എന്താണ് ഇഡിയും കിഫ്ബിയും തമ്മിലുള്ള തർക്കം? വിശദമായ പോസ്റ്റ് പങ്കുവെച്ച് ഡോ. തോമസ് ഐസക്

ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ വിവരം പങ്കുവെച്ച് ഡോ. തോമസ് ഐസക്.തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ കിഫ്ബി അന്വേഷണത്തിൽ തന്നെ ഉടൻ ചോദ്യം ചെയ്യാൻ അനുവദിക്കണം എന്ന ഇഡിയുടെ ആവശ്യം കോടതി ഡിസ്മിസ് ചെയ്തുവെന്നും പിന്നീട് ഡൽഹിയിൽ നിന്നുള്ള വക്കീൽ നേരിട്ട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസ്മിസൽ ഡിസ്പോസ് ആക്കിഎന്നും തോമസ് ഐസക് വ്യക്തമാക്കി.

ഇഡിയും കിഫ്ബിയും തമ്മിലുള്ള തർക്കം എന്താണ് എന്നതും വിശദമായി തോമസ് ഐസക് പറഞ്ഞിട്ടുണ്ട്. ഇഡിയുടെ അപ്പീലിൽ വാദം കേട്ട് കോടതി തളളിയ സാഹചര്യത്തിൽ സിംഗിൾ ബഞ്ചിൽ താൻ സമർപ്പിച്ച അപ്പീൽ വാദം കേട്ട് മെറിറ്റിൽ തീരുമാനിക്കാൻ പോവുകയാണെന്നും അതുവരെ കാത്തിരിക്കാമെന്നും പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് കനത്ത മഴ; ദുരന്ത നിവാരണ വിഭാഗവും റവന്യൂ വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്: മന്ത്രി കെ രാജൻ

ഡോ. തോമസ് ഐസക്കിന്റെ പോസ്റ്റ്

ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. അതുകൊണ്ട് കിഫ്ബി അന്വേഷണത്തിൽ എന്നെ ഉടൻ ചോദ്യം ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു ഇഡിയുടെ ആവശ്യം. സിംഗിൾ ബഞ്ച് ഞാൻ നൽകിയ ഇഡിയുടെ പുതിയ സമൻസിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒറിജിനൽ റിട്ട് പെറ്റീഷൻ മെറിറ്റിൽ തീരുമാനിക്കാൻ ദിവസം നിശ്ചയിച്ചിരിക്കുകയാണ്. അതിനിടയിൽ ഇത്തരത്തിൽ ഒരു ഇടപെടലിന്റെ അത്യാവശ്യമില്ലായെന്നു പറഞ്ഞ് കോടതി ഇഡിയുടെ അപ്പീൽ ഡിസ്മിസ് ചെയ്തു. പിന്നീട് ഡൽഹിയിൽ നിന്നുള്ള വക്കീൽ നേരിട്ട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസ്മിസൽ ഡിസ്പോസ് ആക്കി.
എന്താണ് ഇഡിയും കിഫ്ബിയും തമ്മിലുള്ള തർക്കം?
ഏതാണ്ട് രണ്ട് വർഷമായി വിദേശവിനിയമ ചട്ടലംഘനം (ഫെമ നിയമം) കിഫ്ബി നടത്തിയിട്ടുണ്ടോയെന്നതു സംബന്ധിച്ച് ഇഡി അന്വേഷണം നടത്തിവരികയാണ്. കിഫ്ബി ഉദ്യോഗസ്ഥരെ വളരെ നിശിതവും വിശദവുമായ ചോദ്യം ചെയ്യൽ നടത്തിയിട്ടും അങ്ങനെയൊന്ന് കണ്ടെത്താനായില്ല. അങ്ങനെയാണ് എനിക്ക് സമൻസ് അയച്ചത്. കിഫ്ബി രൂപംകൊള്ളുന്നതിനു മുമ്പുള്ള എന്റെ കണക്കുകളും ബന്ധുക്കളുടെ കണക്കുകളും വിവരങ്ങളുമെല്ലാം സംബന്ധിച്ച 13 ഇനം രേഖകൾ ആവശ്യപ്പെട്ടുകൊണ്ടാണ് സമൻസ് വന്നത്. എന്തിനുവേണ്ടി എന്റെ സ്വകാര്യതയിലേക്കു കടന്ന് ഇത്തരം വിവരങ്ങൾ ശേഖരിക്കണമെന്ന ചോദ്യമാണ് ഞാൻ ഉന്നയിച്ചത്. കൃത്യമായ ഒരു നിയമലംഘനം ചൂണ്ടിക്കാണിക്കാനില്ലാതെ കാടുംപടർപ്പും തല്ലിയുള്ള ഇത്തരമൊരു അന്വേഷണം എന്റെ പൗരാവകാശത്തിന്മേലുള്ള ലംഘനമാണെന്നാണ് എന്റെ വാദം. വാദം കേട്ട കോടതി സ്റ്റേ അനുവദിച്ചു.
