മൂഴിയാറിലെ 45 ആദിവാസി കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കണം: നിയമസഭാ സമിതി

പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ പ്രദേശത്തെ 45 മലംപണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കി വീട് നിർമ്മിച്ചു നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ചുള്ള സമിതി ചെയര്‍മാന്‍ ഒ.ആര്‍. കേളു എംഎല്‍എ .

പട്ടികജാതി -പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച പരാതികളും സമിതി പരിഗണിച്ചു. പട്ടിക വര്‍ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. അവര്‍ക്കു വേണ്ട പാര്‍പ്പിടം, ഭക്ഷണം, വെള്ളം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. ഗോത്ര മേളകളും, ഊരുല്‍സവങ്ങളും നടത്തി അവര്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലണമെന്നും കേളു പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ നിന്നും ലഭിച്ചിട്ടുള്ള പരാതികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി അംഗങ്ങളായ പി.വി. ശ്രീനിജന്‍ എംഎല്‍എ, പി.പി. സുമോദ് എംഎല്‍എ, വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ, ഒ.എസ്. അംബിക എംഎല്‍എ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പാമ്പിടാംകുഴി ശ്മശാനത്തിലെ കൈയേറ്റം ഒഴിപ്പിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെ കീഴിലാക്കാനും ശേഷം പരമ്പരാഗതമായി ശ്മശാനം കൈവശം വച്ചിരുന്ന സാംബവ സമുദായത്തിന് നല്‍കുന്ന കാര്യം പരിശോധിക്കാനും യോഗം തീരുമാനിച്ചു. എലിമുള്ളുംപ്ലാക്കല്‍ ശിവഗംഗ ഹരിജന്‍ സെറ്റില്‍മെന്റ് കോളനിയിലെ വീടുകള്‍ക്ക് സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കണം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ കോര്‍പ്പസ് ഫണ്ട് വിഹിതത്തില്‍ 25 ലക്ഷം രൂപ വകയിരുത്തി അടിയന്തരമായി പദ്ധതി പൂര്‍ത്തിയാക്കണം.
ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ഭൂരേഖ ലഭിച്ചെങ്കിലും യഥാര്‍ഥ ഭൂമി കണ്ടുകിട്ടാന്‍ സാധിച്ചിട്ടില്ല. അത്തരക്കാര്‍ക്ക് യഥാര്‍ഥ ഭൂമി എവിടെയാണെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണം. ഭൂമിക്ക് രേഖ ലഭിച്ചിട്ടില്ലാത്ത ആദിവാസികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. സ്വയംതൊഴിലിനായി ബാങ്ക് ലോണ്‍ ലഭിക്കുന്നില്ല എന്ന പരാതിയില്‍ ജില്ലാ ലീഡ് ബാങ്കുമായി ബന്ധപ്പെട്ട് വേണ്ട പരിഹാര നടപടികള്‍ സ്വീകരിക്കും. മുന്‍കൂറായി ലഭിച്ചിട്ടുള്ള ആറു പരാതികളും നേരിട്ട് ലഭിച്ച 13 പരാതികളും സമിതി പരിഗണിച്ചു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, ടിഡിഒ എസ്.എസ്. സുധീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, നിയമസഭാ സെക്ഷന്‍ ഓഫീസര്‍ പി. സുഭാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News