ഷോർട് വീഡീയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ടിക് ടോക് അമേരിക്കയിലെ പ്രവർത്തനം അവസാനിപ്പിച്ചതായി വിവരം. ഞായറാഴ്ച ആപ്പിന് ഏർപ്പെടുത്തിയ നിരോധനം പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ആപ്പ് ഓഫ്‌ലൈനായത്. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും നീക്കം ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘ടിക് ടിക് ഇപ്പോൾ ലഭ്യമല്ല’ എന്ന ഒരു മെസ്സേജ് ആപ്പ് തുറക്കുമ്പോൾ സ്‌ക്രീനിൽ ഇപ്പോൾ കാണിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ നിരവധി പേർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ, തങ്ങളുടെ സേവനം “താൽക്കാലികമായി ലഭ്യമല്ല” എന്ന് കമ്പനി ഉപയോക്താക്കൾക്ക് ഒരു സന്ദേശത്തിൽ പറഞ്ഞിരുന്നു, കൂടാതെ “എത്രയും വേഗം” തങ്ങളുടെ യുഎസ് സേവനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതായും സന്ദേശം ഉണ്ടായിരുന്നു. എന്നാൽ ആപ്പിന്റെ പ്രവർത്തനം അവസാനിച്ചതായാണ് നിലവിൽ ലഭിക്കുന്ന വിവരം.
യുഎസ് ഉപയോക്താക്കൾക്ക് ടിക് ടോക്ക് വിതരണം ചെയ്യുന്നതിൽ നിന്ന് മൊബൈൽ ആപ്പ് സ്റ്റോറുകളും ഇൻ്റർനെറ്റ് ഹോസ്റ്റിംഗ് സേവനങ്ങളും വിലക്കുന്ന നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.ഇതോടെ 170 മില്യൺ ഉപയോക്താക്കൾക്കാണ് ടിക് ടോക്കിന്റെ സേവനം നഷ്ടമാകുന്നത്.ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് വിൽക്കുന്നില്ലെങ്കിൽ ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തിൽ ടിക് ടോക്ക് യുഎസിൽ നിരോധിക്കുകയാണെന്നാണ് യുഎസ് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേസമയം ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി അധികാരമേൽക്കുന്നതോടെ ടിക് ടോക് തിരികെ അമേരിക്കയിലേക്ക് വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here