വന്ദേ ഭാരത് ട്രെയിനിന്റെ സമയവും ടിക്കറ്റ് ചാര്‍ജും വേഗതയും കെ റെയിലിന്റെ സമയവും ടിക്കറ്റ് ചാര്‍ജും വേഗതയും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന കുറിപ്പുമായി ഡിവൈഎഫ്‌ഐയും.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രയുടെ ദുരവും സമയവും ചെലവും പങ്കുവച്ചുകൊണ്ടാണ്, വന്ദേഭാരതിനെക്കാള്‍ എന്തുകൊണ്ടും ലാഭം നിര്‍ദ്ദിഷ്ട കെ റെയില്‍ പദ്ധതിയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 482 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വന്ദേഭാരതില്‍ 2138 രൂപയും എട്ട് മണിക്കൂറും വേണമെന്നും എന്നാല്‍ കെ റെയിലിലാകട്ടെ ഇതിന് 3 മണിക്കൂറും 1325 രൂപയും മാത്രമാകും വേണ്ടിവരികയെന്നും സനോജ് ചൂണ്ടികാട്ടി.
വി കെ സനോജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വന്ദേ ഭാരത് ട്രെയിൻ രാജ്യത്ത് ഏറ്റവും വൈകിയെത്തിയ സംസ്ഥാനമാണ് കേരളം. തൊട്ടയൽ സംസ്ഥാനങ്ങളായ കർണ്ണാടകയിലും തമിഴ് നാടിലും വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നത് കാണുമ്പോഴും കേരളത്തിനോടുള്ള അവഗണന പല തവണ നമ്മൾ ചർച്ച ചെയ്തതാണ്.
കേരളത്തിന് സ്വാഭാവികമായും ലഭിക്കേണ്ട വന്ദേ ഭാരത് ട്രെയിനിനെ മഹാ സംഭവമായി അവതരിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ്.
കേരളം ഇന്ത്യയുടെ ഭാഗമാണ്.
കേരളത്തിൽ വന്ദേ ഭാരതോ തതുല്യമായ മറ്റേത് ആധുനിക ട്രെയിനികളും ലഭിക്കുന്നത് സന്തോഷകരമായിരിക്കുമ്പോൾ തന്നെ കേരളത്തിന്റെ റെയിൽ യാത്രാ ദുരിതത്തിന് അത് പരിഹാരമാകില്ലെന്നതാണ് യാഥാർഥ്യം. കേരളത്തിലെ നിലവിലെ വളഞ്ഞ പാതയിൽ കൂടി കൂടിയ വേഗതയിൽ ട്രെയിൻ ഓടിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ റെയിൽ വേ തന്നെ വ്യക്തമാക്കിയ കാര്യമാണ്. പാതയിലെ വളവ് നിവർത്തുക എന്നത് കേരളത്തിന്റെ ഭൗമ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് കൂടിയിരിക്കെ മറ്റൊരു സാമാന്തര റെയിൽ ശൃംഗല വരുന്നത് വരെ ഈ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ഏത് ട്രെയിനുകൾക്കും കുറഞ്ഞ വേഗതയിൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ എന്നതാണ് സത്യം. ഫലത്തിൽ മെച്ചപ്പെട്ട യാത്രാ സുഖത്തിൽ എന്നാൽ വലിയ സമയ ലാഭമുണ്ടാക്കാത്ത യാത്ര തന്നെയാണ് വന്ദേ ഭാരതിലും ലഭ്യമാകുക.
വന്ദേ ഭാരത്
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 km
2138 രൂപ സമയം8hr.
നിർദ്ദിഷ്ട കെ റെയിൽ
1325 രൂപ
സമയം 3 hr
എന്നാൽ കാലങ്ങളായി അവഗണന നേരിടുന്ന കേരളത്തിലെ റെയിൽ വേയ്ക്ക് മരുഭൂമിയിൽ പെയ്യുന്ന മഴ പോലെയാണ് ഒരു പുതിയ ട്രെയിൻ ലഭിക്കുന്നത്. ബിജെപി ഗവണ്മെന്റ് റെയിൽവേ
ബജറ്റ് കൂടി നിർത്തലാക്കിയ ശേഷം കേരളം സമ്പൂർണ്ണമായും റെയിൽവേ ഭൂപടത്തിന് വെളിയിലായിരുന്നു. അങ്ങനെയുള്ള അവസരത്തിൽ ഒന്നിലധികം വന്ദേ ഭാരത് ട്രെയിനുകൾ എന്നത് കേരളത്തിന്റെ അവകാശമാണ്.
അതിനെ രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കാൻ ശ്രമിക്കുന്ന അല്പത്തരം തുറന്ന് കാട്ടുക തന്നെ ചെയ്യും. അതേ സമയം കേരളത്തിലെ റെയിൽ യാത്രാ ദുരിതത്തിന് വന്ദേ ഭാരത് ട്രെയിനുകൾ ഒരു പരിഹാരവുമല്ല.
വി കെ സനോജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here