സ്മാര്‍ട്ടായി ഉന്നത വിദ്യാഭ്യാസ മേഖല; നാലു വര്‍ഷ ബിരുദ കോഴ്‌സിന്റെ ഗുണങ്ങള്‍ ഇവയാണ്

ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നാലു വര്‍ഷ ബിരുദ കോഴ്‌സിന് കഴിഞ്ഞ ദിവസം കേരളത്തില്‍ തുടക്കമായതോടെ ഉന്നത വിദ്യാഭ്യാസ മേഖല പുത്തന്‍ ഉണര്‍വില്‍. വിദ്യാര്‍ത്ഥികളിലെ പഠന മികവിനൊപ്പം അവരുടെ കാര്യനിര്‍വഹണ ശേഷിയും നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങളുടെ പെരുമ്പറ മുഴക്കുമെന്നുറപ്പാണ്. പൗരാണികമായ സര്‍വകലാശാല നിയമങ്ങളെയും കീഴ്‌വഴക്കങ്ങളെയും കുടഞ്ഞെറിയാന്‍ ഉദ്ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഈ നൂതന പദ്ധതിയെക്കുറിച്ച് നമുക്ക് കൂടുതലറിയാം.

നാല് വര്‍ഷ ബിരുദ കോഴ്‌സിലൂടെ സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നത്?

നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ (fyup) എന്നത് ഒരു ത്രിവല്‍സര ബിരുദ കോഴ്‌സിലേക്ക് കേവലമൊരു അധിക വര്‍ഷം ചേര്‍ക്കുന്നത് മാത്രമല്ല. വിദ്യാര്‍ത്ഥികളില്‍ വിവിധ വിഷയങ്ങളിലുള്ള നൈപുണ്യവും അഭിരുചിയും വളര്‍ത്തുന്നതിനായി അധ്യാപന രീതികളുടെയും പഠന സമ്പ്രദായങ്ങളുടെയും മൂല്യ നിര്‍ണയത്തിന്റെയും ഒരു സമൂല പരിഷ്‌ക്കരണമാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. പഠനം ക്ലാസ് മുറിയില്‍ നിന്നും ആരംഭിക്കുന്നതിനൊപ്പം ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ ഫീല്‍ഡ്, വ്യാവസായിക സന്ദര്‍ശനങ്ങളുടെ സാധ്യതകളും കൂട്ടായ ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സെമിനാറുകള്‍, വീഡിയോ അവതരണങ്ങള്‍ തുടങ്ങിയ നവീന സംവേദനാത്മക രീതികളിലൂടെയായിരിക്കും പഠനവും അധ്യാപനവും. വിദ്യാര്‍ത്ഥികളുടെ ഇത്തരം പ്രവര്‍ത്തനങ്ങളിലുള്ള പ്രകടനം കൂടി അടിസ്ഥാനമാക്കിയായിരിക്കും അവരുടെ മൂല്യ നിര്‍ണയം.
വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വഴക്കവും സ്വാതന്ത്ര്യവും നല്‍കുക എന്ന സമീപനത്തോടെയാണ് ഈ പാഠ്യപദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക് താല്‍പ്പര്യങ്ങളോടൊപ്പം തന്നെ തൊഴില്‍ താല്‍പ്പര്യങ്ങളും കണക്കിലെടുത്ത് ഡിഗ്രി കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ ഈ സംവിധാനത്തിലൂടെ അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കരിയര്‍ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി അവരുടെ പഠന വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ എല്ലാ കോളേജുകളിലും അക്കാദമിക് കൗണ്‍സിലര്‍മാര്‍ ഉണ്ടാകും. കൂടാതെ കോഴ്‌സ് സമയത്ത് അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അന്തര്‍-യൂണിവേഴ്‌സിറ്റി ട്രാന്‍സ്ഫര്‍ തേടാന്‍ അവസരം ലഭിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ കോഴ്‌സിന്റെ 177 ക്രെഡിറ്റുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുജി ഓണേഴ്‌സ് ബിരുദം നല്‍കും. ക്രെഡിറ്റ് ആവശ്യതകള്‍ സുരക്ഷിതമാക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആ കാലയളവിനുള്ളില്‍ തന്നെ ബിരുദം പൂര്‍ത്തിയാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. ഇത് ‘n-minus 1’ സിസ്റ്റം എന്നറിയപ്പെടും. മാത്രമല്ല, സാധാരണ കോളേജ് കോഴ്‌സുകള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് യുജി പ്രോഗ്രാം ഉപയോഗിക്കാവുന്ന ക്രെഡിറ്റുകള്‍ ലഭിക്കാനായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യാനുള്ള അവസരവുമുണ്ട്.

എന്താണ് ക്രെഡിറ്റ് സിസ്റ്റം?

