തിരുവല്ലയിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവിന്റെ സംഘാടന ചുമതല വഹിച്ച മാർത്തോമാ കോളേജിലെ എൻഎസ്എസ്, എൻസിസി വിദ്യാർത്ഥികളെയും യൂണിയൻ ഭാരവാഹികളെയും പ്രശംസിച്ച് ഡോ.തോമസ് ഐസക്. ഇവരുടെ പ്രവർത്തനം വേറിട്ടൊരു അനുഭവമായിരുന്നു എന്നാണ് തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയത്.
ഉദ്ഘാടന സമ്മേളനം കഴിഞ്ഞപ്പോൾ വേദിയിലെ മുഴുവൻ കസേരകളും സോഫകളും നിമിഷനേരംകൊണ്ട് മാറ്റി സംഗീതപരിപാടിക്ക് വേദിയൊരുക്കിയത് തികച്ചും പ്രൊഫഷണലായിട്ടായിരുന്നുവെന്നും വളരെ കൃത്യനിഷ്ഠയോടെ വിദ്യാർത്ഥി വോളണ്ടിയർമാർ അവിടങ്ങളിൽ അവസാനം വരെ ഉണ്ടായിരുന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നും ഐസക് കുറിച്ചു`. മാർത്തോമാ കോളേജ് എന്തുകൊണ്ടും വേറിട്ടൊരു അനുഭവമായി എന്നാണ് ഐസക് പറഞ്ഞത്.
ALSO READ: ഫെബ്രുവരി 16ന് ഭാരത് ബന്ദ്; ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍
ഡോ.തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്
മൈഗ്രേഷൻ കോൺക്ലേവിന്റെ സംഘാടനത്തിന് ഒരു ഈവന്റ് മാനേജ്മെന്റ് ടീമും ഉണ്ടായിരുന്നില്ല. വോളണ്ടിയർമാർ ഏതാണ്ട് എല്ലാവരും മാർത്തോമാ കോളേജിലെ എൻഎസ്എസ്, എൻസിസി വിദ്യാർത്ഥികളും യൂണിയൻ ഭാരവാഹികളും ആയിരുന്നു. സത്യംപറയട്ടെ, ഇവരുടെ പ്രവർത്തനം വേറിട്ടൊരു അനുഭവമായിരുന്നു. എല്ലാ വേദികളിലേക്കുമുള്ള കസേരകളും മറ്റും സജ്ജീകരിക്കുക, സമ്മേളന വേദികളിൽ സഹായികളായി നിൽക്കുക, പ്രതിനിധികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക ഇങ്ങനെയുള്ളതെല്ലാം ഇവരാണ് ചെയ്തത്.
ആദ്യ ദിവസം ഉദ്ഘാടന സമ്മേളനം കഴിഞ്ഞപ്പോൾ വേദിയിലെ മുഴുവൻ കസേരകളും സോഫകളും നിമിഷനേരംകൊണ്ട് മാറ്റി സംഗീതപരിപാടിക്ക് വേദിയൊരുക്കിയത് തികച്ചും പ്രൊഫഷണലായിട്ടായിരുന്നു. രണ്ടാം ദിവസം ആഗോള സംഗമത്തിന്റെ വേദികളിൽ ചർച്ച അവസാനിച്ചത് ഏറെ വൈകിയാണ്. അമേരിക്കൻ, യൂറോപ്യൻ വേദികളിൽ പുലർച്ചെ രണ്ടും മൂന്നും മണിയായി. വളരെ കൃത്യനിഷ്ഠയോടെ വിദ്യാർത്ഥി വോളണ്ടിയർമാർ അവിടങ്ങളിൽ അവസാനം വരെ ഉണ്ടായിരുന്നത് എന്നെ അത്ഭുതപ്പെടുത്തി. മാർത്തോമാ കോളേജിലെ എല്ലാ സജ്ജീകരണങ്ങളും അവരാണു ചെയ്തത്. ആര് ചോദിച്ചാലും 12 വേദികളിൽ അവർ പോകേണ്ട ഇടംവരെ അനുഗമിക്കുകയായിരുന്നു രീതി. ഹോസ്റ്റലിലെ കുട്ടികൾ എല്ലാവരും ഒഴിവുദിനത്തിലും കാമ്പസിൽ ഉണ്ടായിരുന്നു.
പുറത്തുനിന്നും വന്ന ഒരാൾ കരുതുക മാർത്തോമാ കോളേജിന്റെ പരിപാടി അവിടെ നടക്കുന്നൂവെന്നാണ്. അത്രയ്ക്ക് അർപ്പണബോധത്തോടെയാണ് വിദ്യാർത്ഥികൾ മാത്രമല്ല, അധ്യാപകരും പ്രത്യേകിച്ച് എൻസിസിയുടെ ചാർജ്ജുള്ള സീനിയർ അണ്ടർ ഓഫീസർ എസ്. ശ്രുതി, എൻഎസ്എസിന്റെ ചാർജ്ജുള്ള വോളണ്ടിയർ സെക്രട്ടറി ജയശങ്കർ, മുൻ വോളണ്ടിയർ സെക്രട്ടറി സ്വാമിനാഥനും പ്രവർത്തിച്ചത്. പ്രിൻസിപ്പൽ ഡോ. മാത്യു റ്റി വർക്കി ആകട്ടെ കോൺക്ലേവിനായി സമീപിച്ച ദിവസം തന്നെ ഏറ്റവും തുറന്ന മനസോടെയാണു ഞങ്ങളോട് സഹകരിച്ചത്. കോളേജിലെ സെമിനാറിന്റെ ഉദ്ഘാടനത്തിലും സമാപനത്തിലും അദ്ദേഹം സന്നിഹിതനായിരുന്നു. അനധ്യാപക ജീവനക്കാരുടെ സഹകരണവും എടുത്തുപറയേണ്ടതാണ്.
സമാപന സമ്മേളനം ഏതാണ്ട് രണ്ടര മണിയോടെയാണ് അവസാനിച്ചത്. ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ എടുത്ത ഗ്രൂപ്പ് ഫോട്ടോയാണ് ആദ്യമായി കൊടുത്തിട്ടുള്ളത്. ഞായറാഴ്ചയായിട്ടും വിദ്യാർത്ഥി വോളണ്ടിയർമാരിൽ ഭൂരിപക്ഷവും അവിടെ ഉണ്ടായിരുന്നു. നാല് മണിക്ക് ഞാൻ കാമ്പസ് വിടുമ്പോൾ വിദ്യാർത്ഥി വോളണ്ടിയമാർ കാമ്പസിലെ ചിലയിടങ്ങളിൽ കിടന്നിരുന്ന വെള്ളക്കുപ്പികളും കടലാസുകളുമെല്ലാം പെറുക്കി മാറ്റുകയായിരുന്നു.
കേരള പഠന കോൺഗ്രസിന്റെ എല്ലാ സെമിനാറുകളും കോളേജുകളിലും സ്കൂളുകളിലുമാണ് സംഘടിപ്പിക്കുന്നത്. പുറത്തുനിന്നും ചെല്ലുന്നവരാണ് സജ്ജീകരണങ്ങൾ ചെയ്യുകയും വോളണ്ടിയർമാരായി പ്രവർത്തിക്കുകയും ചെയ്യുന്നത്. മാർത്തോമാ കോളേജ് എന്തുകൊണ്ടും വേറിട്ടൊരു അനുഭവമായി.