വീട്ടിനുള്ളില്‍ അതിക്രമിച്ചുകടന്ന് 20000 രൂപ വിലവരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ലോറിയില്‍ മോഷ്ടിച്ചുകടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പത്തനംതിട്ട നാരങ്ങാനം കണമുക്ക് സുധി ഭവനം വീട്ടില്‍ പൊടിയന്‍ ജോണിന്റെ മകന്‍ സുലൈമാന്‍ എന്ന് വിളിക്കുന്ന സുനില്‍ ടി (50), നാരങ്ങാനം മഠത്തുംപടി പുത്തന്‍വീട്ടില്‍ ശങ്കരന്റെ മകന്‍ മൊട്ടു എന്ന് വിളിക്കുന്ന രാമചന്ദ്രന്‍ (41), തടിയൂര്‍ കോളവ കുഴിക്കാല ലക്ഷംവീട് കോളനിയില്‍ തോമസ് രാജിന്റെ മകന്‍ ആമ എന്ന് വിളിപ്പേരുള്ള ബിജോയ് (48) എന്നിവരാണ് ആറന്മുള പോലീസിന്റെ പിടിയിലായത്. കുമ്പഴ പരുത്തിയാനിക്കല്‍ അനുഗ്രഹ വീട്ടില്‍ വാസുദേവന്റെ മകന്‍ അനുവിന്റെ ഭാര്യയുടെ നാരങ്ങാനം കണമുക്കിലുള്ള തമ്പുരാന്‍ കാലായില്‍ കുടുംബവീട്ടില്‍ ഇന്നലെ വൈകിട്ട് 6 മണിക്കാണ് മോഷണം നടന്നത്. ഇരുമ്പ്, ചെമ്പ്, ഓട് എന്നിവയില്‍ നിര്‍മിച്ച പാത്രങ്ങളും പമ്പ് സെറ്റുമാണ് മോഷ്ടിച്ച് കോന്നി പൂവന്‍ പാറയിലെ ആക്രിക്കടയില്‍ പ്രതികള്‍ വിറ്റത്. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവ അവിടെനിന്നും കണ്ടെടുത്തു.
Also Read: കഞ്ചാവുമായി ആസാം സ്വദേശി പിടിയില്‍
എസ് ഐ അലോഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാക്കളെ കുടുക്കിയത്. പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്റിനടുത്ത് മോഷ്ടാക്കള്‍ നില്‍ക്കുന്ന രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതികളുടെ പക്കല്‍ നിന്നും മോഷ്ടിച്ച വസ്തുക്കള്‍ വിറ്റുകിട്ടിയ തുകയില്‍ ചെലവഴിച്ചതിന്റെ ബാക്കി കണ്ടെടുത്തു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയനുസരിച്ചാണ് കോന്നി പൂവന്‍പാറയിലെ ആക്രിക്കടയില്‍ നിന്നും തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here