‘കെ സുധാകരന്റെ ഇടതും വലതും നിന്നവര്‍ ഇന്ന് ബിജെപിയിലാണ്’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കെ സുധാകരന്റെ ഇടതും വലതും നിന്നിരുന്നവര്‍ ഇന്ന് ബിജെപിയിലാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍. തൃശൂരിലെ പോരാട്ടം അതിനിര്‍ണ്ണായകമാണ്. തൃശൂര്‍ തളിക്കുളത്ത് വി എസ് സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂര്‍ 11 മാസമായി കത്തിക്കൊണ്ടിരുന്നിട്ടും തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി ഒരു നടന്റെ മകളുടെ വിവാഹത്തിന് തൃശൂരില്‍ വന്നു. ഏതെങ്കിലുമൊരു സംസ്ഥാനം കേരളത്തിന് പാഠം പകര്‍ന്നു കൊടുക്കുന്നുണ്ടെങ്കില്‍ അത് മണിപ്പൂരാണ്. മണിപ്പൂരില്‍ മൂന്ന് വംശങ്ങള്‍ സാഹോദര്യത്തോടെ കഴിഞ്ഞുവരുന്നതിനിടയിലാണ് ബിജെപി അധികാരത്തില്‍ എത്തിയത്. ബിജെപിക്ക് തനിച്ച് അധികാരം കിട്ടിയപ്പോള്‍ മണിപ്പൂരില്‍ അവര്‍ തനിനിറം കാണിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി തുറന്നടിച്ചു.

ALSO READ:വസ്തുക്കച്ചവടം നടത്താന്‍ 10 ലക്ഷം വാങ്ങി; ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളാതെ ശോഭ സുരേന്ദ്രന്‍

ഭരണകൂടം പിന്നില്‍ ഇല്ലാതെ ഒരു കലാപവും ഇന്ത്യയില്‍ 48 മണിക്കൂറില്‍ അധികം നീണ്ടുനില്‍ക്കില്ല. കേക്കുകളുമായി അരമനകളുടെ പടി നിരങ്ങുന്നവര്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കാനാണ് ലക്ഷ്യമിടുന്നത്. കേക്കിനൊപ്പം വിഷത്തുള്ളികളുമായി വരുന്ന കഴുകന്‍മാരെ തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ചിലര്‍ രസത്തിന് വോട്ടു ചെയ്തപ്പോഴാണ് നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപിയുടെ സഖ്യകക്ഷിയാകാം എന്നു പറഞ്ഞ് ചര്‍ച്ച നടത്തിയവര്‍ ആരാണെന്ന് കണ്ടെത്തണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ബിജെപിയെ ഭയന്ന് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷി തങ്ങളുടെ കൊടി താഴെ വെച്ചു. ഇന്ത്യയുടെ മതനിരപേക്ഷതയെ അട്ടിമറിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ മൗനം പാലിച്ചത് തന്ത്രം ആയിരുന്നോ എന്ന് വി ഡി സതീശന്‍ വ്യക്തമാക്കണം. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മൗനം പാലിച്ചത് കോണ്‍ഗ്രസിന്റെ തന്ത്രം ആയിരുന്നോ. ഇഹ്‌സാന്‍ ജഫ്രിയെ വര്‍ഗീയ വാദികള്‍ക്ക് കൊല്ലാന്‍ വിട്ടുകൊടുത്തത് തന്ത്രം ആയിരുന്നോ- അദ്ദേഹം ചോദിച്ചു.

ALSO READ:ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തൽ; യൂട്യൂബർ സൂരജ്‌ പാലാക്കാരനെക്കെതിരെ വനിതാ കമ്മീഷന്‌ പരാതി

പൗരത്വ ഭേദഗതി ബില്ലിനെതിരെ എഴുതാന്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ സ്ഥലം ഉണ്ടായിരുന്നില്ലെന്നാണ് പ്രകടന പത്രികയുടെ ചുമതലയുണ്ടായിരുന്ന പി ചിദംബരം പറഞ്ഞത്. പ്രകടന പത്രികയില്‍ സിഎഎ എന്ന മൂന്നക്ഷരം എഴുതിവെയ്ക്കാന്‍ സ്ഥമില്ലാതിരുന്നവര്‍ എങ്ങനെ ഇന്ത്യയെ സംരക്ഷിക്കും. ബില്‍ക്കിസ് ബാനുവിന് നീതി കിട്ടണം എന്ന് ആവശ്യപ്പെടാന്‍ ഒരു കോണ്‍ഗ്രസ് നേതാവും ഉണ്ടായിരുന്നില്ല ഇടത് നേതാവ് സുഭാഷിണി അലി ആയിരുന്നു ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഇപ്പോള്‍ നെഹ്‌റുവിന്റെ കസേരയില്‍ ഇരിക്കുന്നയാള്‍ പ്രധാനമന്ത്രിയാണോ പൂജാരിയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി അയോധ്യയില്‍ വീണ്ടും പൂജാരിയായി വേഷം കെട്ടി. ബിജെപിയുടെ രാമന്‍ മഹാത്മാ ഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച നാഥു രാമനാണ്. സിഎഎ കേന്ദ്ര സര്‍ക്കാരിന്റെ ട്രെയിലര്‍ മാത്രമാണ്. രാജ്യത്തിനു വേണ്ടി പോരാടിയവര്‍ പൗരത്വം തെളിയിക്കാന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവര്‍ക്കുമുന്നില്‍ രേഖകളുമായി ക്യൂ നില്‍ക്കണോ. തരം കിട്ടിയാല്‍ മറുകണ്ടം ചാടാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസുകാരാണ് രാഷ്ട്രീയ സദാചാരത്തെ കുറിച്ച് ഇടതുപക്ഷത്തിന് ക്ലാസ് എടുക്കുന്നത്. ഇടതുപക്ഷത്തിന്റെ സാന്നിധ്യത്തെ ബിജെപി ഭയക്കുന്നു. അതുകൊണ്ടാണ് കേരളത്തെ അവര്‍ വരിഞ്ഞു മുറുക്കുന്നത്- ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News