അഭിമന്യുവിന്റെ കൊലപാതകം ആൽബിയെ ആകെ ഉലച്ചുകളഞ്ഞു; കൂട്ടുകാരന്റെ ഓർമകളിൽ ഡോ. തോമസ് ഐസക്

മഹാരാജാസിലെ കൂട്ടുകാരനും സഖാവുമായ ആൽബി അഗസ്റ്റിന്റെ വിയോഗത്തിൽ ഹൃദയഭേരിതമായ കുറിപ്പുമായി ഡോ. തോമസ് ഐസക്ക്. തോമസ് ഐസക്ക് പങ്കുവെച്ച ഫേസ്ബുക്കിൽ പോസ്റ്റിൽ ആൽബിയെ കുറിച്ചുള്ള കോളേജ് ഓർമകളും കുറിച്ചു.

യുസി കോളേജിൽ വെച്ച് എസ്എഫ്ഐ ആയ ആൽബി അഗസ്റ്റിൻ തങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ മഹാരാജാസിൽ ചേരുകയും മുഴുവൻ പേരുടെയും അംഗീകാരം നേടുകയും ചെയ്തു എന്നും തോമസ് ഐസക്ക് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ALSO READ: വി എം സുധീരൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങളോട് കോൺഗ്രസ് മറുപടി പറഞ്ഞേ മതിയാകൂ: കോൺഗ്രസിനെ വിമർശിച്ച് എം ബി രാജേഷ്
ആൽബിയുടെ  മുറിയിലെ അന്തേവാസിയായിരുന്നു താനെന്നും ഐസക് പറഞ്ഞു. തന്നെതേടിവന്ന കൊലയാളികൾ ലക്ഷദ്വീപ് സ്വദേശി മുത്തുക്കോയയെ ആളുമാറി വധിക്കുകയും ഇതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ആൽബിയെക്കുറിച്ചുള്ള ഏറ്റവും ആവേശകരമായ ഓർമ്മ എന്നും ഐസക് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.കോളേജിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ ആൽബിയുടെ ഇടപെടലും ഐസക് ഓർത്തെടുത്തു. ഗ്യാലറിക്കു നടുവിലെ കോർട്ടിൽ വച്ച് ആൽബി ഗുണ്ടയെ കടന്നാക്രമിച്ച കാര്യവും ഐസക് വ്യക്തമാക്കി അഭിമന്യുവിന്റെ മരണത്തിനുശേഷമാണ് താൻ അവസാനമായി ആൽബിയെ കാണുന്നത് എന്നും ഐസക് കുറിച്ചു.ആവേശകരമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ ആവാഹിക്കുന്ന സ. ആൽബിക്ക് ആദരാഞ്ജലികൾ എന്നാണ് ഐസക് തന്റെ പോസ്റ്റിൽ വ്യക്തമാക്കിയത്.

ALSO READ: ‘മാനവീകതയും ജനാധിപത്യവും സമത്വവും പുലരുന്നതാകട്ടെ പുതിയ വർഷം’: പുതുവത്സരാശംസകൾ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്

