നാടിനെ നടുക്കിയ മഹാദുരന്തത്തിന് ഇന്ന് ഒരു മാസം; അതിജീവനത്തിനായി കൈകോര്‍ത്ത് വയനാടന്‍ ജനതയും കേരളവും

നാടൊന്നാകെ ഒരു ദുഃസ്വപ്നം പോലെ ഓര്‍ക്കുന്ന ആ രാത്രി കടന്നുപോയിട്ട് ഇന്നേക്ക് ഒരു മാസം പൂര്‍ത്തിയാകുന്നു. വയനാട് മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്നതിനു തൊട്ടുമുന്‍പു വരെ അത് മറ്റെന്നത്തേയും പോലെ ഒരു സാധാരണ ദിവസമായിരുന്നു. മണ്ണിനെയും പ്രകൃതിയെയും മനുഷ്യരെയും സ്‌നേഹിച്ച വയനാട്ടിലെ ഏതൊരു സാധാരണക്കാരന്റെയും ദിനം പോലെ അവസാനിക്കുമായിരുന്ന ഒന്ന്. എന്നാല്‍, എല്ലാത്തിനെയും തകിടം മറിച്ചുകൊണ്ട് പെട്ടെന്നാണാ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉറ്റവരുടെയും ഉടയവരുടെയും ജീവനും ജീവിതോപാധികളും ഒരു സുപ്രഭാതം കൊണ്ട് ശൂന്യമായ അവസ്ഥ.

കേന്ദ്രത്തിന്റെ അവഗണന

കാടും മലയും പുഴയുമായി പ്രകൃതി രമണീയമായ ഒരു പ്രദേശം ഒറ്റരാത്രി കൊണ്ട് മരണത്തിന്റെ താഴ്വരയായി മാറിയ ഹൃദയഭേദകമായ ആ ദുരന്തത്തിന് ഇന്ന് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍, അവഗണനകളുടെ തുടര്‍ച്ചപോലെ കേന്ദ്രമൊരിക്കല്‍ കൂടി കേരളത്തെ കയ്യൊഴിഞ്ഞിരിക്കുകയാണ്. ദുരന്തമേഖലയില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനം പോലും ചോദ്യ ചിഹ്നമായിരിക്കുന്നു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലടക്കം ഇപ്പോഴും നിലപാട് പ്രഖ്യാപിക്കാത്ത കേന്ദ്രം വയനാടിന്റെ പുനരുദ്ധാരണത്തിനായി കേരളം ആവശ്യപ്പെട്ട സ്പെഷ്യല്‍ പാക്കേജിലും മൗനത്തിലാണ്.

നാടൊന്നിച്ചുള്ള അതിജീവനം

ഒരവഗണനയിലും തളര്‍ന്നു പോകുന്നവരല്ല ഞങ്ങള്‍ എന്ന ദൃഢനിശ്ചയവുമായി കേരളം ഈ പ്രതിസന്ധിയേയും നേരിടാനുറച്ചിരിക്കുകയാണ്. വയനാടിന്റെ സങ്കടം തുടയ്ക്കാനാഗ്രഹിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സര്‍ക്കാര്‍ അവസരമൊരുക്കിയപ്പോള്‍ വറ്റാത്ത ഉറവപോലുള്ള ധനസഹായ പ്രവാഹങ്ങള്‍ ഇത് അടിവരയിടുന്നു. വയനാടിനു വേണ്ടി നാടിന്റെ നാനാതുറകളില്‍ നിന്നുമാണ് മനുഷ്യരൊന്നിച്ചത്. വേദനയിലാണ്ടു പോയ ജീവിതങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകളേകി അവര്‍ നമ്മളൊന്നെന്ന സന്ദേശം നല്‍കി.
ദുരന്തം നടന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച 271 കോടിയിലധികം രൂപ ഏത് ഉരുള്‍പ്പൊട്ടലിനും തകര്‍ക്കാനാവാത്ത കേരളത്തിന്റെ ഐക്യം വിളിച്ചോതുന്നതാണ്. കഴിഞ്ഞു പോയത് ഇനിയൊരിക്കലും ആവര്‍ത്തിക്കരുതേ എന്ന് നാമോരോരുത്തരും ആഗ്രഹിക്കുന്ന ഒരു ദുരന്തമാണ്. എങ്കിലും, അതിജീവനത്തിന്റെ പോരാട്ടവീര്യമുള്‍ക്കൊള്ളുന്ന ഈ ഊര്‍ജം നമ്മെയിനിയും മുന്നോട്ട് നയിക്കുമെന്നത് തീര്‍ച്ചയാണ്. ആ വിശ്വാസത്തിലൂന്നി നമുക്കിനിയും മുന്നേറാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News