മികവിന്റെ കേന്ദ്രമായി മാറി തൃശൂര്‍ മെഡിക്കല്‍ കോളേജ്

മികവിന്റെ കേന്ദ്രമായി മാറി തൃശൂര്‍ മെഡിക്കല്‍ കോളേജ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 40 കോടിയുടെ പദ്ധതികള്‍ക്കാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തുടക്കമായത്. സമഗ്ര ആരോഗ്യ പരിരക്ഷയുടെ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സൗജന്യ ചികിത്സക്കായി സര്‍ക്കാര്‍ പണം മാറ്റിവയ്ക്കുന്നതെന്നും തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ 40 കോടിയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ജോലിതിരക്കിനിടയില്‍ കുഞ്ഞുങ്ങളെ നോക്കാനായി ഡേ കെയര്‍ ക്രഷുകള്‍ , ട്രോമ കെയര്‍ ആന്‍ഡ് ട്രയാജ് കെട്ടിടം തുടങ്ങി വികസനത്തിന്റെ 26 പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൃഷ്ടിച്ചത്. പുതിയ ട്രയാജ് സംവിധാനം വന്നതോടുകൂടി എല്ലാ പ്രധാന മെഡിക്കല്‍ വിഭാഗങ്ങളിലെയും ഡോക്ടര്‍മാര്‍ ഒരു ടീമായി അത്യാസന്ന നിലയിലുള്ള രോഗികളെ പരിചരിക്കും.

കൂടാതെ ലാബ്, എക്‌സ്‌റേ, സി ടി സ്‌കാന്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴില്‍ രോഗികള്‍ക്ക് ലഭ്യമാണ്. 2. 69 കോടി രൂപയുടെ നവീകരിച്ച പൊള്ളല്‍ ചികിത്സാ വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. 15 രോഗികള്‍ക്ക് ഒരേ സമയം ആധുനിക ചികിത്സ നല്‍കുന്നതിനുള്ള സംവിധാനം ഇവിടെയുണ്ട്. തീവ്ര പരിചരണ വിഭാഗം, വാര്‍ഡുകള്‍, ഓപറേഷന്‍ തീയേറ്റര്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തിലുള്ള 24പദ്ധതികളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൂടാതെ രണ്ട് പദ്ധതികളുടെ നിര്‍മാണോത്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബി ഷീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അലൂംനി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍, ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷ എം ദാസ്, മുന്‍സിപാലിറ്റി ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News