പത്തനംതിട്ട തിരുവല്ലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം വഴിയരികിൽ ഉപേക്ഷിച്ച നാലംഗ സംഘത്തിലെ മൂന്നുപേർ പൊലീസിന്റെ പിടിയിലായി. തിരുവല്ല സ്വദേശികളായ രാഹുൽ, സുബിൻ, ദീപു മോൻ എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ മണ്ണുത്തി സ്വദേശി ശരത്തിനെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10ന് പായിപ്പാട്ടുനിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത്തിനെ കാർ തടഞ്ഞുനിറുത്തിയശേഷം നാലംഗസംഘം അതേകാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
രാത്രി മുഴുവൻ ശരത്തിനെ മർദ്ദിച്ച് അവശനാക്കിയശേഷം ഗുണ്ടാസംഘം കവിയൂർ മാകാട്ടി കവലയിൽ റോഡിൽ ഉപേക്ഷിച്ചു. മർദ്ദനമേറ്റ ശരത്തിന്റെ കാറും അടിച്ചുതകർത്തശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ച ശരത്ത് ചികിത്സയിൽ തുടരുകയാണ്. മാന്താനം സ്വദേശി സേതുവിന്റെ ഉടമസ്ഥതയിലുള്ള ജെ.സി.ബിയുടെ ഡ്രൈവറാണ് ശരത്.
ഗുണ്ടാസംഘത്തിന് സേതുവുമായി മുൻവൈരാഗ്യം ഉണ്ടായിരുന്നു. ശരത്ത്, സേതുവുമായി ഒത്തുചേർന്ന് സംഘത്തിനെതിരെ പ്രവർത്തിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാപ്പാക്കേസിലെ പ്രതികളായ കൊയിലാണ്ടി രാഹുലും സുബിൻ അലക്‌സാണ്ടറും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. രാഹുൽ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്, അടിപിടി, അക്രമം, വധശ്രമം ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണെന്ന് ഡിവൈ.എസ്.പി എസ് അഷാദ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here