കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് കണ്ടെത്തി നല്‍കാന്‍ ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയില്‍ നാല് പേര്‍ക്കു കൂടി ധനസഹായം. ജില്ലയിലെ വിവിധ കോളേജുകളില്‍ ബിരുദ പഠനം നടത്തുന്ന നാലു വിദ്യാര്‍ ത്ഥികൾക്കാണ് പഠനച്ചെലവുകള്‍ പൂര്‍ണമായും ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ മുന്‍കൈയെടുത്ത് ലഭ്യമാക്കിയത്.
കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് (ക്രെഡായ്) നാലു ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തുടര്‍ പഠനത്തിന് ആവശ്യമായ ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ആയുര്‍വേദ നഴ്‌സിംഗ്, ബികോം, ബിഎ എന്നീ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് ഫീസ് ഉള്‍പ്പെടെ ചെലവുകള്‍ക്ക് ആവശ്യമായ തുകയ്ക്കുള്ള ചെക്കുകള്‍ ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ക്രെഡായ് തൃശ്ശൂര്‍ സിറ്റി ചാപ്റ്റര്‍ പ്രസിഡന്റ് കെ രാജീവ്, എക്‌സിക്യൂട്ടീവ് അംഗം അബ്ദുള്‍ ലത്തീഫ്, ക്രെഡായ് കേരള ജനറല്‍ സെക്രട്ടറി ചെറിയാന്‍ ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു.
മികച്ച രീതിയില്‍ പഠനവുമായി മുമ്പോട്ടു പോവണമെന്നും ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കണമെന്നും ജില്ലാ കളക്ടര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ലഭിച്ച തുക തിരികെ നല്‍കേണ്ടതില്ലെന്നും എന്നാല്‍ ജോലിയൊക്കെ ലഭിച്ച് വരുമാനമുണ്ടാവുമ്പോള്‍ സമൂഹത്തിലെ ആവശ്യമുള്ളവരെ സഹായിക്കാന്‍ മനസ്സുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്രതീക്ഷിതമായി പഠനച്ചെലവിനുള്ള തുക കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ജില്ലാ കളക്ടറില്‍ നിന്ന് ചെക്കുകള്‍ സ്വീകരിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു. ജില്ലാ കളക്ടര്‍ക്കും തുക സ്‌പോണ്‍സര്‍ ചെയ്ത ക്രെഡായിക്കും നന്ദി പറഞ്ഞാണ് വിദ്യാർത്ഥികൾ മടങ്ങിയത്.
കൊവിഡ് ബാധിച്ച് മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ട ജില്ലയിലെ 609 കുട്ടികള്‍ക്കാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പഠനച്ചെലവുകള്‍ കണ്ടെത്തി നല്‍കുന്നത്. ഇതില്‍ 300ഓളം കുട്ടികള്‍ക്ക് സ്‌പോണ്‍സര്‍മാരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഇവരില്‍ നിന്ന് മുന്‍ഗണനാ ക്രമം നിശ്ചയിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ലഭ്യമാക്കുന്നത്. നേരത്തേ 13 കുട്ടികള്‍ക്കുള്ള പഠനച്ചെലവുകള്‍ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. മറ്റു കുട്ടികള്‍ക്ക് വരും ദിവസങ്ങളില്‍ സഹായം ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here