ഇന്ന് ലോക മാതൃഭാഷാദിനം. ലോകഭാഷകളെ ആദരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണ് മാതൃഭാഷാദിനത്തിന്റെ ലക്ഷ്യം. ഭാഷാവൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെ സംബന്ധിച്ച് മാതൃഭാഷാ സംരക്ഷണം സുപ്രധാനമാണ്.
ലോകത്ത് 6500ത്തിലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും സ്വന്തമായി ഒരു മാതൃഭാഷയുമുണ്ട്. മാതൃഭാഷാ മനുഷ്യന്‍ സ്വപ്നം കാണുന്ന ഭാഷയാണ്. എല്ലാ ഭാഷകള്‍ക്കും അതിന്റേതായ സൗന്ദര്യവും സംസ്‌കാരവുമുണ്ട്. ആ വൈവിധ്യങ്ങളുടെ ആഘോഷമാണ് ലോക മാതൃഭാഷാ ദിനം. ലോക മാതൃഭാഷാദിനത്തിനു പിന്നിലും ചോരനിറമാര്‍ന്നൊരു ചരിത്രമുണ്ട്. 1952ല്‍ ബംഗ്ലാദേശ് ഗവണ്‍മെന്റ് അവരുടെ മാതൃഭാഷയായ ബംഗാളിയെ മാറ്റി ഉറുദുവിനെ ഭരണഭാഷയാക്കി. ആ തീരുമാനം ബഹുഭൂരിപക്ഷം വരുന്ന ബംഗാളികളെ ക്ഷുഭിതരാക്കി. മാതൃഭാഷയ്ക്കുവേണ്ടി ബംഗ്ലാദേശ് ഉജ്വലമായൊരു സമരഭൂമിയായി. ബംഗ്ലാദേശ് സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്താന്‍ നടത്തിയ വെടിവെപ്പില്‍ 1952 ഫെബ്രുവരി 21ന് സര്‍വകലാശാലാ വിദ്യാര്‍ഥികളായ നാലു പേര്‍ മരിച്ചു. മാതൃഭാഷയ്ക്കുവേണ്ടി രക്തസാക്ഷികളായ ആ വിദ്യാര്‍ഥികളുടെ സ്മരണ നിലനിര്‍ത്താനാണ് ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്.
സംസ്‌കൃതത്തിന്റെ മേല്‍ക്കോയ്മയില്‍ നിന്ന് കേരളത്തെ രക്ഷിച്ചതുകൊണ്ടാണ് എഴുത്തച്ഛന്‍ നമ്മുടെ ഭാഷാപിതാവാകുന്നത്. കേരളം മലയാളികളുടെ മാതൃഭൂമിയെന്ന ഇഎംഎസിന്റെ പുസ്തകം ഭാഷാടിസ്ഥാനത്തില്‍ രൂപികരിച്ച കേരളത്തിന്റെ അടിത്തറയാണ്. 1957ല്‍ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് ഭരണത്തിലും വിദ്യാഭ്യാസത്തിലും മാതൃഭാഷാസ്‌നേഹം ഒരു നയമാക്കി. ഭരണഘടനയുടെ 8-ാം ഷെഡ്യൂളനുസരിച്ചുള്ള 22 ഭാഷകളില്‍ മലയാളത്തിന് ഒമ്പതാം സ്ഥാനമുണ്ട്. ലോകഭാഷകളിലേക്ക് മലയാളത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെടുന്നതുപോലെ രചനകള്‍ മറ്റൊരു ഇന്ത്യന്‍ ഭാഷകളില്‍ നിന്നും സംഭവിക്കുന്നില്ല. മലയാളഭാഷയുടെ മഹത്വത്തെക്കുറിച്ച് ലോകം വാഴ്ത്തുമ്പോഴും അവഗണിക്കുന്ന സമീപനങ്ങളും മലയാളികളില്‍ നിന്നുതന്നെ ഉണ്ടാകുന്നുണ്ട്. ഒപ്പം ഹിന്ദിയെ മുന്‍നിര്‍ത്തി ഭാഷദേശീയവാദം ശക്തമാക്കാനും അതുവഴി ഹിന്ദുത്വഫാസിസം ഉറപ്പിക്കാനുമുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കലും ഈ ദിവസത്തെ ഒരു സുപ്രധാന കടമയാകുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here