കേരള ധനപ്രതിസന്ധിയുടെ മൂലകാരണം വ്യക്തമാക്കി ഡോ. തോമസ് ഐസക്. 2022-നെ അപേക്ഷിച്ച് 2023-ൽ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 22 ശതമാനമാണു കൂടിയത്. ഇത് ഇന്ത്യാ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന വർദ്ധനയാണിതെന്നും തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്രം മൂന്ന് രീതികളിൽ കേരളത്തിന് നൽകുന്ന ധനസഹായത്തെ കുറിച്ചും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തോമസ് ഐസക് വ്യക്തമാക്കി.നികുതി വിഹിതം ഭരണഘടനാപരമായ നമ്മുടെ അവകാശമാണ്. ദൗർഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്തുനിന്നും കേന്ദ്രം പിരിക്കുന്ന നികുതിയുടെ 25 ശതമാനമേ നമുക്കു ലഭിക്കുന്നുള്ളൂവെന്നും ഐസക് ചൂണ്ടിക്കാട്ടി.
ALSO READ:ഏഴാമത് പ്രൊഫ. അരവിന്ദാക്ഷൻ പുരസ്കാരം പ്രശസ്ത മാധ്യമ പ്രവർത്തകൻ ആർ രാജഗോപാലിന്
ഈ വർഷം പ്രത്യേക ചില മാനദണ്ഡ പ്രകാരം കൂടുതൽ വായ്പ അനുവദിക്കുമെന്നാണു കരുതിയിരുന്നതെന്നും എന്നാൽ യഥാർത്ഥത്തിൽ ലഭിച്ചിരിക്കുന്ന വായ്പ മുൻ വർഷത്തേതിന്റെ പകുതിയാണെന്നും തോമസ് ഐസക് കുറിച്ചു. ഇതാണു സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്നാണ് തോമസ് ഐസക് വിലയിരുത്തുന്നത്.
തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
എന്താണു ഇന്നത്തെ കേരള ധനപ്രതിസന്ധിയുടെ മൂലകാരണം?
കേരള സർക്കാരിന്റെ 2022-23-ലെ ബജറ്റ് ഏതാണ്ട് ഒന്നര ലക്ഷം കോടി രൂപയാണ്. ഇതിൽ സംസ്ഥാനത്തിന്റെ തനതു നികുതി മുക്കാൽ ലക്ഷം കോടി രൂപയാണ് (ഇതിൽ ചെറിയൊരു തുക നികുതിയിതര വരുമാനവും ഉൾപ്പെടും). കേന്ദ്ര ധനസഹായം അര ലക്ഷം കോടി രൂപയാണ്. വായ്പ ഏതാണ്ട് കാൽ ലക്ഷം കോടി രൂപയാണ്. ഇതാണു കേരള ബജറ്റിന്റെ വരുമാനത്തിന്റെ ഒരു ലളിതരൂപം. ചോദ്യവും ലളിതമാണ്. ഏതിലാണു കുറവ് വന്നിരിക്കുന്നത്?
യുഡിഎഫും ബിജെപിയും നടത്തുന്ന വ്യാജപ്രചാരണം സംസ്ഥാനം നികുതി പിരിക്കുന്നില്ലായെന്നതാണ്. 2022-നെ അപേക്ഷിച്ച് 2023-ൽ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 22 ശതമാനമാണു കൂടിയത്. ഇത് ഇന്ത്യാ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന വർദ്ധനയാണ്. നികുതിയിതര വരുമാനമാകട്ടെ 45 ശതമാനമാണ് വർദ്ധിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി? ഇവിടെയാണ് കേന്ദ്രം പ്രതിക്കൂട്ടിലാകുന്നത്.
കേന്ദ്രം മൂന്ന് രീതികളിലാണു നമുക്ക് ധനസഹായം നൽകുന്നത്.
ഒന്നാമത്തേത്, ഫിനാൻസ് കമ്മീഷൻ തീർപ്പു പ്രകാരമുള്ള നികുതി വിഹിതമാണ്. അതിൽ വർദ്ധനയേ ഉണ്ടായില്ല. 2022-ലും 2023-ലും ലഭിച്ചത് ഏതാണ്ട് ഒന്നു തന്നെ – 13000 കോടി രൂപ.
രണ്ടാമത്തേത്, കേന്ദ്രം തരുന്ന ഗ്രാന്റുകളും മറ്റുമാണ്. ഇതിൽ ഫിനാൻസ് കമ്മീഷൻ ശുപാർശ ചെയ്ത ഗ്രാന്റുകൾ മാത്രമല്ല കേന്ദ്ര സർക്കാർ അല്ലാതെ തരുന്ന ഗ്രാന്റുകളും ഉൾപ്പെടും. അത് 2022-ൽ 30,000 കോടി ലഭിച്ചത് 2023-ൽ 27,000 കോടി രൂപയായി. ഏതാണ്ട് 10 ശതമാനം കുറവ്.
