ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം പലപ്പോഴും അനുകരിക്കാൻ ശ്രമിച്ചു ചിരിച്ചവരാകും നമ്മൾ. എന്നാൽ ചിരിച്ചു കളയേണ്ടതല്ല ശ്വാസകോശത്തിന്‍റെ പ്രാധാന്യം. പുകവലി മാത്രമല്ല ശ്വാസകോശത്തിന് ഭീഷണി സൃഷ്ടിക്കുന്നത്. കോവിഡാനന്തര കാലത്ത് ശ്വാസകോശത്തിന്‍റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.
പ്രത്യേകിച്ച് ന്യൂമോണിയ പോലെയുള്ള ആരോഗ്യപ്രശ്നങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ശ്വാസകോശത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് ന്യുമോണിയ. ലോകവ്യാപകമായി ഏറ്റവുമധികം കുട്ടികളുടെ മരണകാരണമാകുന്ന രോഗമാണ് ന്യുമോണിയ. ബാക്റ്റീരിയ, വൈറസുകൾ, ഫംഗസ് എന്നിവയെല്ലാം ന്യൂമോണിയയ്ക്ക് കാരണമാകുന്ന രോഗാണുക്കളാണ്.
നവംബർ 12 ലോക ന്യുമോണിയ ദിനമാണ്. ന്യുമോണിയക്കെതിരായ പ്രതിരോധ ബോധവൽക്കരണ ശ്രമങ്ങൾ ഊർജിതപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടുകൂടെയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.
ALSO READ; ആര്‍ദ്രം ആരോഗ്യം; രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി
ലക്ഷണങ്ങൾ
ചുമ, കഫക്കെട്ട്, നെഞ്ചിൽ അണുബാധ, പനി, ശ്വാസം മുട്ടൽ, നെഞ്ചു വേദന എന്നിവയാണു ന്യുമോണിയയുടെ പ്രധാന ലക്ഷണങ്ങൾ. നീണ്ടുനിൽക്കുന്ന വിറയലോടെയുള്ള പനിയാണ് ന്യുമോണിയയുടെ പ്രധാന ലക്ഷണമാണ്. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വിദഗ്ദ ചികിത്സ തേടണം.
ചികിത്സ
ശ്വാസകോശത്തിലെ അണുബാധയെ നിയന്ത്രിക്കാൻ ആന്‍റിബയോട്ടിക് ചികിത്സയാണ് സാധാരണഗതിയിൽ ഡോക്ടർമാർ നിർദേശിക്കുന്നത്. ഇതിനൊപ്പം മറ്റ് ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനുള്ള മരുന്നുകളും നൽകും. ശ്വാസകോശത്തിലെ നീർക്കെട്ടോ ശ്വാസതടസമോ കഫമോ കുറയ്ക്കാനുള്ള മരുന്നുകളും ന്യൂമോണിയ ചികിത്സയിൽ ഉപയോഗിക്കും. രോഗത്തിന്‍റെ കാഠിന്യം അനുസരിച്ചാണ് ആന്‍റി ബയോട്ടിക്കുകൾ നിർദേശിക്കാറുള്ളത്.
പ്രതിരോധം
രോഗപ്രതിരോധ ശേഷി കൈവരിക്കുകയും ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് ന്യുമോണിയയെ പ്രതിരോധിക്കാൻ മികച്ച മാർഗം. ഇതിനൊപ്പം വാക്സിനേഷൻ ന്യൂമോണിയയുടെ ഗുരുതരാവസ്ഥ കുറയ്ക്കാൻ സഹായിക്കും. ന്യൂമോകോക്കൽ വാക്‌സിനും ഇൻഫ്ലുവൻസ, അല്ലെങ്കിൽ ഫ്ലൂ വാക്‌സിനും ഏറ്റവും സാധാരണയായി ലഭ്യമായ വാക്‌സിനുകളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here