ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ നാലാം ദിനം, രാജ്കോട്ടില്‍ കണ്ടത് ആ 22 വയസുകാരന്റെ അഴിഞ്ഞാട്ടം തന്നെയയാിരുന്നു. അതെ ഇന്ത്യയുടെ യശസ്സുയര്‍ത്തി ഇരട്ടസെഞ്ച്വറിയുടെ സുവര്‍ണ്ണ തിളക്കം സ്വന്തമാക്കി യശസ്വി ജയ്സ്വാള്‍. 12 സിക്സും 14 ഫോറും എടുത്ത് 236 പന്തില്‍ നിന്ന് 214 റണ്‍സെടുത്ത ജയ്സ്വാള്‍ തന്നെയായിരുന്നു കളിയുടെ ഹീറോ. ഒരു ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ എന്ന 1996ലെ വസീം അക്രത്തിന്റെ റെക്കോഡിനൊപ്പം ജയ്സ്വാളെത്തി. ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിച്ച താരമായും ജയ്സ്വാള്‍ മാറി. 12 സിക്സുകളടക്കം ഈ പരമ്പരയില്‍ ജയ്സ്വാളിന്റെ കരുത്തുറ്റ കരങ്ങളില്‍ നിന്ന് പിറന്നത് ആകെ 23 സിക്സുകള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2019 പരമ്പരയിലെ 19 സിക്സുകള്‍ എന്ന റെക്കോഡാണ് ഇതോടെ താരം മറികടന്നത്.
Also Read: ‘ഭ്രമയുഗം’ ഇനി ‘സോണി’ക്ക് സ്വന്തം; വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്
ഇന്ത്യയുടെ യശസ് ഉയര്‍ത്തി ഇന്ന് ഈ ചെറുപ്പക്കാരന്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ഈ 22 വയസുകാരന്‍ കളിക്കളം സ്വപ്നം കണ്ട് ബാറ്റിനെ പ്രണയിച്ച് കടന്നു വന്ന വഴി അത്ര സിംപിളല്ല. യു.പിയിലെ സുറിയാവന്‍ എന്ന സ്ഥലത്തെ ചെറിയ ഹാര്‍ഡ് വെയര്‍ കച്ചവടക്കാരനായ ഭൂപേന്ദ്ര ജയ്‌സ്വാളിന് മകന്‍ യശസ്വിയുടെ ക്രിക്കറ്റ് പ്രാന്ത് കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല. ദാരിദ്രം കൂടപ്പിറപ്പായ യശസ്വിയെ സംബന്ധിച്ച് ക്രിക്കറ്റ് മാത്രമായിരുന്നു മുന്നോട്ടുള്ള വഴിയെന്ന് പത്തുവയസാകും മുന്‍പ് അവന്‍ തീരുമാനിച്ചു. പതിനൊന്നാം വയസില്‍ ബദോഹിയില്‍ നിന്ന് മുംബൈയിലേക്ക് വണ്ടി കയറി. അവന്റെ മനസില്‍ ഒരാഗ്രഹം മാത്രം ഇന്ത്യക്ക് വേണ്ടി കളിക്കണം. ഡയറി ഫാമില്‍ പണി എടുത്തും, പാനി പൂരി വിറ്റും റോഡ് സൈഡില്‍ ടെന്റില്‍ കഴിഞ്ഞും, ഒഴിഞ്ഞു വയറുമായി കിടന്നുറങ്ങിയും അവന്‍ അവന്റെ സ്വപ്നങ്ങളെ മുറുകെ പിടിച്ച് മുന്നോട്ട് തന്നെ നടന്നു. അവസാനം ജീവിതത്തിലെ ഏറ്റവും പ്രധാനമായ ആ കൂടിക്കാഴ്ച, പൃഥ്വി ഷാ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തിയ മുംബൈ ക്രിക്കറ്റ് ക്ലബിലെ ജ്വാല സിങ്ങിന്റെ കണ്ണില്‍ ജയ്‌സ്വാളും പെട്ടു. അതോടെ ജീവിതം മാറി മറിഞ്ഞു.
അങ്ങനെ മുന്നില്‍ കുമിഞ്ഞ് കൂടിയിരുന്ന പ്രതിസന്ധികളെല്ലാം മറികടന്ന് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്ക് യശസ്വിയുടെ വരവ്. അണ്ടര്‍ 19 ടീമിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും ഐപിഎല്ലിലും അടിച്ചു തകര്‍ത്ത് റണ്‍സ് വാരി യശസ്വി റെക്കോര്‍ഡുകള്‍ പലതും തന്റെ പേരിലാക്കി. ഫസ്റ്റ് ക്ളാസിലും ലിസ്റ്റ് എ യിലും ഇരട്ട സെഞ്ച്വറി. രഞ്ജി ട്രോഫി, ഇറാനി ട്രോഫിയും ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ഡൊമസ്റ്റിക് ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ എ ടീമിന് വേണ്ടിയും സെഞ്ചുറി യശസ്വി സ്വന്തമാക്കി കഴിഞ്ഞു. ഒപ്പം ഐപിഎല്‍ സെഞ്ചുറിയും. ഏറ്റവും ഒടുവില്‍ അരങ്ങേറ്റ ടെസ്റ്റില്‍ വിദേശ മണ്ണില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ കൂടുതല്‍ സിക്സറുകള്‍ പറത്തിയ താരം, തുടര്‍ച്ചയായി 2 ടെസ്റ്റുകളില്‍ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടവും തന്റെ പേരിലേക്ക് ചേര്‍ക്കുകയാണ് യശസ്വി.
യശസ്വി വരുന്നത് തീഷ്ണമായ ജീവിതാനുഭവങ്ങളിലെ കനലില്‍ ചവിട്ടിയാണ്. ആ കരിയര്‍ ഒരിക്കലും ഇന്റര്‍നാഷണല്‍ ലെവലിലെ പൊരി വെയിലില്‍ വാടില്ലെന്ന കാര്യം ഉറപ്പാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here