പാരിപ്പള്ളി രവീന്ദ്രനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ഡോ. തോമസ് ഐസക്. പാരിപ്പള്ളി രവീന്ദ്രന്റെ സഹോദരിയുടെയും തോമസ് ഐസക്കിന്റെ സഹോദരൻ ആന്റണിയുടെയും വിവാഹത്തിന്റെ ഓർമ്മകൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് . കുറിപ്പിനൊപ്പം പങ്കുവെച്ച ചിത്രത്തിൽ ഇവർക്കൊപ്പം വി എസ് അച്യുതാനന്ദനുമുണ്ട്.
ALSO READ: ‘ഇതുവരെ മാധ്യമ ശ്രദ്ധ കിട്ടാതിരുന്ന ആള്‍ക്ക് ഇപ്പോള്‍ കിട്ടിയതെന്തുകൊണ്ട് ?’ ; മനുതോമസിനെക്കുറിച്ചുള്ള വാര്‍ത്തകളിലെ പൊള്ളത്തരം പൊളിച്ചടുക്കി പി ജയരാജന്‍
രവീന്ദ്രനുമായി തനിക്കുണ്ടായിരുന്ന ബന്ധം എസ്എഫ്ഐ പ്രവർത്തകരെന്ന നിലയിലാണ്. അടിയന്തരാവസ്ഥക്കാലത്ത് രവീന്ദ്രനെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കൂടാതെ ലോക്കപ്പിൽ അദ്ദേഹം നേരിട്ട മർദ്ദനവും പോസ്റ്റിൽ തോമസ് ഐസക് പങ്കുവെച്ചു.ഏതാനും വർഷം തങ്ങൾ ഒരുമിച്ച് സംസ്ഥാന കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു
സ്കൂളുകളിലേക്കുള്ള കൊല്ലത്തെ എസ്എഫ്ഐയുടെ വ്യാപനത്തിൽ ശ്രദ്ധേയമായൊരു പങ്ക് രവീന്ദ്രന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുദ്രാവാക്യം വിളിയും പ്രസംഗവും കുട്ടികളെ ആകർഷിച്ചിരുന്നു.പ്രഗത്ഭനായ അഭിഭാഷകൻ ആയിരുന്നുവെന്നും ഒട്ടേറെ കോളീളക്കം സൃഷ്ടിച്ച ക്രിമിനൽ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നുവെന്നും ഐസക് പാരിപ്പള്ളി രവീന്ദ്രനെ കുറിച്ച് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
ALSO READ: തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി; ആളപായമില്ല
ഡോ. തോമസ് ഐസകിന്റെ പോസ്റ്റ്
സ. വിഎസിന്റെ വലതുവശത്ത് രണ്ടാമതായി പാരിപ്പള്ളി രവീന്ദ്രൻ. ആദ്യം ഞാൻ. ഇടതുവശത്ത് എന്റെ സഹോദരൻ ആന്റണി. രവീന്ദ്രന്റെ സഹോദരി ശ്രീകുമാരിയുമായുള്ള ആന്റണിയുടെ വിവാഹവേദിയിലേക്ക് ഞങ്ങൾ അന്നത്തെ പാർട്ടി സെക്രട്ടറി സ. വിഎസിനെ സ്വീകരിച്ചുകൊണ്ടുപോവുകയാണ്. സഖാവ് ആയിരുന്നു വധു-വരന്മാർക്ക് മാല എടുത്തുകൊടുത്തത്. ആന്റണിയും ശ്രീകുമാരിയും തിരുവനന്തപുരം ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായിരുന്നു.
