മാറുന്ന ഇന്ത്യയില്‍, പാരതന്ത്ര്യത്തിന്റെ നീണ്ട നാളുകളിലേക്ക് വലിച്ചിഴക്കപ്പെട്ട രാജ്യത്തിന്റെ 78 സ്വതന്ത്ര വര്‍ഷങ്ങള്‍…

രാജ്യത്ത് നീതി നടപ്പാക്കാന്‍ പലപ്പോഴും പരമോന്നത നീതിന്യായ കോടതിയ്ക്ക് ഇടപെടേണ്ടി വരുന്നു.

രാജ്യം വൈദേശികാധിപത്യത്തില്‍ നിന്നും മോചിതമായി ഇന്ന് 78 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. എത്രയോ സമരപോരാട്ടങ്ങളും ജീവത്യാഗങ്ങളും സഹനശക്തിയും വേണ്ടി വന്നു നമ്മുടെയീ നേട്ടത്തിനായി. ഒരു കാലഘട്ടത്തിലെ ജനതയാകെ അവരുടെ ചോരയും മാംസവും ജീവിതവും കൊടുത്തു നേടിയതാണ് വൈദേശിക ശക്തികളില്‍ നിന്നുള്ള രാജ്യത്തിന്റെയീ സ്വാതന്ത്ര്യം. എന്നാല്‍, ആ സ്വാതന്ത്ര്യം ഏത് വിധേനയാണ് നമ്മളിലേക്ക് ഇന്നെത്തുന്നത്? അല്ലെങ്കില്‍, സ്വാതന്ത്ര്യമെന്ന പദം ദ്യോതിപ്പിക്കുന്ന ആ മോചിതാവസ്ഥ യഥാര്‍ഥത്തില്‍ നമുക്കിന്ന് രാജ്യത്ത് അനുഭവിക്കാനാകുന്നുണ്ടോ? സര്‍വരീതിയിലും നമ്മെ ബന്ധിതമാക്കിക്കൊണ്ടിരിക്കുന്ന വ്യവസ്ഥിതികള്‍ക്കു കീഴെ ഹതാശരായി അണിനിരക്കേണ്ടി വരുന്ന ഒരു ജനത മാത്രമായി നമ്മള്‍ മാറ്റപ്പെടുമ്പോള്‍, മാറുന്ന ഇന്ത്യയുടെ രാഷ്ട്രീയം എങ്ങനെയാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ പറയാതിരിക്കാനാവുക.

വൈവിധ്യങ്ങളുടെ പറുദീസയാണ് ഇന്ത്യ എന്ന രാഷ്ട്രം. നാനാത്വത്തിലെ ഏകത്വം എന്ന സങ്കല്‍പ്പം തന്നെ ആ വൈവിധ്യത്തിന്റെ സൗന്ദര്യത്തില്‍ നിന്നും രൂപപ്പെട്ടതാണല്ലോ. പക്ഷേ, കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി രാജ്യത്തു നടക്കുന്ന അസഹിഷ്ണതയുടെ വിത്തുപാകല്‍ ഇന്ന് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു തന്നെ ഭീഷണി സൃഷ്ടിച്ചിരിക്കുന്നു.

കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന മട്ടില്‍ ഭൂരിപക്ഷ പിന്തുണയുള്ളവര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നു. അവരുടെ ഇഷ്ടങ്ങളെയും വിശ്വാസങ്ങളെയും ഭക്ഷണക്രമങ്ങളെപ്പോലും ചോദ്യം ചെയ്യുന്നു. തങ്ങളുടെ വിശ്വാസങ്ങളും നിലപാടുകളും അവരും പിന്തുടരണമെന്ന് ശാഠ്യം പിടിക്കുന്നു. ഇത് സ്വാതന്ത്ര്യമാണോ? അധികാരത്തിന്റെ ഹുങ്കുവെച്ച് തങ്ങള്‍ക്ക് പ്രിയമല്ലാത്തതൊന്നും ഇവിടെ അനുവദിക്കാനാവില്ലെന്ന് തീരുമാനമെടുക്കുന്ന രാഷ്ട്രീയം ഒരു രാജ്യത്തിന്റെ വളര്‍ച്ചയെ ഏത് തരത്തിലാണ് സ്വാധീനിക്കുക.?

