പാര്‍ലമെന്റിലെ പുകയാക്രമണത്തില്‍ പ്രതിഷേധിച്ചതിന് പ്രതിപക്ഷ എംപിമാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. ലോക്‌സഭയില്‍ നിന്നും 33 എംപിമാരെയും, രാജ്യസഭയില്‍ നിന്ന് 45 അംഗങ്ങളെയും സസ്‌പെന്‍ഡ് ചെയ്തു. ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെ 11 പേര്‍ക്ക് 3 മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. തുടര്‍നടപടികള്‍ക്കായി എത്തിക്‌സ് കമ്മറ്റിക്ക് വിട്ടിട്ടുമുണ്ട്. അതേ സമയം പാര്‍ലമെന്റിലെത്തിയ അക്രമിക്ക് പാസ് നല്‍കിയ ബിജെപി അംഗം പ്രതാപ് സിംഹയ്ക്ക് എതിരെ ഇതുവരെ ഒരു നടപടി പോലും ഉണ്ടായിട്ടില്ല.
Also Read; ആന്ധ്രയില്‍ ജഗന്‍മോഹന്‍ ആശങ്കയിലാണ്, തെലങ്കാന ആവര്‍ത്തിക്കുമോ?
ലോക്‌സഭ പ്രതിപക്ഷ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അടക്കം 33 എംപിമാര്‍ക്കാണ് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്നത്. പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. ഇതോടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ആകെ 46 എംപിമാര്‍ സസ്‌പെന്‍ഷനിലായി. 13 പേരെ മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സഭയ്ക്കകത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി, സ്പീക്കറുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചു, കടുത്ത അച്ചടക്കലംഘനം നടത്തി തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാണ് ശൈത്യകാല സമ്മേളനം തീരും വരെ എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. രാജ്യസഭയിലും പ്രതിഷേധിച്ച എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നടപടി നേരിണ്ടി വന്നു. 34 എംപിമാര്‍ക്ക് ഈ കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍. അതേ സമയം സിപിഐഎം അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എഎ റഹിം, സിപിഐ അംഗങ്ങളായ ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ ഉള്‍പ്പെടെ 11 പേരെ 3 മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍നടപടിയ്ക്ക് എത്തിക്‌സ് കമ്മറ്റിയ്ക്ക് ശുപാര്‍ശ ചെയ്യുകയിും ചെയ്തിട്ടുണ്ട്.
Also Read; ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, ജോസ് കെ മാണി ഉൾപ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ഇതോടെ 92 പ്രതിപക്ഷ അംഗങ്ങള്‍ക്കാണ് ഇതുവരെ നടപടി നേരിടേണ്ടി വന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ അതിക്രമം നടത്തിയ അക്രമിക്ക് പാസ് നല്‍കിയ ബിജെപി അംഗം പ്രതാപ് സിംഹയ്ക്ക് എതിരെ ഒരു നടപടി പോലും കൈക്കൊണ്ടിട്ടില്ല. ഇതോടെ ശക്തമായ പ്രതിഷേധത്തിലേക്കാണ് പ്രതിപക്ഷം കടക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here