അദാനി ഓഹരി കുംഭകോണം ഒരു നിർണ്ണായക വഴിത്തിരിവിൽ; പ്രധാനമന്ത്രി വായ തുറക്കാൻ തയ്യാറായിട്ടില്ല; തോമസ് ഐസക്

അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ഓഹരി മൂല്യത്തട്ടിപ്പിൽ പ്രതികരിച്ച് തോമസ് ഐസക്.അദാനി ഓഹരി കുംഭകോണം ഒരു നിർണ്ണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു എന്നാണ് തോമസ് ഐസക് പറഞ്ഞത്. അദാനി കമ്പനി മോദിയുടെ ചാമ്പ്യൻ ഇൻവെസ്റ്റർമാരിൽ ഒരാളാണെന്നും രാജ്യം ആഗോള സാമ്പത്തിക ശക്തിയാകണമെങ്കിൽ ആഗോള ഭീമന്മാർ ഇന്ത്യയിൽ ഉണ്ടാകണമെന്നതാണ് മോദിയുടെ വികസനകാഴ്ചപ്പാട് എന്നും തോമസ് ഐസക് പറഞ്ഞു. അതിലൊരു ഭീമന്റെ വെട്ടിപ്പുകളെക്കുറിച്ച് വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്നും എന്നാൽ ഇന്നുവരെ പാർലമെന്റിനകത്തോ പുറത്തോ വായ തുറക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല എന്നും ഐസക് വ്യക്തമാക്കി.ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദാനി വിഷയം അദ്ദേഹം വിശദീകരിച്ചത്.

ALSO READ:ഓണം വിപണിയിൽ നല്ല ഇടപെടൽ നടത്താൻ കഴിഞ്ഞു, നെല്ല് സംഭരണത്തിൽ കർഷകരെ സഹായിക്കുന്ന നിലപാട് ആണ് സർക്കാരിന്റേത്; മന്ത്രി ജി ആർ അനിൽ

തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

അദാനി ഓഹരി കുംഭകോണം ഒരു നിർണ്ണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടാണ് കോളീളക്കത്തിനു തുടക്കംകുറിച്ചത്. സുപ്രിംകോടതി നിർദ്ദേശപ്രകാരം സെബി ആരോപണങ്ങൾ പരിശോധിച്ച് ഇടക്കാല റിപ്പോർട്ട് നൽകി. പക്ഷേ, ഒരുകാര്യത്തിൽ മാത്രം പരിശോധന പൂർത്തിയായിട്ടില്ലായെന്നാണ് പത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നികുതി വെട്ടിപ്പ് കേന്ദ്രമായ മൗറീഷ്യസിൽ നിന്ന് അദാനി ഓഹരികളിൽവന്ന നിക്ഷേപത്തെക്കുറിച്ചുള്ള പരിശോധന പൂർത്തിയായിട്ടില്ല.
2014-ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ റൂട്ടു വഴിയുള്ള നിക്ഷേപത്തെക്കുറിച്ചു ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നതാണ്. എന്നാൽ മോദി അധികാരത്തിൽ വന്നതോടെ സെബി അതു സംബന്ധിച്ച പരിശോധനകൾ അവസാനിപ്പിച്ചു. ഹിൻഡൻബർഗ് വേണ്ടിവന്നു മൗറീഷ്യസ് വഴിയുള്ള നിക്ഷേപം വീണ്ടും പൊതുചർച്ചയ്ക്കു വിധേയമാക്കാൻ. ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി കമ്പനിയുടെ ഓഹരികളിൽ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന അസാധാരണമായ മൂല്യവർദ്ധനവിനു കാരണമായി നൽകിയ വിശദീകരണം ഇപ്രകാരമായിരുന്നു.
ഇന്ത്യയിലെ നിയമപ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ഒരു കമ്പനിയുടെ പ്രമോട്ടർമാർക്ക് 75 ശതമാനത്തിലധികം ഓഹരി ഉടമസ്ഥത പാടില്ല. 25 ശതമാനം ഓഹരിയെങ്കിലും സ്വതന്ത്രമായി സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിപണനത്തിനു വിധേയമാകണം. പ്രമോട്ടർമാർ കൃത്രിമമായി ഓഹരികളുടെമൂല്യം ഉയർത്തുന്നതു തടയാനാണിത്.
എന്നാൽ മൗറീഷ്യസ് റൂട്ടുവഴിയുള്ള നിക്ഷേപവും കണക്കിലെടുക്കുകയാണെങ്കിൽ അദാനി കമ്പനികളുടെ ഓഹരികളുടെ 85 ശതമാനത്തിലേറെ പ്രമോട്ടർമാരുടെ കൈകളിലാണ്. മൗറീഷ്യസിലും മറ്റുമുള്ള കമ്പനികൾ വഴി അദാനി തന്നെ അദാനിയുടെ ഷെയറുകൾ വാങ്ങുന്നു. ഓഹരികളുടെ വിലകൾ കുതിച്ചുയരുന്നു. ഉയർന്ന ഓഹരി വിലയുടെ അടിസ്ഥാനത്തിൽ ആഗോള വിപണിയിൽ നിന്നും വലിയ തോതിൽ വായ്പയെടുക്കുന്നു. തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ഏതാണ്ട് ഇതാണ് പ്രവർത്തനരീതി.
ഇപ്പോൾ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രൊജക്ട് (OCCRP) എന്ന മാധ്യമ കൂട്ടായ്മ ഇതു സംബന്ധിച്ച കൃത്യമായ തെളിവുകൾ പുറത്തുവിട്ടിരിക്കുന്നു. മൗറീഷ്യസിൽനിന്ന് അദാനി ഷെയറുകളിൽ നിക്ഷേപം നടത്തിയ തായ്്വാൻ സ്വദേശിയും യുഎഇ സ്വദേശിയും അദാനി ഗ്രൂപ്പുകളിലെ മുൻ ഡയറക്ടർമാരും അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ അടുപ്പക്കാരുമാണ്. ഇവർ മൗറീഷ്യസിലടക്കം പല കമ്പനികളും വിദേശത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പല പൊളളക്കമ്പനികൾ വഴി അദാനിയുടെ പണം തന്നെ പലവട്ടം മാറിമറിഞ്ഞ് മൗറീഷ്യസിലെ എമർജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ട്സ്, ഇ.എം. റിസർജന്റ് ഫണ്ട് എന്നിവടങ്ങളിൽ പണം അവസാനം എത്തി. ഈ കമ്പനികളാണ് അദാനി ഓഹരികളിൽ നിക്ഷേപം നടത്തിയത്. വിനോദ് അദാനിയുടെ കീഴിലുള്ള ഒരു ജീവനക്കാരന്റെ ദുബായിയിലെ കമ്പനിയാണ് നിക്ഷേപ ഉപദേശങ്ങൾ നൽകിയത്.
ഇത്രയും പണം അദാനിക്ക് എങ്ങനെ വിദേശത്ത് ഉണ്ടായി? കയറ്റുമതി അണ്ടർ ഇൻവോയ്സ് ചെയ്തും, ഇറക്കുമതി ഓവർ ഇൻവോയ്സ് ചെയ്തും മറ്റുമുണ്ടാക്കുന്ന കള്ളപ്പണം വിദേശത്താണു കോർപ്പറേറ്റുകൾ സൂക്ഷിക്കുക. അവ വെളുപ്പിച്ച് ഇന്ത്യയിൽ എത്തിക്കുന്നതിനുവേണ്ടിയിട്ടാണ് നികുതിയും കണക്കുകളുമൊന്നും ആവശ്യപ്പെടാത്ത മൗറീഷ്യസ് പോലുള്ള ഫിനാൻഷ്യൽ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ഇതു സംബന്ധിച്ചിട്ടുള്ള അദാനി കമ്പനികളുടെ പൂർണ്ണവിവരങ്ങൾ ലഭ്യമല്ല.
എന്നാൽ ഒരു കാര്യം ഇപ്പോൾ തിട്ടമായിട്ടുണ്ട്. മൗറീഷ്യസ് വഴിയുള്ള നിക്ഷേപം അദാനിയുടേതു തന്നെയാണ്. ഇതുകൂടി പരിഗണിച്ചാൽ 75 ശതമാനത്തിലധികം അദാനി കമ്പനികളുടെ ഓഹരികൾ പ്രമോട്ടർമാരുടെ കൈകളിൽ തന്നെയാണ്. അദാനി കമ്പനികളുടെ ഓഹരിമൂല്യ വർദ്ധനവ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്.
ഇതൊരു പഴങ്കഥയാണെന്നു പറഞ്ഞ് അദാനി ഒഴിഞ്ഞിരിക്കുകയാണ്. എന്നാൽ കൃത്യമായ തെളിവുകൾ എണ്ണി നിഷേധിച്ചിട്ടില്ല. ഇനി സെബ് എന്തു സുപ്രിംകോടതിയിൽ പറയുമെന്നു നോക്കാം. അതുപോലതന്നെ രാജ്യം ഉറ്റുനോക്കുന്ന ഒരു കാര്യം പ്രധാനമന്ത്രി മോദി എന്തുപറയുന്നൂവെന്നുള്ളതാണ്. അദാനി കമ്പനി മോദിയുടെ ചാമ്പ്യൻ ഇൻവെസ്റ്റർമാരിൽ ഒരാളാണ്. രാജ്യം ആഗോള സാമ്പത്തിക ശക്തിയാകണമെങ്കിൽ ആഗോള ഭീമന്മാർ ഇന്ത്യയിൽ ഉണ്ടാകണമെന്നതാണ് മോദിയുടെ വികസനകാഴ്ചപ്പാട്. അതിലൊരു ഭീമന്റെ വെട്ടിപ്പുകളെക്കുറിച്ച് വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. എന്നാൽ ഇന്നുവരെ പാർലമെന്റിനകത്തോ പുറത്തോ വായ തുറക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News