തദ്ദേശ സ്വയംഭരണ വകുപ്പില്‍ കാലോചിതമായ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കും: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയംഭരണ വകുപ്പില്‍ കാലോചിതമായ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട് കാലോചിതമായ വിവിധ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുകയാണ്. ചില നടപടികള്‍ ഇതിനകം തന്നെ ആരംഭിക്കുകയും മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തതാണ്. വസ്തുനികുതി ഏപ്രിലില്‍ അടച്ചാല്‍ റിബേറ്റ് നല്‍കാനുള്ള തീരുമാനം, ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങളുടെ പരിഷ്‌കരണങ്ങള്‍ എന്നിവ ഇതിനകം തന്നെ നിലവില്‍ വന്നിട്ടുണ്ട്. ഇതിന് പുറമേ വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിലവാരത്തിലുള്ള ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോള്‍ഡേഴ്‌സും നിര്‍ദേശിച്ച നൂറുകണക്കിന് പരിഷ്‌കരണ നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഉദാഹരണത്തിന് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി 351 ഭേദഗതി നിര്‍ദേശങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇത്രയും ബൃഹത്തായ പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്- മന്ത്രി പറഞ്ഞു.

ALSO READ:പ്രധാനമന്ത്രിയെ പുകഴ്ത്തി ലീഗ് സംസ്ഥാന സെക്രട്ടറി; രൂക്ഷ വിമര്‍ശനം

ഈ നിര്‍ദേശങ്ങളില്‍ ആദ്യഘട്ടത്തില്‍ നിശ്ചയിച്ച പരിഷ്‌കരണ നടപടികള്‍ ചുവടെ ചേര്‍ക്കുന്നു. ഇതിന് ആവശ്യമായ ഉത്തരവുകള്‍ക്കുള്ള നടപടി തുടങ്ങിക്കഴിഞ്ഞു, നിയമഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ സമീപ ദിവസങ്ങളില്‍ ആരംഭിക്കുന്നതാണ്.

പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍

1. സമയബന്ധിതമായി സേവനം ഉറപ്പാക്കാനും, അഴിമതി പൂര്‍ണമായി തടയാനും ലക്ഷ്യമിട്ട്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പൊതു ജനങ്ങള്‍ക്ക് തത്സമയം പരാതി നല്‍കുന്നതിനും പ്രശ്‌ന പരിഹാരം തേടുന്നതിനുമായി ഒരു കോള്‍ സെന്ററും വാട്‌സപ്പ് നമ്പറും ഏര്‍പ്പെടുത്തും. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായ തുടര്‍നടപടി ഉറപ്പാക്കും.

2. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പുതുക്കിയ സേവനാവകാശ നിയമം വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രായോഗികവും ജനോപകാരപ്രദവുമായ നിരവധി നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. ഉദാ. വാലിഡായ ലൈസന്‍സ് സ്‌പോട്ടില്‍ പുതുക്കുന്നതിന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ പലപ്പോഴും ഇത് നടന്നിരുന്നില്ല. പുതുക്കിയ വിജ്ഞാപനത്തില്‍ അന്നേ ദിവസം തന്നെ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. ചെയ്തുകൊടുത്തില്ലെങ്കില്‍ അപ്പീല്‍ നല്‍കാനും ശിക്ഷ നല്‍കാനുമുള്ള വ്യവസ്ഥയുമുണ്ട്.

3. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ മഹാഭൂരിപക്ഷവും ഇപ്പോള്‍ ഓണ്‍ലൈനിലാണ്. എന്നാല്‍ അപേക്ഷ നല്‍കുന്നവരെ നേരിട്ട് വിളിച്ചുവരുത്തുന്ന സ്ഥിതി ഇപ്പോഴും പലയിടത്തുമുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അപേക്ഷിച്ചവരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും.. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ സേവനം ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും.

4. ഓരോ അപേക്ഷയും സമര്‍പ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഈ സൌകര്യം ഉറപ്പാക്കും. പുതിയ സേവനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചെക്ക് ലിസ്റ്റ് കാലികമായി പുതുക്കും. പൂര്‍ണമായ അപേക്ഷകളില്‍ സേവനാവകാശ നിയമപ്രകാരം പരിഹാരം/സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന തീയതി കൈപ്പറ്റ് റസീപ്റ്റിനൊപ്പം അപേക്ഷകന് നല്‍കും.

5. പുതിയ രേഖകള്‍ ആവശ്യമായി വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകനോട് രേഖാമൂലം കാരണം വിശദീകരിച്ച് ആവശ്യപ്പെടണം. വാക്കാല്‍ ആവശ്യപ്പെടാനാവില്ല.

6. പൊതുജനങ്ങള്‍ക്ക് സേവനം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ നിലവിലുള്ള 66 ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചുനല്‍കും. കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും റീജ്യണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും, മുന്‍സിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചുമതല നിര്‍വഹിക്കുക. കെ സ്മാര്‍ട്ട്, ഐഎല്‍ജിഎംഎസ് സംവിധാനങ്ങള്‍ വഴി ഇവര്‍ക്ക് ഫയല്‍ നീക്കവും ഓരോ ഉദ്യോഗസ്ഥനും കൃത്യസമയത്ത് സേവനം നല്‍കുന്നുണ്ടോ എന്ന കാര്യവും നിരീക്ഷിക്കാനാവും. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ആഴ്ചയും ഇവര്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എല്ലാ രണ്ട് ആഴ്ചയിലും മന്ത്രിതലത്തില്‍ ഈ വിവരങ്ങള്‍ പരിശോധിക്കും.

7. സേവനം ലഭ്യമാക്കേണ്ട സമയ പരിധി, ഓരോ സീറ്റിലും ഫയല്‍ കൈവശം വക്കാവുന്ന പരമാവധി ദിവസങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള സേവന ബോര്‍ഡ്, ഹാജര്‍ ബോര്‍ഡ്, അദാലത്ത് സമിതി/സേവനാവകാശ നിയമ പ്രകാരമുള്ള അപ്പീല്‍ അധികാരികള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍, പരാതിപ്പെടാനുള്ള നമ്പര്‍ എന്നിവ കൃത്യതയോടെ പ്രദര്‍ശിപ്പിക്കും.

8. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കാനാവാത്ത പരാതികള്‍, സ്ഥിരം അദാലത്ത് സമിതികള്‍ക്ക് കൈമാറി തുടര്‍നടപടി ഉറപ്പാക്കും.

ALSO READ:നാട്ടിലെ ഗ്രന്ഥശാലയ്ക്കുവേണ്ടി 10 സെന്‍റ് സ്ഥലം നൽകി ഒരു കുടുംബം; ഏറ്റുവാങ്ങാൻ മന്ത്രിയെത്തി!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News