഠിച്ചതും വളര്‍ന്നതും ലക്ഷദ്വീപിലാണ്. പ്ലസ് ടു വരെ ലക്ഷദ്വീപില്‍ പഠിച്ചു. തുടര്‍ന്ന് പഠിച്ചത് ബംഗളൂരുവില്‍ ആണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അബുദാബിയില്‍ ജോലി ചെയ്യുന്നു. 2021 ല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന പുതിയ നയങ്ങള്‍ക്കെതിരെയും നിഖില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News