പൂരം അട്ടിമറി: സമഗ്ര അന്വേഷണവുമായി സര്‍ക്കാര്‍; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പ്രത്യേക അന്വേഷണ സംഘം

തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പൂരവുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതേക്കുറിച്ച് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

ALSO READ:നിയമസഭയിൽ പി വി അൻവറിന്റെ സ്ഥാനം ഇനി പ്രതിപക്ഷനിരയിൽ

അര്‍ഹമായ സഹായം ലഭ്യമാക്കണം

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചു.

മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം

വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ നഷ്ടപ്പെട്ട 8 കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കും. വനിതാ ശിശുവികസന വകുപ്പ് ഫണ്ടില്‍ നിന്നാണ് തുക നല്‍കുക.

മോഡല്‍ ടൗണ്‍ഷിപ്പ്

മേപ്പാടി ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാന്‍ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ളത് വൈത്തിരി താലൂക്കിലെ, കോട്ടപ്പടി വില്ലേജിലെ, ബ്ലോക്ക് നം. 28, സര്‍വ്വെ നം 366 ല്‍പ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭുമിയും, വൈത്തിരി താലൂക്കിലെ, കല്‍പ്പറ്റ വില്ലേജിലെ ബ്ലോക്ക് നം. 19, സര്‍വ്വെ നം881 ല്‍പ്പെട്ട എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയുമാണ്.

ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെയടക്കം വിദഗ്‌ധോപദേശം തേടിയിരുന്നു. വേഗം തന്നെ സ്ഥലം കിട്ടുക എന്നത് വളരെ പ്രധാനമായതിനാല്‍, ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷന്‍ ഏറ്റെടുക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. സ്ഥലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണിത്.

ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടര്‍ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപെടുത്തി.

ALSO READ:‘അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം’; പി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടീസ്

ശ്രുതിക്ക് ജോലി

വയനാട് ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നല്‍കും.

അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കും.

കരട് ബില്‍ അംഗീകരിച്ചു

2018 ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും ) ആക്ട് ഭേദഗതി വരുത്തുന്നതിനായി 2024 ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും ) കരട് ഭേദഗതി ബില്‍ അംഗീകരിച്ചു.

2024 ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ലിന്റെ കരട് അംഗീകരിച്ചു.

2024-ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗര പ്രദേശ വികസനവും (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിച്ചു.

2024-ലെ കേരള സൂക്ഷ്മ -ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കല്‍ (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിച്ചു.

കാലാവധി ദീര്‍ഘിപ്പിച്ചു

നവകേരളം കര്‍മ്മപദ്ധതിയുടെ കാലാവധി 01/08/2024 മുതല്‍ രണ്ട് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും 87 തസ്തികകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതിയും നല്‍കും.

തസ്തിക

തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലുള്ള 6 വിജിലന്‍സ് പ്രത്യേക കോടതികളില്‍ ഓരോ പുതിയ അസിസ്റ്റന്റ്‌റ് തസ്തിക വീതം സൃഷ്ടിക്കും.

ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാനായി ഡോ.ജിനു സക്കറിയ ഉമ്മനെ നിയമിക്കാന്‍ തീരുമാനിച്ചു.

മുദ്രവില ഒഴിവാക്കും

തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിലെ തിരുവനന്തപുരം ഡെവലപ്പ്‌മെന്റ്‌റ് അതോറിറ്റി (ട്രിഡ) യുടെ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിച്ചു വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍ കാര്യാലയത്തിനു വേണ്ടി, വാടകകരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവിലയിനത്തിലും രജിസ്‌ട്രേഷന്‍ ഫീസിനത്തിലും ആവശ്യമായി വരുന്ന തുക ഒഴിവാക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം

2024 സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 9,34,43,367 രൂപയാണ് വിതരണം ചെയ്തത്. 2196 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.

ജില്ലതിരിച്ചുള്ള വിവരങ്ങള്‍,

തിരുവനന്തപുരം 104 പേര്‍ക്ക് 5,49,33,117 രൂപ
കൊല്ലം 445 പേര്‍ക്ക് 50,83,000 രൂപ
പത്തനംതിട്ട 48 പേര്‍ക്ക് 11,87,000 രൂപ
ആലപ്പുഴ 414 പേര്‍ക്ക് 35,76,750 രൂപ
കോട്ടയം 15 പേര്‍ക്ക് 6,75,000 രൂപ
ഇടുക്കി 64 പേര്‍ക്ക് 10,87,000 രൂപ
എറണാകുളം 475 പേര്‍ക്ക് 6,57,800 രൂപ
തൃശ്ശൂര്‍ 262 പേര്‍ക്ക് 78,78,900 രൂപ
പാലക്കാട് 138 പേര്‍ക്ക് 39,10,000 രൂപ
മലപ്പുറം 58 പേര്‍ക്ക് 19,50,000 രൂപ
കോഴിക്കോട് 41 പേര്‍ക്ക് 25,57,000 രൂപ
വയനാട് 20 പേര്‍ക്ക് 7,95,000 രൂപ
കണ്ണൂര്‍ 59 പേര്‍ക്ക് 12,48,600 രൂപ
കാസര്‍കോട് 53 പേര്‍ക്ക് 19,84,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News