ഐപിഎല്ലില്‍ ഇന്ന് തീ പാറും

ഐപിഎല്‍ പതിനാറാം സീസണില്‍ ഞായറാഴ്ച നടക്കുന്നത്ത് വമ്പന്മാരുടെ പോരാട്ടം. ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമായിട്ടാണ് രണ്ടാം പോരാട്ടം.

പതിനഞ്ചാം സീസണില്‍ കലാശ പോരാട്ടത്തില്‍ കൈവിട്ടുപോയ കിരീടം തിരിച്ചു പിടിക്കാനാണ് രാജസ്ഥാന്റെ വരവ്. രാജസ്ഥാന്റെ ഈ സീസണിലെ ആദ്യ മത്സരമാണിത്. ജയ്‌സ്വാളും ബട്ട്ലറും ഹെറ്റ്‌മേയറും ചഹലും അശ്വിനും സാംപയുമെല്ലാം അടങ്ങുന്ന രാജസ്ഥാന്‍ കരുത്തുറ്റ ഇലവനെയായിരിക്കും കളത്തില്‍ ഇറങ്ങുക.

മറുവശത്ത് നായകന്‍ എയ്ഡന്‍ മര്‍ക്രം ദേശീയ ടീമിനൊപ്പമായതിനാല്‍ ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ എട്ടാം സ്ഥാനത്തായിരുന്ന ഹൈദരാബാദ് അടിമുടി മാറി വലിയ തിരിച്ചുവരവ് ലക്ഷ്യം വച്ചാണ് പുതിയ സീസണില്‍ ഇറങ്ങുന്നത്. ഇംഗ്ലണ്ട് യുവ സെന്‍സേഷന്‍ ഹാരി ബ്രൂക്ക്, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമ്രാന്‍ മാലിക്, രാഹുല്‍ ത്രിപാഠി തുടങ്ങിയ താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. ഹൈദരാബാദിന്റെ തട്ടകത്തില്‍ വൈകിട്ട് 3:30 നാണ് മത്സരം.

ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗ്ലാമര്‍ ടീമുകളായ മുബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്തി കിരീട വഴിയില്‍ തിരിച്ചെത്താനുറച്ചാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ കളത്തിലിറങ്ങുന്നത്. ബുംറെയുടെ അഭാവം അലട്ടുന്നുണ്ടെങ്കിലും ആര്‍ച്ചറുടെ വരവ് രോഹിത്ത് ശര്‍മക്കും സംഘത്തിനും കരുത്താകും. മറുവശത്ത് പലതവണ വഴുതി പോയ കിരീടം സ്വന്തമാക്കാനാണ് ഫാഫ് ഡുപ്ലെസിസിന്റെ നേതൃത്വത്തില്‍ ബംഗ്ലൂര്‍ ഇറങ്ങുന്നത്. കിംഗ് കോഹ്ലിയുടെ സാന്നിധ്യം തന്നെയാണ് ബാഗ്‌ളൂരിന്റെ ഊര്‍ജ്ജം, കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കളിച്ച ടീം ഇത്തവണ അതും കടന്ന് മുന്നേറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ബാംഗ്ലൂരിന്റെ മൈതാനമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7:30 നാണ് മുംബൈ- ബാംഗ്ലൂര്‍ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News