വയനാട് മാത്രമല്ല സുന്ദർബനും പിലിബിത്തുമെല്ലാം കടുവാപ്പേടിയിലാണ്; കാലഭേദമില്ലാതെ തുടരുന്നു മനുഷ്യന്‍റെ അതിജീവന പോരാട്ടം

അനൂപ് കെ. ആർ

ഇന്ത്യൻ സാഹചര്യം

ഇന്ത്യ, കടുവയെ ദേശീയ മൃഗമായി തെരെഞ്ഞെടുത്തതിന്‍റെ 50 വർഷം പൂർത്തിയായത് 2020ലാണ്. ലോകത്ത് കടുവകളുള്ള രാജ്യങ്ങളെല്ലാം അവ നേരിടുന്ന വംശനാശത്തിന്‍റെ ഗൗരവമുൾക്കൊണ്ട് സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ കാലം കൂടിയാണിത്. ചൈനീസ് ചാന്ദ്രവർഷപ്രകാരം 2022 കടുവയുടെ വർഷമായാണ് ആഘോഷിച്ചത്. ഒൻപത് ഉപജാതികളിൽ മൂന്നെണ്ണവും വംശനാശം നേരിട്ട പൂച്ച വംശമാണ് കടുവ.

ഇന്ത്യയിൽ കടുവകളുടെ എണ്ണം അവസാനമായി കണക്കാക്കിയത് 2022ലാണ്. 2006ൽ 1411 എന്ന സംഖ്യയിൽ നിന്ന് 2019ൽ 2967 ആയി ഉയർന്നു. കടുവകളുടെ എണ്ണം  മനുഷ്യൻ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് വംശനാശത്തിലേക്ക് കൂപ്പ് കുത്തിയ കടുവകൾ ഇന്ന് അവശേഷിക്കുന്നത്. ജൈവ വൈവിധ്യത്തിന്‍റെ ആരോഗ്യകരമായ സുസ്ഥിരതക്ക് അവ കാടുകളിലുണ്ടായേ പറ്റൂ. 51 കടുവാ സങ്കേതങ്ങളുണ്ട് ഇന്ത്യയിലിന്ന്. അന്താരാഷ്ട്ര തലത്തിൽ ആശ്വാസകരമല്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള കണക്കുകൾ കടുവകളുടെ കാര്യത്തിലെങ്കിലും പ്രതീക്ഷയുയർത്തുന്നതാണ്. 2018ൽ 2967 കടുവകളുണ്ടെന്ന് കണക്കാക്കിയിരുന്നു. 22ൽ 3167 കടുവകളുണ്ടെന്നാണ് വിശകലനം.  രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ പ്രതിവർഷം 6 ശതമാനം വർധനയുണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്.

ALSO READ: Tiger: വയനാട്ടിലെ കടുവാ ഭീഷണിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ഇന്ന് ചർച്ച; കുങ്കിയാനകളുമായി വനംവകുപ്പ്

കേരളം

രാജ്യത്തെ ഏറ്റവും മികച്ച കടുവാസങ്കേതമുള്ളത് കേരളത്തിലാണ് പെരിയാർ.
രാജ്യത്ത് കടുവ സംരക്ഷണം കാര്യക്ഷമമായി നടക്കുന്നതും കേരളത്തിലാണ്. ദേശീയതലത്തിൽ വിവിധ കടുവാസങ്കേതങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് നാല് വർഷത്തിലൊരിക്കൽ നൽകുന്ന ഈ ബഹുമതികൾക്ക് കേരളം 2018 ൽ അർഹമായത്. കേരളത്തിലും കടുവകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. 190 എന്ന കണക്കിലെത്തിനിൽക്കുന്നു അത്.
അതിൽ തന്നെ വയനാട് വന്യജീവി സങ്കേതത്തിലാണ് കൂടുതൽ കടുവകളുള്ളതെന്നാണ് വനം വകുപ്പിന്‍റെ ഡാറ്റാബുക്കിലുള്ളത്.
കർണ്ണാടക തമി‍ഴ്നാട് സംസ്ഥാനങ്ങളിലെ കടുവാസങ്കേതങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് വന്യജീവി സങ്കേതത്തിൽ ആവാസ പരിധികൾക്കുള്ളിലെ അംഗസംഖ്യ പെരുകിയെന്നാണ് കണക്കുകൾ. കടുവാസങ്കേതമല്ല ഇവിടുള്ളത് എന്നതും ശ്രദ്ധേയം.

