കനത്ത മഴയിൽ തൃശൂർ പെരിഞ്ഞനത്ത് വീടുകളിൽ വെള്ളം കയറി. ഇരുപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പെരിഞ്ഞനം ഗവൺമെൻ്റ് യുപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പും തുറന്നു. പത്തോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മാറി. ദേശീയ പാത നിർമ്മാണത്തിനിടെ തോടുകൾ മൂടിപ്പോയതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഇതുവരെ വെള്ളം കയറിയിട്ടില്ലാത്ത പ്രദേശങ്ങളിലാണ് ബുധനാഴ്ച സന്ധ്യയോടെ പെയ്ത മഴയിൽ വെള്ളം കയറിയത്. ദേശീയപാതയുടെ മൂന്നുപീടിക ബൈപാസ് കടന്നുപോകുന്ന പ്രദേശത്തുള്ളവരാണ് കൂടുതൽ കുടുംബങ്ങളും. കമ്യൂണിറ്റി ഹാൾ പരിസരം, പള്ളിയിൽ അമ്പലത്തിന് പടിഞ്ഞാറ് ഭാഗം, കൊറ്റംകുളം പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. രാത്രി ആയപ്പോഴേക്കും മഴ ശമിച്ചെങ്കിലും സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ പെരിഞ്ഞനം ഗവൺമെൻ്റ് യുപി സ്കൂളിൽ ക്യാമ്പ് തുറന്ന് മുപ്പതോളം പേരെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു.
പത്തോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വെള്ളം ഒഴുകി പോകുന്ന കാനകൾ മൂടി പോയതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് പറഞ്ഞു. വെള്ളക്കെട്ടിന് പരിഹാരം കാണാൻ ദേശീയ പാത അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. മഴ തുടർന്നാൽ ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതരും ജന പ്രതിനിധികളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here