പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസികിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബയോഗ്യാസ് പ്ലാന്റിലേക്കുള്ള മാലിന്യം നിക്ഷേപിക്കുന്ന കിണറ്റിലാണ് പൂച്ച വീണത്. തുടർന്ന് പൂച്ചയെ പുറത്തെടുക്കുന്നതിനായി കുടുംബാംഗങ്ങളിലൊരാള്‍ ആദ്യം കിണറ്റിലേക്ക് ഇറങ്ങുകയും അയാളെ കാണാതായതോടെ ഓരോരുത്തരായി പിറകെ പോവുകയുമായിരുന്നു.
കിണറ്റിലേക്ക് ഇറങ്ങിയ ആറാമന്‍റെ നിലവിളി കേട്ടാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. ഇവർ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ എത്തിച്ചെങ്കിലും വിജയ് മാണിക് കാലെയെന്ന 35 കാരന്‍ മാത്രമാണ് സംഭവത്തിൽ രക്ഷപെട്ടത്. ഇയാള്‍ ഇപ്പോൾ ആശുപത്രിയില്‍ ചികില്‍സയിലാണ്. അഞ്ചുമണിക്കൂര്‍ നീണ്ട കഠിന പ്രയത്നത്തിലൊടുവിലാണ് മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനില്‍ കാലെ, അനില്‍ ബാപുറാവു കാലെ, ബഡാസാഹിബ് ഗെയ്ക്ക്വാദ് എന്നിവരുടെ ജഡം പുറത്തെടുത്തത്. വിഷവാതകം ശ്വസിച്ചതും മതിയായ മുന്‍കരുതലുകളില്ലാതെ കിണറ്റിലേക്ക് ഇറങ്ങിയതുമാണ് അഞ്ചുപേരുടെ മരണത്തിനിടയാക്കിയതെന്ന് സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here