ജീവിത പോരാട്ടം

കടുവകളും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾക്ക് ദശാബ്ദങ്ങൾ പ‍ഴക്കമുണ്ട്. വിനോദത്തിനായി മാത്രം 1875 മുതൽ 1925 വരെ 80000 കടുവകളെയെങ്കിലും മനുഷ്യർ കൊന്നിട്ടുണ്ടെന്ന് ചരിത്രകാരനായ മഹേഷ് രംഗരാജൻ പറയുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് കാലഘട്ടത്തിലും മുഗൾ കാലഘട്ടത്തിലുമെല്ലാം കടുവാ വേട്ടകൾ നടന്നിട്ടുണ്ട്. വീരരായ പോരാളികളായി കടുവകളെ കൊല്ലുന്നവർ പുക‍ഴ്ത്തപ്പെട്ടു. നാട്ടുരാജാക്കന്മാരുടെ രാജകീയ വിനോദമായും കടുവാ വേട്ടകൾ നടന്നു. 1972ൽ കടുവ ഇന്ത്യയുടെ ദേശീയമൃഗമാവുന്നത് കൂടിയാണ് അവശേഷിച്ച കടുവകൾ സംരക്ഷിക്കപ്പെടുന്നത്. ഇതേ കാലങ്ങളിൽ തന്നെ നരഭോജികളായ കടുവകളുടെ ആക്രമണങ്ങളും മരണങ്ങളും ഇന്ത്യയിൽ പലയിടത്തുമുണ്ടായിരുന്നു. 2019 മുതൽ 2021 വരെ 125 മനുഷ്യർ ഇന്ത്യയിൽ കടുവകളുടെ ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. കേരളത്തിലെ അക്രമണങ്ങളും മരണങ്ങളും ദേശീയ കണക്കുമായി താരതമ്യപ്പെടുത്താൻ പോലുമില്ല.  സുന്ദർബനിലും പിലിബിതിലുമെല്ലാം പരിധി വിട്ടിരിക്കുന്നു കടുവയും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ.

ALSO READ: Tiger: കൂട്ടിലാകാതെ കൃഷ്ണഗിരിയിലെ കടുവ; മയക്കുവെടി വയ്ക്കും

വയനാടിന്‍റെ പേടി

അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിൽ നിന്ന് തുടങ്ങാം. ഉത്തർപ്രദേശിലെ പിലിബിത് കടുവാ സങ്കേതത്തിന് സമീപത്തെ വസ്തുതകളുടെ പശ്ചാത്തലത്തിലാണ് സിനിമ. ശ്രീജിത് മുഖർജിയുടെ ഷെർദിൽ. കടുവക്ക് ഇരയാവാൻ കാടിനുള്ളിൽ കയറിയ മുഖ്യകഥാപാത്രം ഗംഗാറാമിന്‍റെ
വിചാരണ നടക്കുകയാണ് കോടതിയിൽ. കൃഷിചെയ്യാനാവാത്ത സാഹചര്യത്തിൽ കടുവയാൽ കൊല്ലപ്പെട്ടാൽ കുടുംബത്തിന് ലഭിക്കുന്ന നഷ്ടപരിഹാരത്തിന് വേണ്ടിയാണ് താൻ കാട്ടിൽ കയറിയതെന്ന് ഗംഗാറാം പറയുന്നു. എന്നാൽ കടുവപോലും കൊല്ലാതെ വിടുന്ന നിസ്സഹായത കോടതിമുറിയെ നിശബ്ദമാക്കുന്നു. ആരാണ് ഇര എന്ന ചോദ്യം കോടതിയിൽ മു‍ഴങ്ങുന്നു. താരതമ്യമല്ല എന്നാൽ കടുവകളുയർത്തുന്ന വലിയ ഭീഷണി പശ്ചിമഘട്ടത്തിലെ മലയോര ജനവാസമേഖലകളിലും. ഭീതിയും പ്രതിസന്ധിയും സൃഷ്ടിച്ചു തുടങ്ങുകയാണ്. അത് നാൾക്കുനാൾ വർദ്ധിക്കുകയും ചെയ്യുന്നു.