മൂ
ന്നാമത്തേത്, കേന്ദ്രം അനുവദിക്കുന്ന വായ്പയാണ്. ഇവിടെയാണ് ഭീകരമായ ഇടിവ് ഉണ്ടായത്. 43,000 കോടി രൂപ 2022-ൽ വായ്പയെടുക്കാൻ അനുവദിച്ചു. 2023-ൽ അത് 22,000 രൂപയായി കുറഞ്ഞു. വായ്പ ഏതാണ്ട് പകുതിയായി വെട്ടിക്കുറച്ചു.
ഇനി നിങ്ങൾ പറയൂ സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറഞ്ഞതുകൊണ്ടാണോ സാമ്പത്തിക പ്രതിസന്ധി. അതോ കേന്ദ്ര സർക്കാരിന്റെ വിവേചനംമൂലമാണോ? നികുതി വിഹിതം വർദ്ധിക്കാത്തതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നില്ല. അതു ധനകാര്യ കമ്മീഷന്റെ തീർപ്പാണ്. ഇതു സമ്മതിക്കുമ്പോൾ നികുതി വിഹിതം എന്തോ കേന്ദ്രത്തിന്റെ ഔദാര്യമാണെന്ന മട്ടിലുള്ള ബിജെപി പ്രചാരണത്തിന്റെ പൊള്ളത്തരവും നാം തിരിച്ചറിയേണ്ടതുണ്ട്. നികുതി വിഹിതം ഭരണഘടനാപരമായ നമ്മുടെ അവകാശമാണ്. ദൗർഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്തുനിന്നും കേന്ദ്രം പിരിക്കുന്ന നികുതിയുടെ 25 ശതമാനമേ നമുക്കു ലഭിക്കുന്നുള്ളൂ. യുപി പോലുള്ള സംസ്ഥാനങ്ങൾക്ക് അവരിൽ നിന്നും പിരിക്കുന്ന നികുതിയുടെ 180 ശതമാനം നൽകുന്നു. തൊട്ടുമുമ്പ് പറഞ്ഞതുപോലെ ഇതു ധനകാര്യ കമ്മീഷന്റെ തീർപ്പാണ്.
ഗ്രാന്റുകളിൽ ധനകാര്യ കമ്മീഷൻ തീരുമാനിക്കുന്ന ഗ്രാന്റുകൾ മാത്രമല്ല, കേന്ദ്ര സർക്കാർ തന്നിഷ്ടപ്രകാരം അനുവദിക്കുന്ന ഗ്രാന്റുകളുമുണ്ട്. പണ്ട് കേന്ദ്ര ബജറ്റിന്റെ 30 ശതമാനം കേന്ദ്ര സർക്കാരിന്റെ പ്ലാൻ ഫണ്ട് ആയിരുന്നു. അതിലൊരു ഭാഗം പ്ലാനിംഗ് കമ്മീഷൻ ഒരു ഫോർമുല അനുസരിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പ്ലാനും ഇല്ല. പ്ലാനിംഗ് കമ്മീഷനും ഇല്ല. കേന്ദ്ര സർക്കാർ തന്നിഷ്ടപ്രകാരമാണ് ഈ ഭീമമായ തുക എവിടെ ചെലവഴിക്കണമെന്നു തീരുമാനിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തോടു കടുത്ത വിവേചനമാണ്. ഏതു ബിജെപി സംസ്ഥാനങ്ങൾക്കാണു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത്? അവർക്കെല്ലാം പതിനായിരക്കണക്കിനു കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമ്പോൾ കേരളത്തിൽ ഇന്നേ വരെ ഒരു പാക്കേജും അനുവദിച്ചിട്ടില്ല. കടലാക്രമണം തടയുന്നതിനും റബർ കൃഷിക്കാരെ സഹായിക്കുന്നതിനുമെല്ലാം നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്. അവയ്ക്കൊന്നും ഒരു പരിഗണനയും ലഭിച്ചിട്ടില്ല. 10 ശതമാനം ഈ ഇനത്തിൽ കുറവു വന്നു.
കടുംവെട്ട് ഉണ്ടായിട്ടുള്ളതു നമുക്ക് അർഹമായിട്ടുള്ള വായ്പയാണ്. സംസ്ഥാന വരുമാനത്തിന്റെ 3 ശതമാനം വായ്പയെടുക്കാൻ നമുക്ക് അവകാശമുണ്ട്. ഈ വർഷം പ്രത്യേക ചില മാനദണ്ഡ പ്രകാരം കൂടുതൽ വായ്പ അനുവദിക്കുമെന്നാണു കരുതിയിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ലഭിച്ചിരിക്കുന്ന വായ്പ മുൻ വർഷത്തേതിന്റെ പകുതിയാണ്. ഇതാണു സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.