കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കൂടി കേരളത്തെ ചിരിപ്പിച്ചു വശം കെടുത്തും; ഡോ. ടി എം തോമസ് ഐസക്

കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കൂടി കേരളത്തെ ചിരിപ്പിച്ചു വശം കെടുത്തുകയാണ് എന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്.

താൻ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്നും പാർട്ടി അനുവദിച്ചാൽ മുഖ്യമന്ത്രിയാകുമെന്നും കഴിഞ്ഞ ദിവസം ഒരു ചാനലിൽ കെ. സുധാകരൻ പ്രഖ്യാപിച്ചിരുന്നു. പറയുന്നതു കേട്ടാൽത്തോന്നും എഐസിസിയുടെ അനുവാദം കിട്ടിയാൽ പിറ്റേന്ന് സത്യപ്രതിജ്ഞ നടക്കുമെന്ന്. പിന്നെ വി ഡി സതീശൻ ഷാഡോ മുഖ്യമന്ത്രിയായി വകുപ്പു വിഭജനവും നടത്തി മന്ത്രിമാരെയും നിയമിച്ച് ഒരു ഷാഡോ കാബിനറ്റിനെ നയിക്കുന്ന വിവരം കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ അറിയുന്നത് മനോരമ വായിച്ചിട്ടായിരിക്കും.പാവം സുധാകരൻ…. തോമസ് ഐസക് കുറിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് ഇക്കാര്യം കുറിച്ചത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

also red; ‘ക്ഷണിക്കുക ഞങ്ങളുടെ മര്യാദ, ലീഗിന് ഇനിയും ആലോചിക്കാൻ സമയമുണ്ട്’; മന്ത്രി വി ശിവൻകുട്ടി

കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കൂടി കേരളത്തെ ചിരിപ്പിച്ചു വശം കെടുത്തുകയാണ്. താൻ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്നും പാർടി അനുവദിച്ചാൽ മുഖ്യമന്ത്രിയാകുമെന്നും കഴിഞ്ഞ ദിവസം ഒരു ചാനലിൽ കെ. സുധാകരൻ പ്രഖ്യാപിച്ചിരുന്നു. പറയുന്നതു കേട്ടാൽത്തോന്നും എഐസിസിയുടെ അനുവാദം കിട്ടിയാൽ പിറ്റേന്ന് സത്യപ്രതിജ്ഞ നടക്കുമെന്ന്.
എന്തുമാത്രം കടമ്പകൾ അദ്ദേഹത്തിന് കടക്കാനുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിൽ ഉണ്ടാകണം. സീറ്റുകിട്ടണം. ജയിക്കണം. യുഡിഎഫിന് ഭൂരിപക്ഷവും കിട്ടണം. എങ്കിലല്ലേ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ കഴിയൂ.
മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് കെ. സുധാകരൻ പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ ക്യാമ്പിൽ നിന്ന് അതാ വരുന്നു അടുത്ത വാർത്ത. അദ്ദേഹം ഷാഡോ കാബിനറ്റ് ഉണ്ടാക്കി ആൾറെഡി ഭരണം തുടങ്ങിയത്രേ.
വി.ഡി. സതീശൻ ഷാഡോ മുഖ്യമന്ത്രിയായ കാബിനറ്റിൽ പൊതുമരാമത്ത് വകുപ്പിൻ്റെ ഷാഡോ മന്ത്രി ഷിബു ബേബിജോണാണ്. സാമ്പത്തിക, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് ഒറ്റ മന്ത്രിയാണ്. പ്രിയ സുഹൃത്ത് സി.പി. ജോൺ.
വിദ്യാഭ്യാസ മന്ത്രിയായി കെ.സി. ജോസഫും ആരോഗ്യമന്ത്രിയായി ഡോ. എം.കെ. മുനീറും കൃഷി മന്ത്രിയായി മോൻസ് ജോസഫുമാണത്രേ പ്രവർത്തിക്കുന്നത്.
മനോരമയിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്. വാർത്തയുടെ ആദ്യഖണ്ഡികയിലെ രണ്ടാം വാചകമാണ് പ്രധാനം. 5 ടീമുകളെയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുൻകയ്യെടുത്ത് നിയോഗിച്ചത് എന്നാണ് ആ വാചകം. ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ ഷാഡോ കാബിനറ്റ് പ്രതിപക്ഷം ഉണ്ടാക്കാറുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഷാഡോ കമ്മിറ്റികൾ ഉണ്ടാക്കുന്നത്.
പിണറായി സർക്കാർ അധികാരമേറ്റ് ഏതാനും മാസങ്ങൾക്കുള്ളിൽ എന്നാണോ, ഇക്കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ എന്നാണോ വായനക്കാർ മനസിലാക്കേണ്ടത് എന്ന് വാർത്തയിൽ സൂചനയില്ല. എന്നുവെച്ചാൽ, ഷാഡോ സത്യപ്രതിജ്ഞ നടന്നത് ഏതു ദിവസമെന്ന കാര്യത്തിൽ കൃത്യതയില്ല. ഷാഡോ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഷാഡോ ഗവർണർ ആരെന്നും അറിയില്ല. പക്ഷേ, വാർത്ത വന്നത് ഇപ്പോഴാണ്. അതായത്, താൻ മുഖ്യമന്ത്രിയാകാൻ തയ്യാർ എന്ന് കെ.സുധാകരൻ പറഞ്ഞതിൻ്റെ പിറ്റേ ദിവസം.
യുഡിഎഫോ കെപിസിസിയോ ഔദ്യോഗികമായി തീരുമാനിച്ചുണ്ടാക്കിയ സംവിധാനമായിരുന്നു ഇതെങ്കിൽ അക്കാര്യം ഔദ്യോഗികമായി അവർ പ്രഖ്യാപിക്കുമായിരുന്നു. എല്ലാ പത്രങ്ങളിലും ചാനലുകളിലും വാർത്തയും വന്നേനെ. ഇതിപ്പോ മനോരമയുടെ എക്സ്ക്ലൂസീവാണ്. അവർക്കു മാത്രം കിട്ടിയ വിവരം. ഒരുപക്ഷേ, ഷാഡോ മുഖ്യമന്ത്രിയായി വകുപ്പു വിഭജനവും നടത്തി മന്ത്രിമാരെയും നിയമിച്ച് ഒരു ഷാഡോ കാബിനറ്റിനെ നയിക്കുന്ന വിവരം കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ അറിയുന്നത് മനോരമ വായിച്ചിട്ടായിരിക്കും.
പാവം സുധാകരൻ!
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News