വിദ്യാര്‍ത്ഥിയും അധ്യാപകനും ചേര്‍ന്നു നടത്തുന്ന ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് അക്കാദമിക് ക്രെഡിറ്റിനെ കണക്കാക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ‘തിയറി’യുടെ ഒരു ക്രെഡിറ്റ് ലഭിക്കണമെങ്കില്‍, അവന്‍/അവള്‍ 45 മണിക്കൂര്‍ പഠന പ്രവര്‍ത്തനങ്ങളില്‍ ചെലവഴിക്കണം. സെമിനാറുകള്‍, അസൈന്‍മെന്റുകള്‍, ഫീല്‍ഡ് വിസിറ്റുകള്‍, അഭിമുഖങ്ങള്‍ തുടങ്ങി കോഴ്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥിയുടെ 15 മണിക്കൂര്‍ പ്രഭാഷണവും 30 മണിക്കൂര്‍ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും. പ്രായോഗികമായ ഒരു ക്രെഡിറ്റിനായി, ഓരോ സെമസ്റ്ററിനും 30 മണിക്കൂര്‍ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ഫീല്‍ഡ്-ലെവല്‍ പഠനത്തില്‍ ഒരു ക്രെഡിറ്റ് നേടുന്നതിന്, എക്്‌സ്പീരിയന്‍ഷ്യല്‍ ലേണിങ്ങില്‍ ഒരു സെമസ്റ്ററിനായി 45 മണിക്കൂര്‍ ചെലവഴിക്കണം.

അവസരങ്ങളുടെ ജാലകം

ബിരുദ പഠനത്തിലുള്ള സാമ്പ്രദായിക നിഷ്‌ക്കര്‍ഷകളെയെല്ലാം തകിടം മറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടേറെ അവസരങ്ങളുടെ ഒരു ജാലകക്കാഴ്ചയൊരുക്കുന്നതാണ് നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ അല്ലെങ്കില്‍ fyup. നിലവിലെ സമ്പ്രദായമനുസരിച്ച് ഫിസിക്‌സ് ഐച്ഛിക വിഷയമായി തെരഞ്ഞെടുക്കുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്ക് രസതന്ത്രവും ഗണിതവും സെക്കന്‍ഡറി വിഷയങ്ങളായി നിര്‍ബന്ധമായും പഠിക്കണം. എന്നാല്‍, fyup പ്രകാരം ഫിസിക്‌സ് പ്രധാന വിഷയമായി തെരഞ്ഞെടുക്കുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്ക് സയന്‍സിനൊപ്പം സംഗീതമോ, ജേണലിസമോ, സാഹിത്യമോ, സാമ്പത്തിക ശാസ്ത്രമോ അവരുടെ സെക്കന്‍ഡറി വിഷയങ്ങളാക്കാം. കൂടാതെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് അവരുടെ കോഴ്‌സിനായി ഒന്നിലധികം സെക്കന്‍ഡറി സബ്ജക്റ്റുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നതു പോലെ പഠനത്തെ രണ്ട് വിഷയങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള സ്വാതന്ത്ര്യവും ഉണ്ടാകും. ഈ പദ്ധതി പ്രകാരമുള്ള മറ്റൊരു പ്രധാന ഗുണം ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഏഴ് വര്‍ഷത്തിനുള്ളില്‍ മാത്രം അവന്റെ/അവളുടെ ബിരുദ പഠനം പൂര്‍ത്തിയാക്കാനുള്ള അവസരമാണ്. അതായത്, ഒരു വിദ്യാര്‍ത്ഥിയ്ക്ക് ആവശ്യമെങ്കില്‍ അവരുടെ ബിരുദ പഠനത്തിനിടെ ഒരു ഇടവേളയെടുക്കാം. തുടന്ന് ഏഴ് വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നതിനുള്ളില്‍ മടങ്ങിവന്ന് അവരുടെ ബിരുദം കംപ്ലീറ്റ് ചെയ്യാം. ഇടവേളയ്ക്കു ശേഷമെത്തുന്ന വിദ്യാര്‍ത്ഥിയ്ക്ക് മറ്റൊരു കോളേജോ യൂമിവേഴ്‌സിറ്റിയോ പഠനത്തിനായി തെരഞ്ഞെടുക്കാം.

വിദേശികള്‍ക്കും പ്രിയം

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വന്ന മാറ്റങ്ങള്‍ക്ക് വിദേശികള്‍ക്കിടയിലും പ്രിയമേറുകയാണ്. എംജി യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളിലുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ഇതിന്റെ സൂചനയായാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സ്‌കോളര്‍ഷിപ്പോടെ എംജി സര്‍വകലാശാലയിലെ വിവിധ കോഴ്‌സുകള്‍ക്ക് ഇതിനകം തന്നെ 58 രാജ്യങ്ങളില്‍ നിന്നായി 885 വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത് എന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂല പരിഷ്‌ക്കരണത്തിനുള്ള ആഗോള സ്വീകാര്യത വ്യക്തമാക്കുന്നതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News