തൃശ്ശൂർപൂരം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി; എക്സ്പ്ലോസീവ് നിയമത്തിൽ  കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിഞ്ഞുകൊത്തുന്നു

pooram
 ഉപതിരഞ്ഞെടുപ്പിൽ തൃശ്ശൂർപൂരം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ് എക്സ്പ്ലോസീവ് നിയമത്തിൽ  കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി.  പൂരം വെടിക്കെട്ടിന് തടസ്സമാകുന്ന ഭേദഗതിക്കെതിരെ  കേന്ദ്രമന്ത്രി സുരേഷ് ഗോപി ചെറുവിരലനക്കിയില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.  വിഷയം ചർച്ചയാക്കാനോ കേന്ദ്രത്തിലെ ബി ജെ പി സർക്കാർ കൊണ്ടുവന്ന  നിയമത്തെ  വിമർശിക്കാനോ യുഡിഎഫും തയ്യാറല്ല.
വെടിക്കെട്ടുപുരയിൽ നിന്നും 200 മീറ്റർ അകലെ വേണം വെടിക്കെട്ട് നടത്താൻ എന്നതാണ് പുതിയ കേന്ദ്ര നിയമത്തിലെ പ്രധാന നിബന്ധന. 45 മീറ്റർ എന്ന ദൂരപരിധിയാണ് കേന്ദ്രസർക്കാർ 200 മീറ്റർ ആക്കി ഉയർത്തിയത്. വീണ്ടും 100 മീറ്റർ കൂടി അകലെ മാത്രമേ കാണികൾക്ക് നിൽക്കാനാവൂ. ഇതോടെ തേക്കിൻകാർഡ് മൈതാനിയിലെന്നല്ല തൃശ്ശൂർ റൗണ്ടിൽ പോലും പൂരം നടത്താൻ കഴിയില്ല. പൂരത്തിനുള്ള നിയന്ത്രണം കുറയ്ക്കും എന്ന് അവകാശപ്പെട്ടു വോട്ട് തേടി കേന്ദ്ര മന്ത്രിയായ  സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടില്ല എന്ന ആക്ഷേപമുണ്ട്. 100 മീറ്റർ ദൂരപരിധി  45 മീറ്റർ ആക്കി കുറയ്ക്കും എന്നായിരുന്നു സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം.  എന്നാൽ നിയമഭേദഗതിയോടെ അതാണ് 300 മീറ്റർ ആയി ഉയർന്നത്. ചുരുക്കത്തിൽ  തൃശൂർ പൂരം വെടിക്കെട്ട് ഇനി നടത്താൻ കഴിയില്ല എന്നതാണ് പുതിയ സാഹചര്യം. കേന്ദ്രസർക്കാർ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും സംസ്ഥാന ബിജെപി നേതൃത്വത്തെയും ഒരുപോലെ വെട്ടിലാക്കി.  കേന്ദ്ര നടപടി തൃശ്ശൂർ പൂരത്തെ പ്രതിസന്ധിയിലാക്കിയതായി കാണിച്ച് സംസ്ഥാന സർക്കാർ പ്രധാനമന്ത്രി സമീപിച്ചു കഴിഞ്ഞു. സുരേഷ് ഗോപി ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർ വിഷയത്തിൽ ഇടപെടണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നു.
നിലവിലുണ്ടായിരുന്ന നിയമം മൂലമുള്ള നിയന്ത്രണങ്ങളായിരുന്നു കഴിഞ്ഞ തവണ പൂരത്തെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ സംസ്ഥാന സർക്കാരിന് മേൽ പഴിചാരി ബി ജെ പി യും സുരേഷ് ഗോപിയും ലോകസഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി. നിയന്ത്രണങ്ങൾ നീക്കുമെന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായപ്പോൾ പൂരം നടത്താനാവാത്ത വിധം നിയമം കർശനമാക്കി എന്നതാണ് വൈരുദ്ധ്യം . ബി ജെ പി സർക്കാരിൻ്റെ ഈ വൈരുദ്ധ്യ നിലപാടിനെ വിമർശിക്കാൻ കേരളത്തിലെ യു ഡി എഫും തയ്യാറായിട്ടില്ല.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News