ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് പുലർച്ചെ ഇസ്രയേല്‍ ആക്രമണം ; സംഭവത്തിൽ കൊല്ലപ്പെട്ടത് മൂന്ന് മാധ്യമപ്രവർത്തകർ

israeli strike journalists death

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തെക്കന്‍ ലെബനനിലെ ഹസ്ബയിലുള്ള മീഡിയാ ഗസ്റ്റ് ഹൗസിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു ആക്രമണമുണ്ടായത്. മീഡിയ ഗസ്റ്റ് ഹൗസില്‍ ഉറങ്ങി കിടക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകർ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി വിവിധ മാധ്യമസ്ഥാപനങ്ങള്‍ ഗസ്റ്റ് ഹൗസ് വാടകയ്ക്ക് എടുത്തിരുന്നു. ഗസ്റ്റ് ഹൗസുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും ആക്രമണത്തിൽ പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അന്താരാഷ്ട്ര ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

Also Read; ഇസ്രയേലിനെതിരെ ഇറാൻ വ്യോമാക്രമണത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്; ജാഗ്രതയിൽ ഇസ്രയേൽ

ബെയ്റുത്ത് കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന അറബിക് ചാനലായ ‘അല്‍ മായദീ’ന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരും ഹിസ്ബുള്ളയുടെ കീഴിലുള്ള അല്‍ മനാര്‍ ടിവിയുടെ ക്യാമറാമാന്‍ വിസാം ഖാസിമുമാണ് കൊല്ലപ്പെട്ടത്. ഏഴ് മാധ്യമസ്ഥാപനങ്ങളില്‍നിന്നുള്ള 18 പേരാണ് ഗസ്റ്റ് ഹൗസിലുണ്ടായിരുന്നത്.

Also Read; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ മഹായുതിയും മഹാവികാസ് അഘാഡിയും

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയുണ്ടായ ഇസ്രയേല്‍ ആക്രമണം യുദ്ധകുറ്റകൃത്യമാണെന്ന് ലെബനന്‍ ആരോപിച്ചു. സംഭവത്തിൽ യുഎന്‍ അപലപിച്ചു. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടില്ലെന്നും ഇസ്രയേല്‍ ബോധപൂര്‍വമാണ് ആക്രമിച്ചതെന്നും അല്‍ മായദീന്‍ ഡയറക്ടര്‍ ഖസ്സാന്‍ ബിന്‍ ജിദ്ദോ പറഞ്ഞു. ഒരുവര്‍ഷമായി തുടരുന്ന ഇസ്രയേല്‍ – ഹിസ്ബുള്ള സംഘര്‍ഷത്തില്‍ ആകെ 11 മാധ്യമപ്രവര്‍ത്തകരാണ് ലെബനനില്‍ മാത്രം മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News