പാര്‍ലമെന്റിലെ പുകയാക്രമണം: പ്രതിപക്ഷത്തിന്റെ ആളുകളെന്ന് പറയിപ്പിക്കാന്‍ ക്രൂരമായി പീഡിപ്പിച്ചു, ഷോക്കടിപ്പിച്ചു; പ്രതികളുടെ മൊഴി പുറത്ത്

പാര്‍ലമെന്റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ അറസ്റ്റിലായ പ്രതികളെ ദില്ലി പൊലീസ് പീഡിപ്പിച്ചുവെന്ന് പ്രതികളുടെ മൊഴി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ തങ്ങളെ പീഡിപ്പിക്കുകയും നിരവധി വെള്ളപേപ്പറുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടീപ്പിക്കുകയും വൈദ്യുതാഘാതമേല്‍പ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയും ചെയ്തതായി പ്രതികള്‍ കോടതിയെ അറിയിച്ചു.

പ്രതികളായ സാഗര്‍ ശര്‍മ, മനോരഞ്ജന്‍ ഡി, ലളിത് ഝാ, മഹേഷ് കുമാവത്, അമോല്‍ ഷിന്‍ഡെ എന്നീ അഞ്ച് പേരും പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ദീപ് കൗറിന് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇമെയിലുകള്‍, ഫോണുകള്‍ എന്നിവയുടെ പാസ്വേഡുകള്‍ നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരുന്നുവെന്ന് അപേക്ഷയില്‍ പറയുന്നു. പ്രതിപക്ഷവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനായി രാഷ്ട്രീയ പാര്‍ട്ടിയുടെയോ നേതാവിന്റെയോ പേര് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും പ്രതികള്‍ അപേക്ഷയില്‍ പറയുന്നു.

Also Read : ഇന്ത്യന്‍ ഭൂപടം വികലമാക്കിയതിനെതിരെ പ്രതിഷേധം; സംഘപരിവാര്‍ അനുകൂലികള്‍ മര്‍ദിച്ച വിദ്യാര്‍ഥിയെ എന്‍ഐടി സസ്പെന്‍ഡ് ചെയ്തു

വാദം കേള്‍ക്കലിന് ശേഷം, ജസ്റ്റിസ് കൗര്‍ ആറ് പ്രതികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് 1 വരെ നീട്ടി. അഞ്ച് പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷ ഫെബ്രുവരി 17 ന് പരിഗണിക്കാന്‍ കോടതി ഷെഡ്യൂള്‍ ചെയ്തു, കൂടാതെ ആരോപണങ്ങളോട് പ്രതികരണം സമര്‍പ്പിക്കാന്‍ ദില്ലി പൊലീസിനോട് നിര്‍ദ്ദേശിച്ചു.

പ്രതി നീലം ആസാദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ അടുത്തിടെ കോടതി തള്ളിയിരുന്നു. എഫ്‌ഐആറിന്റെ പകര്‍പ്പ് ആസാദിന് നല്‍കാന്‍ ദില്ലി പൊലീസിനോട് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഡല്‍ഹി പൊലീസ് ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പിന്നീട് സ്റ്റേ ചെയ്തു. ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്ത ആറ് പ്രതികളില്‍ അഞ്ച് പേരും പോളിഗ്രാഫ് പരിശോധനയ്ക്ക് സമ്മതം അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതികളായ സാഗര്‍ ശര്‍മ്മയും മനോരഞ്ജനും നാര്‍ക്കോ വിശകലനത്തിനും ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റിനും സമ്മതം നല്‍കി. പ്രതിയായ നീലം ആസാദ് എല്ലാ പരിശോധനകള്‍ക്കും സമ്മതം നിഷേധിച്ചു.

2001-ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സീറോ അവര്‍ സെഷന്‍ നടക്കുമ്പോള്‍ പൊതു ഗാലറിയില്‍ നിന്ന് രണ്ട് പേര്‍ ലോക്സഭയുടെ ചേമ്പറിലേക്ക് ചാടുകയായിരുന്നു. സാഗര്‍ ശര്‍മ്മയും മനോരഞ്ജന്‍ ഡിയുമാണ് ഇരുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News