നായനാർ മുതൽക്ക് താൻ കണ്ട എല്ലാ മുഖ്യമന്ത്രിമാരും തനിക്ക് വലിയ സ്നേഹമാണ് നൽകിയിട്ടുള്ളതെന്ന് മുൻ ഡി ജി പി ടോമിൻ ജെ തച്ചങ്കരി. സംഗീത പരിപാടിയ്ക്ക് അമേരിക്കയിലേക്ക് പോകാൻ അനുമതി ചോദിച്ചപ്പോൾ ‘ഓന്‍ പോയിട്ട് വരട്ടെടോ’ എന്നാണ് നായനാർ പറഞ്ഞതെന്നും, അവിടത്തെ സംഘാടകര്‍ തന്റെ പോലീസ് യൂണിഫോമിലുള്ള ഫോട്ടോ വെച്ച് വലിയ പ്രചാരമാണ് പരിപാടിക്കായി കൊടുത്തതെന്നും ടോമിൻ തച്ചങ്കരി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ടോമിൻ തച്ചങ്കരിയുടെ വാക്കുകൾ
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ഞാന്‍ അമേരിക്കയില്‍ പോകാന്‍ അനുമതി ചോദിച്ചു. എന്റെ സംഗീത പരിപാടികളുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. അവിടത്തെ സംഘാടകര്‍ ഞാന്‍ പോലീസ് യൂണിഫോമിലുള്ള ഫോട്ടോ വെച്ച് വലിയ പ്രചാരമാണ് പരിപാടിക്കായി കൊടുത്തത്. സീറ്റിന് ഇത്ര ഡോളര്‍ എന്നോ മറ്റോ ആ നോട്ടീസുകളിലുണ്ടായിരുന്നുവത്രെ .ചില സഹപ്രവര്‍ത്തകര്‍ ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. തച്ചങ്കരി പോലീസ് യൂണിഫോമില്‍ നിന്നുകൊണ്ട് പണം പിരിക്കുന്നു എന്ന് വരെ ഏഷണി പരത്തി. എന്നാല്‍, യാത്ര തിരിക്കേണ്ടതിന് നാലഞ്ച് മണിക്കൂര്‍ മുമ്പാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി വിളിച്ച് അനുമതി നല്‍കിയ കാര്യം അറിയിക്കുന്നത്. ‘ഓന്‍ പോയിട്ട് വരട്ടെടോ’ എന്നായിരുന്നു നായനാര്‍ പറഞ്ഞതത്രെ.
ALSO READ: ‘വ്യത്യസ്തനായൊരു തച്ചങ്കരിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല’: മനസ്സ് തുറന്ന് ടോമിന്‍ ജെ തച്ചങ്കരി
എന്റെ എ ഡി ജി പി സ്ഥാനത്തേക്കുള്ള പ്രമോഷനും ചിലര്‍ പാരകള്‍ പണിതു. പരാതികള്‍ നല്‍കി. എന്നാല്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അതൊന്നും ചെവിക്കൊണ്ടില്ല. അദ്ദേഹം ഫയലില്‍ ഒപ്പിട്ടു. ഡി ജി പി സ്ഥാനത്തേക്ക് എന്റെ പേര് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നായനാര്‍ മുതല്‍ ഞാന്‍ കണ്ട എല്ലാ മുഖ്യമന്ത്രിമാരും എനിക്ക് വലിയ സ്നേഹം നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ ഞാന്‍ വിദേശയാത്രകള്‍ നടത്തി എന്നതും വലിയ വിവാദമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here