സുന്ദർബന, പിലിബിത് എന്നിങ്ങനെ കടുവകളും മനുഷ്യനും തമ്മിലുളള അതിജീവന പോരാട്ട കഥകൾക്ക് കാലങ്ങൾ പ‍ഴക്കമുണ്ട്. എന്നാൽ മുൻപില്ലാത്ത ആ ജീവിതത്തിന്‍റെ ദുരിത യാഥാർത്ഥ്യങ്ങളിലേക്ക് നീങ്ങുകയാണ് വയനാടിന്‍റെ അതിർത്തിഗ്രാമങ്ങളിപ്പോൾ. കർണ്ണാടകയിലെ ബന്ദിപ്പൂർ നാഗർഹോള തമിൾനാട്ടിലെ മുതുമല കടുവാ സങ്കേതങ്ങൾക്ക് ചേർന്ന് കിടക്കുന്നു 344.44 ചതുരശ്ര കീലോമീറ്ററിൽ വയനാട് വന്യജീവി സങ്കേതം. 326.15 ചതുരശ്ര വിസ്തൃതിയുള്ള സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനും 215 ചതുരശ്ര കീലോമീറ്ററിൽ നോർത്ത് വയനാട് ഡിവിഷനും ചേർന്നതാണ് വയനാടൻ കാടുകൾ. ആകെ ഭൂവിസ്തൃതിയായ 2132 ചതുരശ്രകിലോമീറ്ററിൽ 867.77 ചതുരശ്രകിലോമീറ്റർ വനമാണ്‌. കാടും നാടും മാറുകയാണ് ഇവിടെ. പന്നിയും മാനും കുരങ്ങും കാട്ടാനകളും കാടിനും നാടിനുമിടയിൽ വിഹരിക്കുന്ന ഈ നാട്ടിൽ ഇപ്പോൾ മു‍ഴങ്ങുന്ന ഗർജ്ജനങ്ങൾ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളിലേക്കാണ് നീങ്ങുന്നത്.

ഒടുവിൽ പുറത്ത് വന്ന കണക്കുകളിൽ വയനാട് വന്യജീവി സങ്കേതത്തിൽ 85 കടുവകളുണ്ട്. 2012 ഡിസംബർ മുതലാണ് കടുവകൾ വയനാടിനെ വിറപ്പിച്ച് പതിവ് സംഭവങ്ങളാവുന്നത്. നായ്ക്കട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ വെടിവെച്ച് കൊല്ലുകയായിരുന്നു. 2020 ആഗസ്റ്റിൽ പുൽപ്പള്ളി ബസവൻ കൊല്ലിയിൽ യുവാവിനെ കടുവ കൊന്നതിൽ തുടങ്ങിയ ഭീതി ഇന്നും വയനാടിന്‍റെ വനാർത്തി മേഖലകളിലുണ്ട്. കടുവയിറങ്ങുന്നതും പ്രതിഷേധമുണ്ടാവുന്നതും പിടികൂടുന്നതുമെല്ലാം വയനാട്ടിൽ ഇന്ന് കൗതുകവും പുതുമയുമുള്ള കാര്യമല്ല. ഏക വരുമാനം തരുന്ന പശുക്കളെ കടുവകൊല്ലുന്നത് തടയാൻ തൊ‍ഴുത്തിൽ കാവലിരിക്കുന്ന കർഷകരാണ് ഇന്ന് ഈ നാട്ടിലെ ക്ഷീരമേഖലകളിലെ ദയനീയ ചിത്രം. വാകേരിയിലെ കൂടല്ലൂരിൽ പ്രജീഷ് ക‍ഴിഞ്ഞ ശനിയാ‍ഴ്ച കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പശുവിന് പുല്ലരിയാൻ പോയപ്പോ‍ഴാണ്. വന്യമൃഗ ശല്യത്തിന് എവിടെയുമെന്ന പോലെ ഇവിടെയും പാരിസ്ഥിതികമായ കാരണങ്ങളുണ്ട്. ആവാസ വ്യവസ്ഥകൾ തമ്മിലുള്ള സുസ്ഥിര നിലനിൽപ്പിൽ വന്ന വീ‍ഴ്ചകളും കോട്ടങ്ങളും ശാസ്ത്രീയ സമീപനങ്ങളുടെ അഭാവവും അതിനെ രൂക്ഷമാക്കുന്നു. വയനാട്ടിൽ ആകെ 157 കടുവകൾ ഉണ്ടെന്നാണു കണക്ക്‌ (അന്തിമമല്ല.) വന്യജീവി സങ്കേതത്തിൽ മാത്രം കുറഞ്ഞത് 120-130 കടുവകൾ ഉണ്ടെന്നും കണക്കുണ്ട്‌.  ഇത്രയും കടുവകളെ ഉൾക്കൊള്ളാനുള്ള ശേഷി 344 ചതുരശ്രകിലോമീറ്റർ മാത്രം വിസ്തീർണമുള്ള സങ്കേതത്തിനില്ല.

