ടൂറിസം വകുപ്പ് ‘ശ്രീനാരായണഗുരു മൈക്രോസൈറ്റ്’ തയ്യാറാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

muhammed riyas

ടൂറിസം വകുപ്പ് ‘ശ്രീനാരായണഗുരു മൈക്രോസൈറ്റ്’ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ കേരളത്തിലെത്തുന്ന ലോകത്തില്‍ എവിടെയും ഉളള സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനു വേണ്ടി ഒരു പ്രത്യേക മൈക്രോസൈറ്റ് രൂപീകരിക്കുവാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട് എന്നും ടൂറിസം വകുപ്പ് ശ്രീനാരായണഗുരു മൈക്രോസൈറ്റ് തയ്യാറാക്കുന്ന വിവരം ശിവഗിരിയില്‍ വച്ചു തന്നെ അറിയിക്കുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്ളടക്കം ചെയ്ത വിവിധ ഭാഷകളില്‍ ഉള്ള മൈക്രോസൈറ്റ് ആണ് ടൂറിസം വകുപ്പ് സജ്ജമാക്കുക. ഗുരുവിനെ കുറിച്ച് അറിയാനും ഗുരുവിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും കഴിയുന്ന ഒന്നായി ശ്രീനാരായണ ഗുരു മൈക്രോസൈറ്റിനെ വികസിപ്പിക്കും. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ , ആശ്രമങ്ങള്‍ തുടങ്ങിയവയെ കുറിച്ച് എല്ലാം ഇതിലൂടെ ലോകത്തിന് കൂടുതല്‍ മനസിലാക്കാനാകും. ശിവഗിരി മഠത്തെ കുറിച്ചും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ സൈറ്റില്‍ ഉള്‍പ്പെടുത്തും.
ഒപ്പം ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനും മൈക്രോസൈറ്റ് വഴി സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.”-അദ്ദേഹം പറഞ്ഞു.

ALSO READ; മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉള്ള കാലം

ശ്രീനാരായണ ഗുരു എന്തിനെതിരെയാണോ പോരാടിയത് , അത് ഇപ്പോഴും സമൂഹത്തില്‍ തുടരണം എന്ന് ആഗ്രഹിക്കുന്നവര്‍ ഗുരുവിനെ തെറ്റായി വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്ന കാലം ആണ് ഇത്. അതുകൊണ്ടു തന്നെ ഗുരുവചനങ്ങളും ഗുരുവിന്റെ സന്ദേശങ്ങളും വീണ്ടും വീണ്ടും ഇവിടെ പറയുന്നത് കൂടുതല്‍ പ്രസക്തമാകുന്നു. 1916 ല്‍ തിരുവനന്തപുരം മുട്ടത്തറയില്‍ നടന്ന പുലയ സമാജത്തിന്റെ സമ്മേളനത്തില്‍ ഗുരു തന്റെ ആശയം കൃത്യമായി പറഞ്ഞിട്ടുണ്ട്. ‘മനുഷ്യര്‍ ഒക്കെ ഒരു ജാതിയാണ്. അവരുടെ ഇടയില്‍ സ്ഥിതിഭേദമില്ലാതെ ജാതിഭേദം ഇല്ല ‘. മനുഷ്യ ജാതി എന്നതേ നിലനില്‍ക്കുന്നുള്ളൂ എന്ന് അവസരം കിട്ടിയപ്പോള്‍ എല്ലാം ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചു. “പലമതസാരവുമേകം” എന്ന ഗുരുവിന്റെ വാക്കുകള്‍ തന്നെ എന്താണ് ഗുരു മുന്നോട്ടു വെച്ച സന്ദേശം എന്ന് വ്യക്തമാക്കുന്നതാണ്.
“പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം. “
ആത്മോപദേശ ശതകത്തില്‍ ഗുരു ഇതിനെ ഊട്ടി ഉറപ്പിക്കുകയാണ് .മതങ്ങളുടെ എല്ലാം സാരം ഒന്നു തന്നെയാണ് . എന്നാല്‍ പാമരന്മാര്‍ അതിനെ ചൊല്ലി കലഹിക്കാന്‍ നടക്കുകയാണ് എന്ന് ഗുരു പറയുന്നു. ഇത് ആ കാലഘട്ടത്തില്‍ പ്രസക്തമായ കാര്യം.

