തൃശ്ശൂരിലെ എടിഎം കവർച്ച കേസിലെ പ്രതികളെ എടിഎം സെന്ററിൽ എത്തിച്ച് തെളിവെടുത്തു. ഷോർണൂർ റോഡിലെ എസ് ബി ഐ എടിഎമ്മിൽ എത്തിച്ചാണ് തെളിവെടുത്തത്. മോഷണത്തിൽ നേരിട്ട് പങ്കെടുത്ത നാലു പ്രതികളെയാണ് സ്ഥലത്തെത്തിച്ചത്.പ്രതികൾ മോഷണത്തിനായി ഉപയോഗിച്ച ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള ആയുധങ്ങൾ വിയ്യൂർ താണിക്കുടം പുഴയിൽ നിന്നും കണ്ടെടുത്തു.
തൃശ്ശൂർ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെയാണ് എടിഎം കവർച്ചാ കേസില 4 പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. എടിഎം മോഷണത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ ഷോർണൂർ റോഡിലെ എസ് ബി ഐ എടിഎം സെന്ററിലാണ് എത്തിച്ചത്. എങ്ങനെയാണ് എ ടി എമ്മിലേക്ക് എത്തിയതെന്നും എ ടി എം മെഷീൻ ലേസർ കട്ടർ ഉപയോഗിച്ച് തകർത്തതെങ്ങനെ എന്നും പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.
ALSO READ: എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; പ്രതികൾ മോഷണം നടത്തിയത് നാല് വർഷക്കാലയളവിൽ
ഇവിടത്തെ തെളിവെടുപ്പിന് ശേഷം മോഷ്ടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ച താണിക്കുടത്തേക്കും പ്രതികളെ എത്തിച്ചു. മോഷണശേഷം വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ താണിക്കുടം പുഴ പാലത്തിൽ കാർ നിർത്തി പ്രതികൾ ആയുധം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സിനെ എത്തിച്ചാണ് പുഴയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തത്. ഇക്കഴിഞ്ഞ 27ന് പുലർച്ചെയാണ് ഹരിയാനയിൽ നിന്നുള്ള ഏഴംഗ മോഷണ സംഘം തൃശ്ശൂരിലെത്തിയത്. ഇതിൽ അഞ്ചംഗ സംഘമാണ് മൂന്ന് എടിഎമ്മുകൾ തകർത്ത് 66 ലക്ഷം രൂപ കവർന്നത്. പുലർച്ചെ രണ്ടു മണി മുതൽ നാലു മണിക്കുള്ളിലാണ് മൂന്നു മോഷണവും നടത്തിയത്. മാപ്രാണം, തൃശൂർ ഷോർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് പ്രതികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് പണം കവർന്നത്. പ്രതികൾ മോഷണം നടത്തിയ മറ്റു രണ്ടു എടിഎമ്മുകളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here