ALSO READ: International Tiger Day:കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി ഇന്ന് രാജ്യാന്തര കടുവ ദിനം

ആക്രമണ രീതി

ആക്രമിക്കപ്പെട്ട രീതിയിൽ അത് കടുവയുടെ ആക്രമണമാണോ എന്ന് മനസ്സിലാക്കാം. പുലിയും കടുവയും മൃഗങ്ങളെ ശ്വാസം മുട്ടിച്ചാണ് കൊല്ലുക. ചെറിയ ജീവികളെ ക‍ഴുത്തിൽ കടിച്ച് കൊല്ലുന്നു. വലിയ മൃഗങ്ങളുടെ തൊണ്ടയിലാണ് ശക്തിയോടെയുള്ള പിടുത്തം. പുലി വയർ ഭാഗമാണ് ആദ്യം ഭക്ഷിക്കുക എന്നാൽ കടുവ തുടഭാഗം ആദ്യം ഭക്ഷിച്ച് പിന്നീട് മടങ്ങിയെത്തിയാണ് ബാക്കിയുള്ളവ ഭക്ഷിക്കുക. ഇതൊരു സ്വാഭാവിക സവിശേഷതയായി കണക്കാക്കുന്നു. ചെറിയ എല്ലും മറ്റും അകത്താക്കുക കൂടി ചെയ്യും കടുവ. മനുഷ്യനെ ആക്രമിക്കുക സാധാരണമല്ലെങ്കിലും ഇത് സംഭവിക്കാം. പൂർണ്ണ ആരോഗ്യവാനായ കടുവ ഇരുകാലി ജീവികളെ കണ്ടാൽ ഒ‍ഴിഞ്ഞുപോവാറാണ് പതിവ്.

ഈ വർഷം വയനാട്ടിൽ രണ്ടുപേരാണ്‌ വാകേരിയിലെ സംഭവമുൾപ്പെടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌.
ഏഴുപേർ എട്ട്‌ വർഷത്തിനിടെ കൊല്ലപ്പെട്ടു.

ടെറിട്ടോറിയൽ അനിമൽ

കടുവക്ക് നിശ്ചിത സ്വജീവിത ഭൂപകടങ്ങളുണ്ട്. ഇതര സംസ്ഥാനങ്ങളിൽ ഒരു കടുവക്ക് 15 ചതുരശ്ര കിലോമീറ്റർ വരെ ടെറിട്ടറിയുണ്ടാവാറാണ്ട്. ആൺ കടുവക്ക് 100 ചതുരശ്ര കിമീ വരെയുണ്ടാവാറുണ്ട്. വയനാട് പോലെ വനവിസ്തൃതി കുറഞ്ഞ മേഖലകളിൽ അത് കുറവാണ്. ടെറിട്ടറിയും ഹോംറേഞ്ച് എന്നിങ്ങനെ രണ്ട് വിധത്തിൽ കടുവക്ക് ആവാസസ്ഥലമുണ്ട്. ടെറിട്ടറി നിശ്ചിതവും അധികാരപരിധിയുമാണെങ്കിൽ ഹോംറേഞ്ച് ഭക്ഷണം തേടിപ്പോവുന്ന സ്ഥലങ്ങളുൾപ്പെടുന്നതാണ്. ലോകത്തിലെ തന്നെ കടുവകൾ ഏറെയുള്ള പ്രദേശമായാണ് വയനാടിനെ പരഗണിക്കുന്നത്. ഇവിടെ ടെറിട്ടറിയും കുറഞ്ഞ സ്ഥലമാണ്. അതിനാൽ തന്നെ കടുവകൾ തമ്മിലുള്ള പോരാട്ടങ്ങളും പരിക്കേറ്റും പ്രായമായും കൂടുതൽ കടുവകൾ കാടിറങ്ങുന്നതും സ്വാഭാവികം മാത്രമാണ്. ഇരകളുടെ സാന്നിദ്ധ്യവും ഹോം റേഞ്ചും താരതമ്യേന സുസ്ഥിരമായ വനമേഖലയും വയനാട് കടുവകളുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായതാണ്.

