ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍ മരിച്ചവരില്‍ മലയാളിയും. പാലക്കാട് വണ്ണാമട സ്വദേശി നിര്‍മല (52) ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തിരുപ്പതിയില്‍ അനിയന്ത്രിത തിരക്കിനിടയില്‍പ്പെട്ട് 6 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കുണ്ട്. വൈകുണ്ഠ ഏകാദശി ടോക്കണ്‍ നല്‍കുന്ന കൗണ്ടറിലാണ് കഴിഞ്ഞ ദിവസം തിക്കുംതിരക്കുമുണ്ടായത്. ആയിരക്കണക്കിന് പേരാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി എത്തിയത്.
രാവിലെ മുതല്‍ തന്നെ ടിക്കറ്റ് കൗണ്ടറുകളില്‍ തീര്‍ഥാടകരുടെ നീണ്ട നിര ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് കൌണ്ടറില്‍ ടോക്കണ്‍ വിതരണം തുടങ്ങിയത് അറിഞ്ഞതോടെ എല്ലാവരും വരിതെറ്റിച്ച് മുന്നിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. സംഭവത്തില്‍ ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്താണ് ഇന്നലെ വൈകിട്ടോടെ ദുരന്തമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്രതീക്ഷിത തിരക്കില്‍ ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തില്‍ തിരക്കേറിയ സമയത്താണ് ഇത്തരമൊരു അപകടമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here