രവീന്ദ്രനുമായി എനിക്കുണ്ടായിരുന്ന ബന്ധം എസ്എഫ്ഐ പ്രവർത്തകരെന്ന നിലയിലാണ്. അടിയന്തരാവസ്ഥക്കാലത്ത് രവീന്ദ്രനെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റു എസ്എഫ്ഐ പ്രവർത്തകരെത്തേടി റോന്ത് ചുറ്റിയ വണ്ടിയിലിട്ട് രവീന്ദ്രനെ ക്രൂരമായി മർദ്ദിച്ചു. സിഗരറ്റ്കൊണ്ട് ശരീരം പൊള്ളിച്ചു. രവീന്ദ്രന്റെ ട്രേഡ് മാർക്കായിരുന്ന നീണ്ടചുരുണ്ട മുടിയിൽ കുത്തിപ്പിടിച്ചായിരുന്നു മർദ്ദനം. പൊലീസ് മർദ്ദനത്തിന്റെ ഭീകരതമൂലം ദീർഘനാൾ ആശുപത്രി സെല്ലിൽ കഴിയേണ്ടി വന്നു. അങ്ങനെയാണ് പാരിപ്പള്ളി രവീന്ദ്രനെക്കുറിച്ച് കേൾക്കുന്നത്. ഒരുവർഷം കഴിഞ്ഞപ്പോൾ എസ്എഫ്ഐ കൊല്ലം ജില്ലാ പ്രസിഡന്റ് ആയിരുന്ന രവീന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗമായി. അങ്ങനെ ഏതാനും വർഷം ഞങ്ങൾ ഒരുമിച്ച് സംസ്ഥാന കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്.
സ. എം.എ. ബേബിയാണ് രവീന്ദ്രന്റെ ആകസ്മിക വിയോഗം ഫോൺ ചെയ്ത് എന്നെ അറിയിക്കുന്നത്. ദീർഘ ഇടവേളയ്ക്കുശേഷം 1972-73-ൽ എ. റസലുദ്ദീൻ യൂണിയൻ ചെയർമാനും എം.എ. ബേബി ആർട്സ് ക്ലബ്ബ് സെക്രട്ടറിയുമായി എസ്എഫ്ഐ കൊല്ലം എസ്എൻ കോളേജ് യൂണിയൻ വിജയിച്ചപ്പോൾ രവീന്ദ്രൻ പ്രീ-ഡിഗ്രി പ്രതിനിധിയായി യൂണിയനിൽ ഉണ്ടായിരുന്നു. സ്കൂളുകളിലേക്കുള്ള കൊല്ലത്തെ എസ്എഫ്ഐയുടെ വ്യാപനത്തിൽ ശ്രദ്ധേയമായൊരു പങ്ക് രവീന്ദ്രന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുദ്രാവാക്യം വിളിയും പ്രസംഗവും കുട്ടികളെ ആകർഷിച്ചിരുന്നു.
ബിരുദപഠനം കഴിഞ്ഞ് തിരുവനന്തപുരം ലോ കോളേജിൽ ചേർന്നു. കോളേജ് യൂണിയൻ ചെയർമാനായി. പഠിത്തം പൂർത്തിയാക്കി 1981-ൽ അഭിഭാഷകനായി എൻട്രോൾ ചെയ്തു. അഭിഭാഷക ജോലിയോടൊപ്പം രാഷ്ട്രീയപ്രവർത്തനത്തിലും സജീവമായി. പാർടി ഏരിയാ കമ്മിറ്റി അംഗമായിരുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് അംഗം, നടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന നേതാവായി. കേരള ബാർ കൗൺസിൽ അംഗവും ഏതാനും വർഷം ഓൾ ഇന്ത്യാ ബാർ കൗൺസിൽ അംഗവുമായി പ്രവർത്തിച്ചു.
പ്രഗത്ഭനായ അഭിഭാഷകൻ ആയിരുന്നു. ഒട്ടേറെ കോളീളക്കം സൃഷ്ടിച്ച ക്രിമിനൽ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് അപകട കേസിൽ വാദം നടക്കാനിരിക്കെയാണ് ഹൃദയാഘാതംമൂലം മരണമടഞ്ഞത്. ക്രിമിനോളജി ആൻഡ് പൊലീസ് സയൻസിൽ പിഎച്ച്ഡി ചെയ്യുകയായിരുന്നു. അതു പൂർത്തീകരിക്കും മുമ്പ് വിടവാങ്ങി.
അഭിഭാഷക മേഖലയിൽ വിപുലമായൊരു ശിഷ്യഗണവും സൗഹൃദവും വളർത്തിയെടുത്തു. കൊല്ലത്തുള്ള രവീന്ദ്രന്റെ വസതിയിലേക്ക് അന്തിമോപചാരം അർപ്പിക്കുന്നതിന് നാട്ടുകാരുടെയും കേരളത്തിലെമ്പാടുമുള്ള അഭിഭാഷക സുഹൃത്തുക്കളുടെയും അണമുറിയാത്തനിരയുണ്ടായിരുന്നു. ഭാര്യ ഡോ. ഗീതയുടെയും മകൻ വിനീതിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.