ALSO READ: Tiger: കൂട്ടിലാകാതെ കൃഷ്ണഗിരിയിലെ കടുവ; മയക്കുവെടി വയ്ക്കും

കാടിറക്കം

ഇണചേരൽ കടുവകളുടെ കാടിറക്കത്തിന്‍റെ പ്രധാന കാരണമാണ്. ഒരു ടെറിട്ടറിയിലെ ആൺ കടുവക്ക് കീ‍ഴിൽ രണ്ട് പെൺ കടുവകളെങ്കിലും കാണും. മറ്റ്‌ ആൺ കടുവകൾ ഇവിടേക്കെത്തുന്നത്‌ ഈ ആൺകടുവ തടയും. ചിലപ്പോഴൊക്കെ അത്‌ മറ്റൊന്നിന്‌ പരിക്കേറ്റ്‌ തിരിച്ചോടുന്നത്‌ വരെ തുടരും. ഇങ്ങനെ പരിക്കേൽക്കുന്നവ ജനവാസ മേഖലകളിലേക്കെത്താനുള്ള സാധ്യതയേറെയാണ്‌. വയനാട്ടിൽ പലയിടത്തും ഇത്തരത്തിലുള്ള കടുവകൾ ജനവാസ മേഖലകളിലേക്കിറങ്ങിട്ടുണ്ട്‌. ബത്തേരി കുപ്പാടിയിലെ വന്യജീവി പരിപാലന കേന്ദ്രത്തിലെ ആറ്‌ കടുവകളും പരിക്കേറ്റതോ പ്രായമായതോ ആയ കടുവളാണ്‌.

കുഞ്ഞൻ കുഴപ്പക്കാർ

ഒന്നും രണ്ടും വയസ്സുള്ള കുഞ്ഞൻ കടുവകളെ സബ്‌ അഡൽട്സ്‌ എന്നാണ്‌ പറയുക. അതിന്‌ ശേഷം അമ്മക്കടുവ ഇവയെ പരിസരങ്ങളിൽ നിന്ന് ഒഴിവാക്കും. ഇവ മാതൃടെറിട്ടറിയിൽ നിന്ന് വനമേഖലക്ക്‌ സമീപമുള്ള തോട്ടങ്ങളിലേക്കോ മറ്റിടങ്ങളിലേക്കോ മാറി അലഞ്ഞ്‌ നടക്കും. ഇവ സൃഷ്ടിക്കുന്ന കുഴപ്പങ്ങളും ചില്ലറയല്ല. ഇവ ട്രാൻസിയന്റ്സ്‌ എന്നറിയപ്പെടുന്നു. ഇവ വളർന്ന് വലുതായാണ്‌ മറ്റ്‌ പ്രായമേറിയ കടുവകളെ ഓടിച്ചുവിടുന്നതും അവിടെ തങ്ങളുടെ ആവാസകേന്ദ്രങ്ങളാക്കുന്നതും. ഇങ്ങനെ പുറന്തളപ്പെടുന്ന കടുവകളാണ്‌ സാധാരണ ഗ്രാമങ്ങളിലും മറ്റുമെത്തുന്നതിൽ ഭൂരിഭാഗവും. 12-13 വയസ്സുകഴിഞ്ഞവയായിരിക്കും അവ. കടുവയുടെ പരമാവധി ജീവിത ദൈർഘ്യം 18 ആണെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

‌പരിഹാരമുണ്ടോ?

