ഓടുന്ന ട്രെയിനിന് തീ വെച്ചു; ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും ഒരു ബാഗും കണ്ടെത്തി

ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ തീ വെച്ച സംഭവത്തിൽ ബോഗിയിൽ നിന്ന് പുറത്തേക്ക് ചാടിയവരെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് കണ്ടെത്തി. ഒരു പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് കാണാതായ കണ്ണൂർ സ്വദേശിയായ യുവതിയും ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചത് കണ്ണൂർ മട്ടന്നൂർ സ്വദേശികളായ സഹ്‌റ , റഹ്മത്ത് , നൗഫീഖ്‌ എന്നിവരാണ്.

ട്രെയിനിന്റെ ഡി1 കോച്ചിൽ മൂന്ന് യാത്രക്കാർ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. ഉടൻ കോഴിക്കോട് റെയിൽവേ പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. പൊള്ളലേറ്റ അഞ്ചു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും നാലു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് യാത്രക്കാർക്കും പൊള്ളലേറ്റത്. തലശേരി നായനാർ റോഡ് സ്വദേശി അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂർ സ്വദേശി അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 9:30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിനിലെ ഡി2 കോച്ചില്‍ നിന്ന് ഡി 1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമി എത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു. എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ഒഴിച്ച ശേഷം പെട്ടന്ന് തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു.

അക്രമി എന്ന് സംശയിക്കുന്ന ചുവന്ന ടീ ഷർട്ട് ധരിച്ച ആൾ ആക്രമണത്തിന് ശേഷം അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. ട്രാക്കിൽ നിന്ന് അക്രമിയുടേത് എന്ന് സംശയിക്കുന്ന ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും നിർണ്ണായകമാകാനുള്ള സാധ്യതയുണ്ട്.

തീപിടിത്തത്തിൽ നിരവധിപ്പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റവരിൽ പ്രിൻസ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാൾ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് കുപ്പി പെട്രോളുമായി ചുവന്ന തൊപ്പിയും ഷർട്ടും ധരിച്ചു വന്നയാളാണ് അപ്രതീക്ഷിതമായി തീ കൊളുത്തിയതെന്നും യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയപ്പോൾ ഇയാൾ ഇറങ്ങി ഓടിയതായും ദൃക്സാക്ഷികൾ പറഞ്ഞു. അക്രമിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News