പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. കണിമംഗലം ദേശത്തു നിന്ന് ശാസ്താവിന്റെ എഴുന്നള്ളത്തോടെ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ ഏഴുമണിയോടെ ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തും. ഇതിനു പിന്നാലെ ഘടക പൂരങ്ങള്‍ ഒന്നൊന്നായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രയാണം തുടങ്ങും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും ഉണ്ടാകും. വൈകീട്ടാണ് കുടമാറ്റം. അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപകാരം ചൊല്ലി പിരിയും.
പൂരദിനത്തിന്റെ പ്രധാന ആകര്‍ഷകണങ്ങളിലൊന്നായ കുടമാറ്റം വൈകീട്ടോടെയാണ് നടക്കുന്നത്. എല്ലാ വര്‍ഷവും വ്യത്യസ്തമായ കുടകള്‍ അവതരിപ്പിക്കാന്‍ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകള്‍ ഉള്ള കുടകള്‍ അടുത്തകാലത്ത് അവതരിപ്പിച്ചതില്‍ വ്യത്യസ്തതയുള്ള ഒന്നാണ്. മുപ്പതാനകളുടെ മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങള്‍ പകലിന് സുവര്‍ണപ്രഭ സമ്മാനിക്കും. മേളത്തിന്റെ അകമ്പടിയോടെ പിന്നീട് വര്‍ണങ്ങള്‍ മാറിമറിയുകയായി. ഇതിന് ശേഷം പുലര്‍ച്ചെയോടെയാണ് വെടിക്കെട്ട് ഒരുങ്ങുന്നത്. നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനായിരുന്നു.
ചെമ്പടമേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, പഞ്ചവാദ്യം എന്നിവയെല്ലാം തൃശൂര്‍ പൂരത്തിന്റെ പ്രധാന ഘടകങ്ങളാണ്. പകല്‍പ്പൂരം കഴിഞ്ഞുള്ള വെടിക്കെട്ട്, പിന്നീട് ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here