എല്ലാത്തിനേയും പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ മനസ്ഥിതി ആര്‍ജ്ജിക്കാനാണ് ഗുരു നിരന്തരം ഉപദേശിച്ചത്. ഇതിന് വിദ്യാഭ്യാസത്തെ വളരെ പ്രധാനപ്പെട്ട ആയുധമായി ഗുരു കരുതുന്നുണ്ട്.
നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിഷ്ഠ നടത്തി ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഗുരു മുന്നിട്ടിറങ്ങി. ക്ഷേത്രങ്ങളില്‍ പോകാന്‍ പോലും കീഴ്ജാതിക്കാര്‍ക്ക് അവകാശമില്ലാത്ത കാലത്താണ് ഗുരു ഈ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്.1917 ല്‍ ഗുരു വളരെ നിര്‍ണ്ണായകമായ മറ്റൊരു പ്രഖ്യാപനം നടത്തുന്നുണ്ട്. ‘ പ്രധാന ദേവാലയം വിദ്യാലയം ആയിരിക്കണം , പണം പിരിച്ചു വിദ്യാലയങ്ങള്‍ ഉണ്ടാക്കുവാനാണ് ഉത്സാഹിക്കേണ്ടത്, ഇനി ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുവാന്‍ ശ്രമിക്കണം, അവര്‍ക്ക് അറിവുണ്ടാകട്ടെ , അതു തന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന് ‘.ശ്രീനാരായണ ഗുരു വിദ്യാഭ്യാസത്തിന് നല്‍കിയ ഔന്നിത്യം ആണ് ഈ വാക്കുകളില്‍ പ്രകടമാക്കുന്നത്.

അധ:കൃത വര്‍ഗക്കാരുടെ അവശകതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിന് പുറമെ മറ്റെന്തെല്ലാം കൂടി വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം എന്ന് ഗാന്ധിജിയുമായുള്ള സംഭാഷണത്തില്‍ ഗുരുദേവനോട് ചോദിക്കുന്നുണ്ട്. അതിലും ഗുരു നല്‍കുന്ന മറുപടി വിദ്യാഭ്യാസവും ആയി ബന്ധപ്പെട്ടതാണ്. “ അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. നന്നാകാനുള്ള സൗകര്യം മറ്റെല്ലാവര്‍ക്കും എന്നതു പൊലെ ഉണ്ടാകണം.”അതായിരുന്നു ഗുരുവിന്റെ വാചകങ്ങള്‍. കേരളത്തിന്റെ ഇന്നു കാണുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ വളര്‍ത്തി എടുക്കുന്നതില്‍ ഗുരുവിന് പ്രധാന പങ്കുണ്ട്. ജനാധിപത്യവും മതനിരപേക്ഷവുമായ വിദ്യാഭ്യാസമ്പ്രദായത്തെ വളര്‍ത്തി കൊണ്ടു വരുവാന്‍ ഗുരുവിന്റെ കൂടി വാക്കുകളിലൂടെ നമുക്ക് സാധിച്ചു. 1910ൽ ചെറായിയില്‍ നൽകിയ സന്ദേശത്തിൽ ഗുരു പറഞ്ഞു.
“വിദ്യാഭ്യാസം ചെയ്ത് അഭിവൃദ്ധിപ്പെടുക, ആൺ-പെൺ ഭേദമന്യേ ഉന്നതവിദ്യാഭ്യാസം ചെയ്യുക.”അന്നത്തെ കാലത്ത് ആ വാചകങ്ങള്‍ക്ക് വലിയ പ്രസക്തി.

വിദ്യാഭ്യാസം എന്നത് സാദാ വിദ്യാഭ്യാസം മാത്രമാകരുത് എന്ന വീക്ഷണം കൂടി ഗുരു മുന്നോട്ടു വച്ചു. അത് നൈപുണി വികസനം കൂടി ആകണം. തൊഴില്‍ കൂടി അഭ്യസിക്കണം. വിദ്യാഭ്യാസ കാലത്ത് തൊഴില്‍ നേടുന്നതിലൂടെ യുവത്വത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുവാനാണ് ഗുരു ശ്രമിച്ചത് .വിദ്യ കൊണ്ട് സ്വതന്ത്രരാകൂ എന്ന പ്രഖ്യാപനം കൂടി ഈ അവസരത്തില്‍ ഓര്‍ത്തുവെക്കാം. ഈ നിലയില്‍ ഒരു പുരോഗമന സമൂഹത്തെ എങ്ങനെ കെട്ടിപ്പടുക്കാം എന്ന് ശാസ്ത്രീയ അര്‍ത്ഥത്തില്‍ ഗുരു നമുക്ക് കാട്ടി തരുന്നുണ്ട്. ആ വഴിയിലൂടെ നമുക്ക് സഞ്ചരിക്കാനാകണം. പുതുതലമുറ കൂടുതലായി ശ്രീനാരായണീയ ദര്‍ശനങ്ങളെ ഏറ്റെടുക്കണം.

പുതുതലമുറയെ കൂടി ചേര്‍ത്തു പിടിക്കുന്നതിന് ശിവഗിരി മഠം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു . ടൂറിസം വകുപ്പ് തയ്യാറാക്കുന്ന ശ്രീനാരായണ ഗുരു മൈക്രോസൈറ്റ് ആ മേഖലയിലുള്ള പ്രധാനപ്പെട്ട ചുവടുവെപ്പായി മാറും എന്ന് പ്രതീക്ഷിക്കുന്നു. മൈക്രോസൈറ്റിന് ശിവഗിരി മഠത്തിന്റെ കൂടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News