കൂടുതൽ ശാസ്ത്രീയമായ പഠനങ്ങളും നിരീക്ഷണങ്ങളും പുതിയ സാഹചര്യത്തിൽ കേരളത്തിൽ ആവശ്യമാണ്‌. വനം വകുപ്പ്‌ യഥാക്രമമുള്ള നിരീക്ഷണം കൂടുതൽ ശക്തമാക്കണം. ഒരു പ്രദേശത്തെ ടെറിട്ടറി അനിമലിനെ പ്രായവും ആരോഗ്യാവസ്ഥയും കണക്കാക്കിയാവണം നിരീക്ഷണം. ഒരു ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങിയാൽ ആ മേഖലയിൽ നിന്ന് ട്രാൻസിയന്റ്സ്‌ ആയി പുറത്തെത്താൻ സാധ്യതയുള്ള കടുവകളെ മനസ്സിലാക്കാനും പിടികൂടാനും ഈ നിരീക്ഷണം സഹായിച്ചേക്കാം. എന്താണ്‌ പരിഹാരം.

കൂടുതൽ ശാസ്ത്രീയമായ പഠനങ്ങളും നിരീക്ഷണങ്ങളും പുതിയ സാഹചര്യത്തിൽ കേരളത്തിൽ ആവശ്യമാണ്‌. വനം വകുപ്പ്‌ യഥാക്രമമുള്ള നിരീക്ഷണം കൂടുതൽ ശക്തമാക്കണം. ഒരു പ്രദേശത്തെ ടെറിട്ടറി അനിമലിനെ പ്രായവും ആരോഗ്യാവസ്ഥയും കണക്കാക്കിയാവണം നിരീക്ഷണം. ഒരു ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങിയാൽ ആ മേഖലയിൽ നിന്ന് ട്രാൻസിയന്റ്സ്‌ ആയി പുറത്തെത്താൻ സാധ്യതയുള്ള കടുവകളെ മനസ്സിലാക്കാനും പിടികൂടാനും ഈ നിരീക്ഷണം സഹായിച്ചേക്കാം. 15 വയസ്സ്‌ പ്രായമാവുന്നതോടെ കടുവകളുടെ ഇരതേടാനുള്ള ശേഷി പൂർണ്ണമായും നഷ്ടപ്പെട്ടേക്കാം എന്നതിനാൽ ഇവയെ കൊല്ലുന്നതാണ്‌ പ്രായോഗികം എന്ന് വിദഗ്ദർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

വൈകാരികമായ സംരക്ഷണ സങ്കൽപ്പങ്ങൾക്ക്‌ ഉപരി പ്രയോഗിക രീതികൾ സ്വീകരിക്കുകയും വേണം. പലപ്പോഴും കേന്ദ്ര വനനിയമങ്ങളും വന്യജീവിസംരക്ഷണ നിയമങ്ങളുമെല്ലാം പ്രാദേശിക സംഘർഷങൾക്ക്‌ കാരണമാവാറുണ്ട്‌. അതിനാൽ തന്നെ ജനജീവിതത്തെ മുൻ നിർത്തിയുള്ള പ്രായോഗിക നയരൂപീകരങ്ങളും ആവശ്യമാണ്‌. സാധാരണ മനുഷ്യരെ കടുവ പിടിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന വൈകാരികത പലപ്പോഴും കാൽപ്പനിക വന സങ്കൽപ്പങ്ങൾക്ക്‌ എതിരായിരിക്കും. ജീവിക്കുന്ന സാഹചര്യം തന്നെയാണ്‌ അവർക്ക്‌ പ്രധാനം.

ALSO READ: Tiger: വീണ്ടും കടുവ ഭീതിയിൽ വയനാട്; 7 ആടുകളെ കൊന്നു

കടുവ കോടതിയിൽ

കടുവാ സംഭവങ്ങൾ പലതവണ കോടതികയറിയിട്ടുമുണ്ട്‌. ബത്തേരി വാകേരിയിലെ നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിലെത്തിയതാണ്‌ പുതിയ സംഭവം. 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി ഇത്‌ തള്ളിയത്‌. നടപടിക്രമങ്ങൾ പാലിക്കാതെയാണു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതെന്നാരോപിച്ച് അനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News