ഹാ! കോണ്‍ഗ്രസിന് എന്താ പ്രിവിലേജ് മാധ്യമങ്ങളേ… അഴിമതിയോ കൊലപാതകമോ.. നിങ്ങള്‍ ഞെട്ടില്ല; ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ.ടി എം തോമസ് ഐസക്ക്

ബത്തേരി അര്‍ബന്‍ ബാങ്കുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും കേരളത്തിലെ മാധ്യമങ്ങള്‍ ആ വഴിക്ക് പോകുന്നത് കാണുന്നില്ല. വയനാട്ടിലെ കോണ്‍ഗ്രസ് ജില്ലാ ട്രഷററും മകനും ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്തെ ഒട്ടാകെ ഞെട്ടിച്ചെങ്കിലും അതിന് പിന്നിലുള്ള കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനോ അതിനെതിരെ വാര്‍ത്തകള്‍ നല്‍കാനോ മുന്‍നിര മാധ്യമങ്ങള്‍ തയ്യാറാവാത്തതിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരിക്കുകയാണ് മുന്‍ ധനമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്ക്.

ALSO READ: റിജിത്ത് വധക്കേസ്: 9 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

അഴിമതിയായാലും കൊലപാതകമായാലും കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് മാധ്യമങ്ങള്‍ എന്തൊരു പ്രിവിലേജാണ് നല്‍കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. വയനാടിലെ കോണ്‍ഗ്രസ്സ് ജില്ലാ ട്രഷററും മകനും ആത്മഹത്യ സംബന്ധിച്ച വിവരങ്ങള്‍ ഏതൊരാളെയും ഞെട്ടിക്കേണ്ടതാണ്. പക്ഷേ, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഞെട്ടലില്ല, മാധ്യമങ്ങള്‍ക്കുമില്ല. ഇരട്ട ആത്മഹത്യയ്ക്ക് പ്രത്യക്ഷ കാരണക്കാരായ എംഎല്‍എയെയും ഡിസിസി പ്രസിഡന്റിനെയും കോണ്‍ഗ്രസും മാധ്യമങ്ങളും ചേര്‍ത്തു നിര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം സിപിഐഎം കേരള ഫേസ്ബുക്ക് പേജിലൂടെ തുറന്നടിച്ചു.

ഡോ. ടിഎം തോസ് ഐസക്കിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

പറയാതെ വയ്യ. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്ക് അഴിമതി ആയാലും കൊലപാതകം ആയാലും എന്തൊരു പ്രിവിലേജാണ് കേരളത്തിലെ മാധ്യമങ്ങള്‍ നല്‍കുന്നത്! അവരുടെ ചെയ്തികള്‍വച്ച് മറ്റാരുടെയും തെറ്റായ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനോ ഗൗരവം കുറച്ചുകാണാനോ ഞാന്‍ തുനിയില്ല. പക്ഷേ, ഇപ്പോള്‍ വയനാടിലെ കോണ്‍ഗ്രസ്സ് ജില്ലാ ട്രഷററും മകനും ആത്മഹത്യ സംബന്ധിച്ച വിവരങ്ങള്‍ ഏതൊരാളെയും ഞെട്ടിക്കേണ്ടതാണ്. പക്ഷേ, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഞെട്ടലില്ല, മാധ്യമങ്ങള്‍ക്കുമില്ല. ഇരട്ട ആത്മഹത്യയ്ക്ക് പ്രത്യക്ഷ കാരണക്കാരായ എംഎല്‍എയെയും ഡിസിസി പ്രസിഡന്റിനെയും കോണ്‍ഗ്രസും മാധ്യമങ്ങളും ചേര്‍ത്തു നിര്‍ത്തുകയായിരുന്നു.

ഇപ്പോളിതാ ആ നിര്‍ഭാഗ്യവാനായ മനുഷ്യന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരിക്കുന്നു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റും കൂടി നടത്തിയ ബാങ്ക് നിയമന തട്ടിപ്പില്‍ ഒടുവില്‍ കുടുങ്ങിയത് ഡിസിസി ട്രഷറര്‍. എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് പലതവണ അദ്ദേഹം കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ക്ക് പിന്നാലെ നടന്നു. കെപിസിസി പ്രസിഡന്റിനോടും സഹായത്തിനായി കരഞ്ഞപേക്ഷിച്ചു. ആരും സഹായിച്ചില്ല, ഗത്യന്തരമില്ലാതെ അദ്ദേഹവും മകനും ആത്മഹത്യ ചെയ്തു. കോണ്‍ഗ്രസ്സിന്റെ ഒരു നേതാവും ആ ആത്മഹത്യ പോലും ഗൗരവത്തിലെടുത്തില്ല. പ്രതിയായ എംഎല്‍എയോടൊപ്പം നില്‍ക്കും എന്നവര്‍ പറയുകയും ചെയ്തു.

ALSO READ: നിയമസഭ പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

മനുഷ്യത്വം എന്നത് അയലത്തുകൂടി പോയിട്ടുള്ള ഒരാള്‍ക്കും സാധിക്കാത്ത വിധം ആത്മഹത്യ കുറിപ്പിനെപോലും അവര്‍ തള്ളിപ്പറഞ്ഞു. ‘ഇത് ആത്മഹത്യ കുറിപ്പാണോയെന്ന് ആര്‍ക്കറിയാം” എന്നാണ് ഒരു നേതാവ് പറഞ്ഞത്. അച്ചനും മകനും നഷ്ടപ്പെട്ട കോണ്‍ഗ്രസ്സ് നേതാവിന്റെ കുടുംബത്തെ ഇങ്ങനെ ആക്ഷേപിക്കാന്‍ എങ്ങനെയാണ് മനസുവരുന്നത്?

ആത്മഹത്യ കുറിപ്പ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് അയച്ചു കൊടുത്തു. പത്തു ദിവസം കാത്തിരിക്കണമെന്നും എന്നിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം പോലീസിനും മാധ്യമങ്ങള്‍ക്കും നല്‍കണമെന്നുമാണ് ആത്മഹത്യ ചെയ്ത എന്‍.എം. വിജയന്‍ ബന്ധുക്കളോട് നിര്‍ദ്ദേശിച്ചിരുന്നത്. കോണ്‍ഗ്രസിനോട് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്കൊന്നും ഇല്ലാത്ത കൂറ് ആ മനുഷ്യന് ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍.

ALSO READ: ഓസ്‌കറിലേക്ക്; മികച്ച സിനിമ ജനറല്‍ വിഭാഗത്തില്‍ ആട് ജീവിതവും!

കത്തുകിട്ടി പത്തുദിവസം കഴിഞ്ഞിട്ടും ഒരു കോണ്‍ഗ്രസ്സ് നേതാവും പ്രശ്‌നത്തില്‍ ഇടപെടുകയോ ഫോണില്‍ പോലും ബന്ധപ്പെടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അവര്‍ കുറിപ്പ് പ്രസിദ്ധീകരണത്തിന് നല്‍കുന്നതെന്ന് മകള്‍ അറിയിച്ചു. ഒരു നേതാവും തിരിഞ്ഞുനോക്കിയില്ല. കത്ത് പുറത്തുവരും എന്ന് അറിഞ്ഞിട്ടുപോലും അനങ്ങിയില്ല. വന്നാലും ഞങ്ങള്‍ക്കൊരു ചുക്കുമില്ലെന്ന ധാര്‍ഷ്ട്യം, മാധ്യമങ്ങള്‍ കയ്യിലുണ്ടെന്ന അഹങ്കാരം!

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News