ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ; നടൻ ടിനി ടോം

വാഹനാപകടത്തില്‍ നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി കൊല്ലപ്പെട്ട സംഭവം വലിയ നടുക്കമാണ് സമ്മാനിച്ചിരിക്കുന്നത്. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ നടന്ന വാഹനാപകടത്തിലാണ് സുധി കൊല്ലപ്പെട്ടത്. നടന്റെ വിയോഗവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിപേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടൻ ടിനിടോം സുധിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ … എന്നായിരുന്നു ടിനിടോം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയില്‍ സുധിക്കും സംഘത്തിനും പരിപാടിയുണ്ടായിരുന്നു. ഫ്ളവേഴ്സ് ടിവിയുടെ കോമഡി സംഘം അവതരിപ്പിച്ച ഈ പരിപാടയിൽ പങ്കെടുത്ത ശേഷം തിരിച്ചു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുന്‍ഭാഗം പൂർണ്ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്നയുടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കാറിൽ ഇടിച്ച പിക്കപ്പ് വാഹനത്തിലെ ആൾക്കാരും രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നു. കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ച സമയത്ത് സുധിക്ക് ജീവനുണ്ടായിരുന്നു എന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറയുന്നു. ആശുപത്രിയിൽ എത്തിച്ച സമയത്ത് സുധി സംസാരിച്ചിരുന്നു. നെഞ്ചിൽ എന്തോ കെട്ടുപോലെ തോന്നുന്നു എന്ന് സുധി തന്നെ ആശുപത്രിയിൽ എത്തിച്ചവരോട് വ്യക്തമാക്കിയിരുന്നു.

കൊല്ലം സുധി മലയാളികൾക്ക് പരിചിതനാകുന്നത് സിനിമ, ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ്. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി ചലച്ചിത്ര മേഖലയിലെത്തിയത്. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, ആൻ ഇൻ്റർനാഷണൽ ലോക്കൽ സ്‌റ്റോറി,കേശു ഈ വീടിൻ്റെ നാഥൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മരണപ്പെടുമ്പോൾ സുധിക്ക് 37 വയസ്സ് മാത്രമായിരുന്നു പ്രായം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

Also Read: എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ; തേങ്ങലടക്കാനാവാതെ അവതാരിക ലക്ഷ്മി നക്ഷത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News