മദ്യനയവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തകൾക്ക് ടൂറിസം വകുപ്പുമായി ബന്ധമില്ല; വ്യാജ വാർത്തകൾക്ക് മറുപടിയുമായി ടൂറിസം ഡയറക്ടർ

മദ്യനയവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തകൾക്ക് ടൂറിസം വകുപ്പുമായി ബന്ധമില്ലെന്ന് ടൂറിസം ഡയറക്ടർ ശിഖ ഐഎഎസ്. ടൂറിസം ഡയറക്ടർ ഇൻഡ്രസ്ട്രി കണക്ടിന്റെ ഭാഗമായി നടത്തിയ മീറ്റിങ്ങിനെക്കുറിച്ച് പരക്കുന്നത് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ്. ടൂറിസം മേഖലയിലെ സ്റ്റേറ്റ് ഹോൾഡേഴ്സിന്റെ പ്രതിനിധികളുടെ മീറ്റിങ്ങ് മദ്യനയമായി ബന്ധപ്പെട്ടതോ പ്രത്യേക യോഗമോ അല്ല. ടൂറിസം മേഖലയിലെ സംഘടനകൾ മുന്നോട്ടുവച്ച വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. മന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നില്ല യോഗമെന്നും ടൂറിസം ഡയറക്ടർ. ടൂറിസം ഡയറക്ടറേറ്റ് പുറത്തുവിട്ട കുറിപ്പിലാണ് ഈ മീറ്റിങ്ങുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ നൽകിയിരിക്കുന്നത്.

Also Read; ‘നിഖിൽ പൈലിമാരെ ഉണ്ടാക്കാനാണോ കെഎസ്‌യുവിന്റെ നേതൃത്വ പഠന ക്യാമ്പ്’: വിമർശനവുമായി എ എ റഹിം എംപി

കുറിപ്പിന്റെ പൂർണരൂപം;

ടൂറിസം മേഖലയുടെ വികസനത്തിൽ റിസോർട്ടുകൾ, ഹോട്ടലുകൾ ,ഹൗസ് ബോട്ടുകൾ, ഇവൻ്റ് മാനേജ്മെൻറ് ഗ്രൂപ്പുകൾ എന്നിവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ ടൂറിസം മേഖലയിലെ സ്റ്റേക് ഹോൾഡേഴ്സിൻ്റെ പ്രതിനിധികളുടെ മീറ്റിങ്ങുകൾ കൃത്യമായ ഇടവേളകളിൽ ടൂറിസം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വിളിച്ചു ചേർക്കാറുള്ളതാണ്. കേരള ട്രാവൽ മാർട്ട് സൊസൈറ്റി അടക്കമുള്ള ഈ മേഖലയിലെ സംഘടനകൾ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് സ്റ്റേക് ഹോൾഡേഴ്സിൻ്റെ യോഗം 21/ 5/2024ന് ടൂറിസം ഡയറക്ടർ വിളിച്ച് ചേർത്തത്. ഇപ്രകാരം യോഗം വിളിച്ചു ചേർത്തത് ബഹുമാനപ്പെട്ട ടൂറിസം മന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല.

പ്രസ്തുത യോഗത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ താഴെ നൽകുന്നു

1)Kerala travel Mart society – president and secretary.

2)Event management association

3)House boat association

4)Federation of Kerala hotels association

5)South Kerala hotel federation

6)Association of approved and classified hotels of Kerala

7)Kerala tourism development association

യോഗത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളിൽ നിന്ന് തന്നെ ഇത് ബാർ ഉടമകളുടെ മാത്രമായതോ, ഇപ്പോൾ പ്രചരിപ്പിക്കും പ്രകാരം സർക്കാരിൻറെ മദ്യനയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നത് വളരെ വ്യക്തമാണ്.

വെഡിങ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ ഉയർത്തുന്നതിന് നേരിടുന്ന തടസ്സങ്ങൾ, MICE ടൂറിസത്തിന് നേരിടുന്ന പ്രശ്നങ്ങൾ, ദീർഘകാലമായി ടൂറിസം ഇൻഡസ്ട്രി നേരിടുന്ന പ്രശനങ്ങൾ തുടങ്ങിയവയാണ് യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ച വിഷയങ്ങൾ.

Also Read; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് നൽകിയിട്ടില്ല. ടൂറിസം വകുപ്പിന്റെ ഡയറക്ടർ എന്ന നിലയിൽ മേഖലയിലെ വിഷയങ്ങൾ പഠിക്കാൻ ഡയറക്ടറുടെ തലത്തിൽ യോഗങ്ങൾ കൂടുന്ന പതിവുണ്ട്. അത്തരം യോഗങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ നടത്തുകയാണ് പതിവ്. അപ്രകാരം ഒരു സ്റ്റേക് ഹോൾഡർ മീറ്റിംഗ് മാത്രമാണ് 21/ 5 /2024ന് കൂടിയിട്ടുള്ളത്. യോഗ നോട്ടീസിൽ വിഷയം ചുരുക്കി പരാമർശിക്കേണ്ടത് ഉള്ളതിനാൽ വിവിധ സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ ഒന്ന് ഉൾപ്പെടുത്തിയിരുന്നു. ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് മറ്റു വകുപ്പുകളിൽ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്ന തരത്തിൽ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനം ഇല്ല. ഉയർന്നുവന്ന വിഷയങ്ങൾ ടൂറിസം വ്യവസായമായവുമായി ബന്ധപ്പെട്ട സംഘടനകൾ ദീർഘകാലമായി ഉന്നയിച്ചു വരുന്നതാണ്. എന്നാൽ ഇക്കാര്യങ്ങളിൽ ഒരു നിലപാടും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. കൂടാതെ, മദ്യനയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റു വാർത്തകളുമായോ, ചില വ്യക്തികൾ നടത്തിയ പരാമർശങ്ങളുമായോ ടൂറിസം ഡയറക്ടറേറ്റിന് യാതൊരുവിധ ബന്ധവുമുള്ളതല്ല എന്ന വസ്തുത അറിയിക്കുന്നു.

-ടൂറിസം ഡയറക്ടർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here