അഹമ്മദാബാദിൽ ഐപിഎൽ കിരീട പോരാട്ടത്തിനായി ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ ആര് ജയിക്കും എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. പ്രവചനാതീതമായ മത്സരത്തിൽ മഴ ഭീഷണിയാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.നഗരത്തിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. വെള്ളിയാഴ്ച ഇവിടെ നടന്ന രണ്ടാം ക്വാളിഫയർ മത്സരവും മഴ കാരണം വൈകിയാണ് ആരംഭിച്ചത്. ഫൈനലിൽ മഴ കളിച്ചാൽ ആര് ജയിക്കും എന്നതും ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ച വിഷയമായിക്കുകയാണ്.
സാധ്യതകൾ ഇങ്ങനെ
കഴിഞ്ഞ ഐപിഎല്ലിൽ മഴ സാധ്യത മുന്നിൽ കണ്ട് റിസർവ് ദിനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായിട്ടില്ല. അതായത് മഴ കളി മുടക്കിയാൽ മത്സരം മാറ്റിവെക്കാൻ സാധ്യതയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.അങ്ങനെയായാൽ ഇന്ന് തന്നെ കളിപൂർത്തികരിച്ച് വിജയികളെ നിർണയിക്കും.
അതേസമയം, ഫൈനലിന് രണ്ട് മണിക്കൂർ കട്ട് ഓഫ്സമയം പ്രഖ്യാപിച്ചിട്ടുണ്ട്. 7.30നാണ് ഫൈനല്‍ മത്സരം തുടങ്ങേണ്ടത്.മഴമൂലം കളി തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കിൽ രാത്രി 9:40 വരെ നിശ്ചിത 20 ഓവര്‍ മത്സരം തുടങ്ങാനാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. അത് സാധ്യമാവാത്ത പക്ഷം പിന്നീട് കുറഞ്ഞത് അഞ്ചോവര്‍ വീതമുള്ള മത്സരമെങ്കിലും സാധ്യമാവുമോ എന്നായിരിക്കും അമ്പയര്‍മാര്‍ പിന്നീട് നോക്കുക. കട്ട് ഓഫ് ടൈമായ രാത്രി 11:56നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്നതായിരിക്കും വിലയിരുത്തപ്പെടുക. ഇതിനും കഴിഞ്ഞില്ലെങ്കിൽ സൂപ്പര്‍ ഓവറിൽ വിജയികളെ നിർണയിക്കാനാകും നീക്കും. അതിനും സാധ്യമാവാതെ വന്നാൽ മത്സരം ഉപേക്ഷിക്കും.
മത്സരം ഉപേക്ഷിച്ചാൽ ആര് വീഴും
സൂപ്പര്‍ ഓവര്‍ പോലും സാധ്യമാവാത്ത തരത്തിൽ മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവന്നാല്‍ ലീഗ് റൗണ്ടില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാതമെത്തിയ ടീമിനെയാകും ഐപിഎല്‍ വിജയികളായി പ്രഖ്യാപിക്കുക. ലീഗ് റൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാം സ്ഥാനത്ത് എത്തിയത് എന്നതിനാല്‍ സ്വാഭാവികമായും ഗുജറാത്ത് കിരീടം നിലനിർത്തും. എന്നാല്‍ ഗുജറാത്ത്-മുംബൈ ക്വാളിഫയര്‍ പോരാട്ടത്തിൽ പോലെ മഴ മാറി നിന്ന പോലെ ഇന്നും മത്സരം നടക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മഴ മാറി സ്റ്റേഡിയത്തിൽ റൺമഴ പെയ്യണമേ എന്ന പ്രാർത്ഥനയിലാണ് ക്രിക്കറ്റ് പ്രേമികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here