ആടുജീവിതത്തിന്റെ അമരക്കാരന് ഇത് അഭിമാനത്തിന്റെ ദിനം, ഒപ്പം ഓര്‍മകളുടെയും….

‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്’- നജീബെന്ന വ്യക്തിയുടെ പ്രവാസ ജീവിതം ‘ആടുജീവിത’മാക്കി ബെന്യാമിന്‍ തന്റെ നോവലില്‍ അവതരിപ്പിച്ചപ്പോള്‍ ആമുഖമായി അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. വര്‍ഷങ്ങള്‍ക്കു ശേഷം മലയാളികളുടെ പ്രിയ സംവിധായകന്‍ ബ്ലെസി ആടുജീവിതത്തെ ഒരു ചലച്ചിത്രമാക്കി മാറ്റി പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചപ്പോഴും അഭിമുഖീകരിക്കേണ്ടി വന്നത് ഇതേ സ്ഥിതി തന്നെ. കേള്‍ക്കുന്നവര്‍ക്ക് ഇതൊക്കെ വെറും കെട്ടുകഥകളെന്ന് തോന്നിക്കുമാറ് അത്രമേല്‍ ദുര്‍ഘടം നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആടുജീവിതം പ്രധാനപ്പെട്ട 9 പുരസ്‌കാരങ്ങള്‍ നേടി മലയാളത്തിന്റെ അഭിമാനമായപ്പോള്‍
ഓര്‍മിപ്പിക്കാനുള്ളത് ‘ആടുജീവിതം’ എന്ന മലയാളികളുടെ ഉള്ളുലച്ച നോവലിലെ നോവിന് ചലച്ചിത്ര ഭാഷ്യമൊരുക്കാനായി സംവിധായകന്‍ ബ്ലെസി നടന്ന വഴികളെക്കുറിച്ചാണ്. നടന്നുനടന്ന് എങ്ങുമെത്തില്ലെന്ന് സംശയിച്ച ഒരു യാത്രയ്ക്ക് ഉള്‍ക്കരുത്തിന്റെ ബലത്തില്‍ ദിശാബോധമേകിയ ഒരു വഴിവിളക്കായിരുന്നു ബ്ലെസി എന്ന സംവിധായകന്‍. 2008-ല്‍ ബെന്യാമിന്‍ നജീബിന്റെ നെഞ്ചുനീറ്റുന്ന കഥയെ ഒരു നോവലാക്കി മലയാളി പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അറിയാതെങ്ങനെയോ ബ്ലെസിയുടെ ഉള്ളില്‍ പടര്‍ന്നു കയറിയ ഒരു മോഹം. അതായിരുന്നു ആടുജീവിതം എന്ന സിനിമ.
സംസ്ഥാന പുരസ്‌കാര ലബ്ധിയുടെ ആഘോഷങ്ങള്‍ ഒരിക്കല്‍ക്കൂടി ‘ആടുജീവിത’ത്തെ ചര്‍ച്ചകളില്‍ നിറക്കുമ്പോള്‍ അതിന്റെ ഇന്നലെകളിലേക്ക് ഒരിക്കല്‍കൂടി നമുക്ക് സഞ്ചരിക്കാം. വര്‍ഷം 2008. മലയാളികളെയാകെ നൊമ്പരപ്പെടുത്തി ബെന്യാമിന്റെ ആടുജീവിതമെന്ന നോവല്‍ പുറത്തിറങ്ങുന്നു. മനുഷ്യ ജീവിതത്തിന്റെ അപ്രവചനീയത അതിന്റെ എല്ലാ തീവ്രതയോടുകൂടിയും പ്രകടമാക്കി ആടുജീവിതം മലയാളത്തിലെ ഒരു ക്ലാസിക് നോവലായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പരിണമിച്ചപ്പോള്‍ ബ്ലെസി എന്ന മലയാളികളുടെ പ്രിയ സംവിധായകന് ഉള്ളിലൊരു ആഗ്രഹമുദിച്ചു. ഈ നോവലിന് ഒരു ചലച്ചിത്ര ഭാഷ്യമൊരുക്കണം. നജീബിന്റെ അതിജീവനവും യാതനകളും ദൃശ്യങ്ങളിലൂടെ പുന.സൃഷ്ടിക്കണം. ബ്ലെസി അതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങി. ആദ്യപടിയായി നോവലിസ്റ്റ് ബെന്യാമിനെ കണ്ട് സമ്മതം വാങ്ങി. നജീബിനെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. പിന്നീട് തന്റെ സ്വപ്‌നങ്ങളുടെ നെയ്ത്തുകാരനായി ബ്ലെസി ‘ആടുജീവിത’ത്തെ ദൃശ്യഭാഷയിലേക്ക് അഴിച്ചുപണിതു. എന്നാല്‍, പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല എഴുത്തിന്റെ ഘട്ടങ്ങള്‍.