കഴിഞ്ഞ ഏതാണ്ട് ഒരു വർഷമായി പലവട്ടം കോടതിയിൽ കേസ് വന്നിട്ടും എന്താണ് ഞാൻ നടത്തിയ നിയമലംഘനമെന്നു പറയാൻ ഇഡിക്ക് കഴിഞ്ഞില്ല. മസാലബോണ്ട് പോലെ വിദേശത്തു നിന്നും പണം സമാഹരിക്കുന്ന ബോണ്ടുകളുടെ അനുമതി നൽകുകയും മേൽനോട്ടം നടത്തുകയും ചെയ്യുന്ന റിസർവ്വ് ബാങ്കിനെ കോടതി കക്ഷിയാക്കി. റിസർവ്വ് ബാങ്ക് ഏതാനും മാസമെടുത്തെങ്കിലും കോടതിയിൽ അഫിഡവിറ്റ് നൽകി. അതുപ്രകാരം ബോണ്ട് ഇറക്കാനുള്ള എല്ലാ നിയമാനുസൃത ചട്ടങ്ങളും കിഫ്ബി പാലിച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗം സംബന്ധിച്ച് നിയമപ്രകാരമുള്ള സ്റ്റേറ്റ്മെന്റ് എല്ലാമാസവും നൽകിയിട്ടുണ്ട്. ഇതിനപ്പുറം എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടോ ഇല്ലയോയെന്ന് അവർക്കു പറയാനാകില്ല. തുടർന്ന് അതുവരെ നൽകിയ സമൻസുകൾ മുഴുവൻ ഇഡിക്ക് പിൻവലിക്കേണ്ടി വന്നു. ഇഡിയുടെ നീക്കം നിയമപരമായിരുന്നില്ലായെന്നതു വ്യക്തമായി.
അതുകഴിഞ്ഞ് അടുത്ത സെറ്റ് സമൻസ് അയക്കാൻ തുടങ്ങി. ആദ്യ സമൻസിൽ 10-13 ഇനങ്ങളുടെ രേഖ ചോദിച്ചവർക്ക് വീണ്ടുവിചാരമുണ്ടായി. പുതിയ സമൻസിൽ ഇനങ്ങൾ മൂന്നായി ചുരുങ്ങി. ഒന്ന്, എന്റെ ഐഡി പ്രൂഫ്. രണ്ട്, മസാലബോണ്ട് ഇറക്കിയതിൽ എന്റെ പങ്ക് എന്താണ്? മൂന്ന് മസാലബോണ്ട് ഫണ്ട് എന്തിനൊക്കെ വിനിയോഗിച്ചു?
ഇതിനെതിരെ ഞാൻ വീണ്ടും കോടതിയിൽ പോയി. എന്താണോ ചെയ്യാൻ പാടില്ലായെന്നു കോടതി പറഞ്ഞത് അതു തന്നെ ഇഡി ആവർത്തിക്കുകയായിരുന്നുവെന്നായിരുന്നു എന്റെ വാദം. എന്ത് കുറ്റമാണ് അന്വേഷിക്കുന്നത് എന്നതു സംബന്ധിച്ച് സീൽ ചെയ്ത കവറിൽ കോടതിക്ക് ഇഡി സ്റ്റേറ്റ്മെന്റ് നൽകി. ഇതിന്റെ ഉള്ളടക്കം നമുക്ക് അറിവില്ലെങ്കിലും മാധ്യമങ്ങളിൽ വന്ന പ്രകാരം മസാലബോണ്ടിന്റെ ഫണ്ട് നിക്ഷേപിക്കാൻ പാടില്ലാത്ത റിയൽ എസ്റ്റേറ്റ് ബിസിനസിന് ഉപയോഗപ്പെടുത്തി എന്നതാണ് കുറ്റം. റോഡുകൾക്കും പ്രൊജക്ടുകൾക്കുവേണ്ടി ഭൂമി അക്വയർ ചെയ്യുമല്ലോ. ഒരുപക്ഷേ അതായിരിക്കും ഇഡി കണ്ടെത്തിയ ഭീകര കുറ്റം. എന്തൊരു അസംബന്ധമാണിത്?