ആൽബി അഗസ്റ്റിൻ യുസി കോളേജിൽ പ്രീ-ഡിഗ്രിക്കു പഠിക്കുകയായിരുന്നു. തികച്ചും യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള അയാൾ അവിടെവച്ച് എസ്എഫ്ഐ ആയി. പിന്നെ, യു.സി കോളേജിലെ പഠിത്തവും ഒരു വർഷവും കളഞ്ഞ് ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ മഹാരാജാസിൽ ചേർന്നു.
പ്രീ-ഡിഗ്രിക്കാരനെങ്കിലും മുഴുവൻ പേരുടെയും അംഗീകാരം നേടി. മഹാരാജാസ് പിടിക്കാൻ വളരെ ആസൂത്രിതമായ പ്രവർത്തനങ്ങളുടെ കാലമായിരുന്നു അത്. കോളേജിലെ മുഴുവൻ വിവിധങ്ങളായ സൗഹൃദഗ്രൂപ്പുകളെ ഞങ്ങൾ ലിസ്റ്റ് ചെയ്തു. അവരുമായി ഇടപഴകുന്നതിനും സ്വാധീനിക്കുന്നതിനും ചുമതലക്കാരെ നിശ്ചയിച്ചു. ഇതെല്ലാം സംബന്ധിച്ച മുഴുവൻ കുറിപ്പുകളും കണക്കുകളും സൂക്ഷിച്ചിരുന്നത് ആൽബിയായിരുന്നു. 500 വോട്ട് ശരാശരി കിട്ടിക്കൊണ്ടിരുന്ന എസ്എഫ്ഐ 1973-74-ലെ തെരഞ്ഞെടുപ്പിൽ എസ്. രമേശൻ നയിച്ച പാനൽ ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ഏവരും അത്ഭുതംപൂണ്ടു.
ആൽബിയുടെ ന്യൂ ഹോസ്റ്റലിലെ താഴത്തെ നിലയിലെ മുറിയായിരുന്നു എസ്എഫ്ഐയുടെ ഓഫീസെന്നു പറയാം. ഞാനും പലപ്പോഴും അവിടുത്തെ ഒരു അന്തേവാസിയായിരുന്നു. എന്നെത്തേടിവന്ന കൊലയാളികൾ ലക്ഷദ്വീപ് സ്വദേശി മുത്തുക്കോയയെ ആളുമാറി വധിച്ചു. ഇതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് ആൽബിയെക്കുറിച്ചുള്ള ഏറ്റവും ആവേശകരമായ ഓർമ്മ.
മഹാരാജാസ് കോളേജിനുള്ളിൽ മട്ടാഞ്ചേരിയിൽ നിന്നുള്ള ഒരു ഗുണ്ടാസെറ്റ് നിരന്തരം നടത്തിയിരുന്ന ആക്രമണത്തെ പ്രതിരോധിക്കാൻ തീരുമാനിച്ചു. അതിനുള്ള കെണി കോളേജിനുള്ളിൽ ഒരുക്കി. പക്ഷെ, അത്തരമൊരു ഏറ്റുമുട്ടലിൽ ഞങ്ങളിൽ പലരും പ്രതികളാകും എന്ന് ഉറപ്പായതുകൊണ്ട് സ്വയം ദൗത്യം ഏറ്റെടുക്കാൻ മറ്റാരോടും ചർച്ച ചെയ്യാതെ ആൽബി തന്നെ തീരുമാനിച്ചു. എവിടെയെങ്കിലും ഒളിച്ചു നിന്നല്ല, പൊതുസ്ഥലത്തു വച്ച് പരസ്യമായി കടന്നാക്രമിക്കാനായിരുന്നു തീരുമാനിച്ചത്.
തോപ്പുംപടിയിലെ വലിയൊരു വോളിബോൾ ടൂർണമെന്റിലെ സംഘാടകരിൽ ഒരാളായിരുന്നു ഗുണ്ട. നിറഞ്ഞ ഗ്യാലറിക്കു നടുവിലെ കോർട്ടിൽ വച്ച് ആൽബി ഗുണ്ടയെ കടന്നാക്രമിച്ചു. ജനങ്ങൾക്ക് മുന്നിലൂടെ അയാൾ വിരണ്ടോടി. ആൽബിക്ക് പിന്തുടർന്ന് ഓടാൻ കഴിയുമായിരുന്നില്ല. കാരണം, പോളിയോ ബാധിച്ച് നടക്കുന്നതുതന്നെ സ്വാധീനക്കുറവോടെയാണ്. അതുകൊണ്ട് ഓടാതെ ഊരിയ കത്തിയുമായി നിന്ന ആൽബിയെ എതിർക്കാൻ ഒരാളും ധൈര്യപ്പെട്ടില്ല. പിന്നീട് പൊലീസ് വന്ന് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. പൊലീസുകാർ ആൽബിക്ക് ബിരിയാണി വാങ്ങിക്കൊടുത്തു. എന്തേ നീ അവനെ വീഴ്ത്തിയില്ലയെന്നതു മാത്രമായിരുന്നു പൊലീസിന്റെ പരാതി. അത്രയ്ക്കു പ്രസിദ്ധനായിരുന്നു ഗുണ്ട. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ആൽബിയെ ബോട്ടുവഴി പോർട്ടിലെ സഖാക്കളുടെ സഹായത്തോടെ രക്ഷിച്ചു ഞങ്ങൾ കൊണ്ടുപോയത് വേറൊരു നീണ്ട കഥയാണ്. അതായിരുന്നു അന്ന് ആൽബി.
അഭിമന്യുവിന്റെ മരണത്തിനുശേഷമാണ് ഞാൻ അവസാനമായി ആൽബിയെ കാണുന്നത്. അഭിമന്യുവിന്റെ കൊലപാതകം ആൽബിയെ ആകെ ഉലച്ചുകളഞ്ഞു. അല്ലെങ്കിൽ തന്നെ പാർക്കിൻസൺ അടക്കം ഒട്ടനവധി രോഗങ്ങളുടെ തടവറയിലായ ആൽബിയെ ഈ കൊലപാതകം വിഭ്രമിപ്പിച്ചു. പഴയ ഒട്ടേറെ കാര്യങ്ങൾ ചിലപ്പോൾ ഓർത്തുകാണും. ഇക്കാര്യം പാലയിൽ നിന്ന് വേണു വക്കീൽ വിളിച്ചുപറഞ്ഞാണ് ഏഴാച്ചേരിയിലെ ആൽബിയുടെ വീട് സന്ദർശിച്ചത്. അപ്പോൾ തന്നെ അനാരോഗ്യംമൂലം പ്രവർത്തനങ്ങളിൽനിന്നു പൂർണ്ണമായും ആൽബി പിൻവാങ്ങിക്കഴിഞ്ഞിരുന്നു.
വേണു വിളിച്ചു പറഞ്ഞാണ് മരണവിവരം അറിഞ്ഞത്. ചണ്ഡിഗഡിൽ മുൻനിശ്ചയിച്ച പാർട്ടി പരിപാടിയുള്ളതുകൊണ്ട് സംസ്കാരത്തിനു പോകാൻ കഴിയില്ല. ആവേശകരമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ ആവാഹിക്കുന്ന സ. ആൽബിക്ക് ആദരാഞ്ജലികൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News