ALSO READ: ‘ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനം’; സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഭൂരിപക്ഷ മതവിശ്വാസങ്ങളിലൂന്നി രാജ്യമൊട്ടുക്കും ആരാധനാലയങ്ങള്‍ കെട്ടിപ്പൊക്കുമ്പോള്‍ തൊഴിലില്ലായ്മയാലും കടുത്ത വിലക്കയറ്റം മൂലവും പട്ടിണിയിലായിപ്പോകുന്ന രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആരാണാശ്രയമേകുക?

രാജ്യത്തിന്റെ സ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകള്‍ക്കു വേണ്ടി വിറ്റുതുലക്കുമ്പോള്‍ രാജ്യത്തെ സമ്പന്ന വര്‍ഗത്തില്‍ നിന്നും ഇലക്ട്രല്‍ ബോണ്ടുകളായും മറ്റും പ്രതിഫലം സ്വീകരിക്കുന്ന രാഷ്ട്രീയമാണ് പുതിയ ഇന്ത്യയുടെ മുഖം. ഇത്തരം കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്യുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കുകയും അവരെ പൊതു ഇടങ്ങളില്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു.

രാജ്യത്ത് നീതി നടപ്പാക്കാന്‍ പലപ്പോഴും പരമോന്നത നീതിന്യായ കോടതിയ്ക്കു തന്നെ ഇടപെടേണ്ടി വരുന്നു. ഇലക്ട്രല്‍ ബോണ്ട് കേസില്‍ രാജ്യമത് കണ്ടതാണ്. രാജ്യത്തെ മലിനമായ രാഷ്ട്രീയാന്തരീക്ഷം ഒരു നല്ല നാളെയെന്ന പ്രതീക്ഷയെപ്പോലും തച്ചുടക്കുന്നതാണ്. ഭരണം നിലനിര്‍ത്താന്‍ വേണ്ടി തങ്ങളുടെ സഖ്യകക്ഷികളുടെ സംസ്ഥാനങ്ങള്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി രാജ്യത്തിന്റെ സമ്പത്തിനെ ഇക്കൂട്ടര്‍ തങ്ങളുടെ ഇഷ്ടക്കാരെ പ്രീതിപ്പെടുത്താന്‍ മാത്രമായി വിനിയോഗിക്കുന്നു.

ALSO READ: വയനാടിനെ ചേര്‍ത്തുപിടിച്ച് എസ്‌എഫ്‌ഐ യുകെ ; സിഎംഡിആര്‍എഫിലേക്ക് 1,60,000 രൂപ നല്‍കി

ഇക്കഴിഞ്ഞ ബജറ്റില്‍ പോലും നാമത് കണ്ടതാണല്ലോ.. എങ്കിലും ഈ രാജ്യത്തെ നമുക്ക് ചേര്‍ത്തുപിടിച്ചേ പറ്റൂ. അതെല്ലാം നഷ്ടപ്പെട്ടവരാണെന്ന മിഥ്യാബോധത്തോടെയല്ല, ഇനിയും വിട്ടുകൊടുക്കാത്തതായി ചിലതെങ്കിലും നമ്മളിലുണ്ട് എന്ന ഉള്‍ക്കരുത്തോടെയായിരിക്കണം. ഒരുമിച്ച് അണിചേര്‍ന്നാല്‍ ഏത് വിഷമസന്ധിയേയും തരണം ചെയ്യാന്‍ കരുത്തുള്ളവരാണ് നമ്മളെന്ന് പലപ്പോഴായി തെളിയിച്ചവരാണ്, അല്ലെങ്കില്‍ തെളിയിച്ചു കൊണ്ടിരിക്കുന്നവരാണല്ലോ നമ്മള്‍..

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News