എന്റെ വാദം കുറച്ചുകൂടി ലളിതമാണ്. ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള ഒരു തീരുമാനവും എടുക്കുന്നത് കിഫ്ബിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയോ ഗവേണിംഗ് ബോഡിയോ അല്ല. അത്തരമുള്ള ഇടപെടലുകൾ അനധികൃതമാണ്. പ്രൊജക്ടുകൾക്ക് അംഗീകാരം നൽകിക്കഴിഞ്ഞാൽ അവ ടെണ്ടർ വിളിക്കുന്നതും നിശ്ചയിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും പൂർത്തിയാകുന്ന മുറയ്ക്ക് പണം നൽകുന്നതും ഉദ്യോഗസ്ഥരാണ്. അവർക്ക് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന ഓഡിറ്റ് റിപ്പോർട്ടുകളാണ് കിഫ്ബിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയും ഗവേണിംഗ് ബോഡിയും പരിഗണിക്കുക. അപ്പോൾ ഇതു സംബന്ധിച്ച് എന്നോട് എന്ത് ചോദിക്കാൻ?
ഇതിനിടയ്ക്ക് സുപ്രധാനമായ മറ്റൊരു സംഭവവികാസംകൂടി ഉണ്ടായി. കിഫ്ബിയുടെ സിഇഒ ഡോ. കെ.എം. എബ്രഹാം കോടതിയിൽ ഒരു അഫിഡവിറ്റ് നൽകി. ഫണ്ട് വിനിയോഗം സംബന്ധിച്ച് പൂർണ്ണ ഉത്തരവാദിത്വം സിഇഒ എന്ന നിലയിൽ തനിക്കാണെന്ന് അദ്ദേഹം പറഞ്ഞു. മറിച്ചുള്ള ഇടപെടലുകൾ ഉണ്ടായിയെന്ന ദുസൂചനകൾ കിഫ്ബിയുടെ പ്രൊഫഷണൽ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതാണ്. ഇതുകൂടിയാകുമ്പോൾ എന്നെ ചോദ്യം ചെയ്യുന്നത് കൂടുതൽ അപ്രസക്തമാവുകയാണ്.
ഇതൊക്കെ ഉണ്ടായിട്ടും ഇലക്ഷൻ പ്രചരണത്തിനിടയിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ സമൻസ് നൽകുകയായിരുന്നു ഇഡി. തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർത്ഥിയെ ശല്യം ചെയ്യുന്നത് ശരിയല്ലായെന്ന കമന്റോടെ സിംഗിൾ ബെഞ്ച് കേസ് മെയ് 22-ന് പരിഗണിക്കാമെന്ന് ഉത്തരവിട്ടു. അതിനെതിരെയാണ് ഇഡി ഡിവിഷൻ ബഞ്ചിൽ പോയത്. അവിടെയും കൊടുത്തു സീലു വെച്ച കവർ. എന്തുചെയ്യാം. അടിയന്തര സ്വഭാവം ഡിവിഷൻ ബെഞ്ചിനും ബോധ്യമായില്ല. ഇഡിയുടെ അപ്പീലിൽ വാദം കേൾക്കാൻ ഇന്നേയ്ക്കു മാറ്റിവച്ചു. തെരഞ്ഞടുപ്പ് കാലത്ത് എന്നെ വിളിപ്പിക്കരുതെന്ന സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാനും വിസമ്മതിച്ചു. ഡിവിഷൻ ബഞ്ച് കേസ് തള്ളിയിരുന്നെങ്കിൽ ഉറപ്പാണ് ഇഡി സുപ്രിംകോടതിയിൽ പോയേനെ. ഇതിൽപ്പരം ഒരു തിരിച്ചടി ഇഡിക്ക് ലഭിക്കാനുണ്ടോ?
ഇഡിയുടെ ഈ അപ്പീലാണ് വാദം കേട്ട് കോടതി തളളിയിരിക്കുന്നത്. ഇനി സിംഗിൾ ബഞ്ചിൽ ഞാൻ സമർപ്പിച്ച അപ്പീൽ വാദം കേട്ട് മെറിറ്റിൽ തീരുമാനിക്കാൻ പോവുകയാണ്. അതുവരെ കാത്തിരിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News