രാഹുല്‍ ഗാന്ധിയെ തളര്‍ത്താമെന്നു കരുതുന്നവര്‍ നിരാശപ്പെടേണ്ടി വരും; കെ സുധാകരന്‍

ഗുജറാത്തില്‍നിന്ന് രാഹുല്‍ ഗാന്ധിക്ക് നീതി ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും തളര്‍ത്താമെന്നു കരുതിയവര്‍ മൂഢസ്വര്‍ഗത്തിലാണെന്നും അവര്‍ നിരാശപ്പെടേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

Also Read: ‘ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്; സുപ്രീംകോടതിയെ സമീപിക്കും’; രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ അഭിഷേക് സിംഗ്‌വി

ഗുജറാത്തിലെ ജഡ്ജിമാര്‍ അവരുടെ പൂര്‍വാശ്രമം മറക്കാതെയാണ് വിധികള്‍ പ്രസ്താവിക്കുന്നത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള എഐസിസിയുടെ തീരുമാനം തികച്ചും ഉചിതമാണ്. അവിടെ നീതിയുടെ കവാടം തുറക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു.

മുന്‍ പ്രധാനന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിതും പിന്നീട് അവര്‍ ഫിനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവന്നതും രാജ്യം കണ്ടതാണ്. താത്ക്കാലിക തിരിച്ചടികളെ വിജയപടികളാക്കിയ ചരിത്രമാണ് ഗാന്ധി കുടുംബത്തിനുള്ളത്. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്തവരാണ് ഇന്നു രാജ്യം ഭരിക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യാമായാണ് മാനനഷ്ടക്കേസില്‍ ഒരാള്‍ക്ക് പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം വിധിച്ചത്. രാജ്യത്ത് വിവിധ കോടതികളില്‍ പത്തിലധികം കേസുകളാണ് രാഹുല്‍ ഗാന്ധിയുടെ പേരിലുള്ളത്. സംഘപരിവാര്‍ ശക്തികളാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബിജെപിക്ക് ശക്തമായ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ബിജെപി രാഷ്ട്രീയമായി നേരിടുന്നതിനു പകരം രാഷ്ട്രീയ വേട്ടയ്ക്ക് ഇറങ്ങിയത്. ചില പ്രതിപക്ഷ നേതാക്കളെ കേന്ദ്രഏജന്‍സിയെ ഉപയോഗിച്ചും വേട്ടയാടുന്നു. ഇതിലും വലിയ അഗ്‌നിപരീക്ഷണങ്ങളെ നേരിട്ട ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും അവയെ അനായാസം മറികടക്കുമെന്നും സുധാകരന്‍ പറഞ്ഞു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വര്‍ത്തമാന കാലത്ത് സ്നേഹത്തിന്റെ കട തുറന്ന അപൂര്‍വ വ്യക്തിത്വമാണ് രാഹുല്‍ ഗാന്ധി. കേരളം അദ്ദേഹത്തിന്റെ സ്വന്തം വീടും ഓരോ മലയാളി കുടുംബത്തിലും അദ്ദേഹം ഒരംഗം പോലെയുമാണ്. എല്ലാ പ്രതിസന്ധികളിലും കേരളം അദ്ദേഹത്തിന്റെ കൂടെയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News