ബിജെപിയെ വെള്ള പൂശുന്ന വി ഡി സതീശൻ; വിമർശനവുമായി തോമസ് ഐസക്

കേരളത്തിന്റെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരിന്റെ കുത്തിത്തിരിപ്പാണെന്ന് വ്യക്തമാക്കി ഡോ. തോമസ് ഐസക്. ഇതു മറച്ചുവയ്ക്കാൻ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിന്നതെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്റെ അടിയന്തിരപ്രമേയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രചാരണം നൽകിയിട്ടുള്ളത് ബിജെപിയുടെ സോഷ്യൽ മീഡിയയാണെന്നും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കേരളത്തോടു വിവേചനമില്ലെന്നും ഏറ്റവും ഉയർന്ന റവന്യു കമ്മി ഗ്രാന്റ് കേരളത്തിനാണു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞ കാര്യമാണെന്നും ഐസക് പറഞ്ഞു . വി ഡി സതീശൻ ഉത്തരം പറയേണ്ടുന്ന ചോദ്യങ്ങളും തോമസ് ഐസക് കുറിച്ചു.

ALSO READ:സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ക്കൂടി സൗജന്യ ഇന്റര്‍നെറ്റ്

തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിന്റെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരിന്റെ കുത്തിത്തിരിപ്പാണ്. ഇതു മറച്ചുവയ്ക്കാൻ കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്റെ അടിയന്തിരപ്രമേയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രചാരണം നൽകിയിട്ടുള്ളത് ബിജെപിയുടെ സോഷ്യൽ മീഡിയയാണ്. അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കേരളത്തോടു വിവേചനമില്ലെന്നും ഏറ്റവും ഉയർന്ന റവന്യു കമ്മി ഗ്രാന്റ് കേരളത്തിനാണു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞ കാര്യമാണ്.
കേരളത്തിന് 53,000 കോടി രൂപ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് കിട്ടി. ഇതു മറ്റെല്ലാ സംസ്ഥാനങ്ങളേക്കാൾ ഉയർന്നതാണ്. നികുതി വിഹിതം പോലെ ഇതും കേന്ദ്ര സർക്കാരിന്റെ എന്തെങ്കിലും ഔദാര്യമല്ല. ഫിനാൻസ് കമ്മീഷന്റെ തീർപ്പാണ്. കേന്ദ്ര സർക്കാരിന്റെ നിലപാട് ഇത്തരത്തിൽ സംസ്ഥാനങ്ങൾക്കൊന്നിനും റവന്യു കമ്മി നികത്താൻ പ്രത്യേക ഗ്രാന്റ് നൽകേണ്ടതില്ലായെന്നാണ്. 15-ാം ഫിനാൻസ് കമ്മീഷനു നൽകിയ പരിഗണനാ വിഷയങ്ങളിൽ ഏറ്റവും പ്രതിഷേധമുണ്ടാക്കിയ വിഷയം ഇതു സംബന്ധിച്ചായിരുന്നു. ഇനി റവന്യു ഡെഫിസിറ്റ് ഗ്രാന്റ് തുടരേണ്ടതുണ്ടോയെന്നു പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഫിനാൻസ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വാക്കുകൾ വായിക്കുന്ന ആർക്കും സന്ദേശം വളരെ വ്യക്തമായിരുന്നു. റവന്യു ഡെഫിസിറ്റ് ഗ്രാന്റ് തുടരേണ്ടതില്ല.
ഈ പരിഗണനാ വിഷയത്തിനെതിരെ പടനയിച്ചത് കേരള സർക്കാർ ആയിരുന്നു. 15-ാം ധനകാര്യ കമ്മീഷൻ 1971-ലെ ജനസംഖ്യയ്ക്കു പകരം 2011-ലെ ജനസംഖ്യ മാനദണ്ഡമായി സ്വീകരിച്ചതും വലിയ പ്രതിഷേധം ഉയർത്തിയ മറ്റൊരു വിഷയമായിരുന്നു. 15-ാം ധനകാര്യ കമ്മീഷനിലെ പരിഗണനാ വിഷയങ്ങളിൽ പ്രകടമായിരുന്ന ഫെഡറൽ വിരുദ്ധ ചിന്താഗതികൾക്കെതിരെ കേരള സർക്കാർ മുൻകൈയെടുത്ത് തിരുവനന്തപുരം, പുതുശേരി, വിജയവാഡ, ഡൽഹി എന്നിവിടങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. കോൺഗ്രസ് ധനമന്ത്രിമാരും ഈ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും കേന്ദ്രത്തിലെ കോൺഗ്രസ് നേതാക്കളുമായും പലവട്ടം സംസാരിച്ചിട്ടുണ്ട്. ഡൽഹിയിലെ സെമിനാർ ഉദ്ഘാടനം ചെയ്തത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആയിരുന്നു.
തമിഴ്നാട്ടിൽ ജനസംഖ്യാ മാനദണ്ഡത്തിൽ വരുത്തിയ മാറ്റം വലിയ രാഷ്ട്രീയ പ്രശ്നമായി. അങ്ങനെയാണ് ഒരു ഒത്തുതീർപ്പെന്ന നിലയിൽ റവന്യു കമ്മി നികത്താനുള്ള ഗ്രാന്റ് പുനസ്ഥാപിച്ചത്. കേരളത്തിന് 53,000 കോടി രൂപ അനുവദിച്ചെങ്കിലും അതിന്റെ പകുതി ആദ്യവർഷവും പിന്നീടുള്ള രണ്ട് വർഷങ്ങളിൽ കുത്തനെ കുറഞ്ഞ് നാലാം വർഷംകൊണ്ട് ഇല്ലാതാകുന്ന ശുപാർശയാണ് ഫിനാൻസ് കമ്മീഷൻ സമർപ്പിച്ചത്. അങ്ങനെ 2023-ൽ കേരളത്തിന് ഈ ഗ്രാന്റ് ലഭിക്കുന്നത് അവസാനിച്ചു. അപ്പോഴാണ് ശ്രീ. വി.ഡി. സതീശൻ മൂന്നുവർഷം മുമ്പു ലഭിച്ച ഗ്രാന്റിന്റെ കണക്കുമായി വരുന്നത്!
ശ്രീ. വി.ഡി. സതീശൻ ഉത്തരം പറയേണ്ടുന്ന ചോദ്യങ്ങൾ ഇവയാണ് – റവന്യു കമ്മി ഗ്രാന്റ് ഇപ്പോൾ കേരളത്തിനു ലഭിക്കുന്നുണ്ടോ? 2022-ൽ കേന്ദ്രത്തിൽ നിന്നും ലഭിച്ചതിനേക്കാൾ കുറഞ്ഞ സഹായമല്ലേ 2023-ൽ ലഭിച്ചത്? അതിനേക്കാൾ കുറവല്ലേ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്? സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് 5500 കോടി രൂപ കുടിശികയായി ലഭിക്കാനില്ലേ? ഇതെങ്കിലും വാങ്ങുന്നതിന് കേരള സർക്കാരിനോടൊപ്പം നിലപാട് എടുത്തുകൂടേ?
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News