ലോകമൊട്ടുക്കുമുള്ള മലയാളി വായനക്കാര്‍ നെഞ്ചോടു ചേര്‍ത്തുവെച്ചിരിക്കുന്നൊരു നോവലാണ് ആടുജീവിതം. സിനിമയാക്കി അതിനെ മാറ്റിപ്പണിയുമ്പോള്‍ എവിടെയെങ്കിലും ഒന്ന് പാളിപ്പോയാല്‍ വലിയ വില നല്‍കേണ്ടി വരും. വിമര്‍ശനങ്ങളുടെ പെരുമഴയുണ്ടാകും. പക്ഷേ, ആഗ്രഹിച്ചുപോയില്ലേ..സ്വപ്‌നം കണ്ട് തുടങ്ങിയില്ലേ.. ഇനിയെങ്ങിനെയത് വഴിയിലുപേക്ഷിക്കും! ബ്ലെസി ചിന്തിച്ചു. പിന്നീട് രണ്ടുംകല്‍പ്പിച്ച് മുന്നോട്ട് തന്നെ നീങ്ങി. നീണ്ട 16 വര്‍ഷങ്ങള്‍… ബ്ലെസി തന്റെ ജീവിതത്തില്‍ നിന്നും ആടുജീവിതത്തിനായി നീക്കിവെച്ചു. ലോകസിനിമയില്‍ തന്നെ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നൊരു കാര്യം. എന്നാല്‍, ബ്ലെസിയ്ക്ക് ഈ കാലയളവ് അത്രയേറെ ദൈര്‍ഘ്യമേറിയതായോ, വിരസമായതായോ തോന്നിയിരിക്കില്ല. കാരണം, അത്രയേറെ ഉള്ളുറപ്പുള്ളതായിരുന്നു ആ നിശ്ചയദാര്‍ഢ്യം. 2018-ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ഒരു മാസം കൊണ്ട് തന്നെ ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കി. ബാക്കി ചിത്രീകരണത്തിനായി വിദേശ ലൊക്കേഷനുകളും മറ്റും ആവശ്യമുള്ളതിനാല്‍ പിന്നീട് ഒരു ബ്രേക്ക് വന്നു. തുടര്‍ന്ന് വിദേശത്തു നിന്നും ചിത്രീകരണത്തിനുള്ള അനുമതിയും മറ്റും സംഘടിപ്പിച്ച് വരുന്നതിനിടെ കോവിഡ് ഒരു വെല്ലുവിളിയായെത്തി.
ജോര്‍ദാനിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാല്‍, ഈ ഷെഡ്യൂളുകളെയാകെ കോവിഡ് തകിടംമറിച്ചു. ഒരുഘട്ടത്തില്‍ സിനിമ വരെ ഉപേക്ഷിക്കേണ്ടി വരുമെന്ന് സിനിമാ സംഘത്തിലെ പലരും കരുതി. എന്നാല്‍ അപ്പോഴും തനിയ്ക്ക് ഈ സിനിമ പൂര്‍ത്തിയാക്കിയേ ഇനിയൊരു തിരിച്ചുനടത്തമുള്ളൂവെന്ന് ബ്ലെസി വിശ്വസിച്ചു. പ്രതിസന്ധികളുടെ വലിയൊരു കൂമ്പാരത്തെയായിരുന്നു പലപ്പോഴും സംഘത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. എല്ലാം തരണം ചെയ്ത് ഈ സിനിമ പുറത്തിറങ്ങുമെന്ന് സിനിമാ സംഘത്തിലുള്ളവര്‍ തന്നെ പലപ്പോഴും പ്രതീക്ഷിച്ചില്ല. കോവിഡ് ലോക്ഡൗണില്‍പ്പെട്ട് സംഘം 60 ദിവസത്തോളം ജോര്‍ദാനില്‍ കുടുങ്ങിയപ്പോള്‍ കൂടെയുള്ളവര്‍ പലര്‍ക്കും ആശയറ്റിരുന്നെന്ന് ബ്ലെസി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.
എങ്കിലും അവസാനം കാലം ബ്ലെസി എന്ന മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം നിന്നു. സിനിമ യാഥാര്‍ഥ്യമായി. ഒടുവിലിതാ, മലയാളികള്‍ക്കാകെ അഭിമാനമായി ഇന്ന് ‘ആടുജീവിതം’ 9 സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുന്നു. മലയാളം സമീപ കാലത്തുകണ്ട ഏറ്റവും വലിയ പുരസ്‌കാര നേട്ടം. എന്നാല്‍, പുരസ്‌കാര ലബ്ധിയുടെ ആനന്ദാധിരിക്യത്തില്‍ നില്‍ക്കുമ്പോഴും വിനയാന്വിതനായി ബ്ലെസി പറഞ്ഞത് ഇങ്ങനെയാണ്്. പുരസ്‌കാര നേട്ടത്തില്‍ ഏറെ സന്തോഷമുണ്ട്. എങ്കിലും സിനിമയിലെ പാട്ടുകള്‍ പരിഗണിക്കാതെ പോയതില്‍ വിഷമിക്കുന്നു. എ.ആര്‍.റഹ്‌മാന്റെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നു.-ബ്ലെസി വാക്കുകള്‍ ചുരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News