വാഹനപ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. കാത്തിരിപ്പിന് വിരാമമിട്ട്, ടൊയോട്ടയുടെ ഐതിഹാസിക ഓഫ് റോഡർ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എസ്‌യുവി 2025 അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. എൽസി 300-നെ പോലെ പൂർണമായി വിദേശത്ത് നിർമിച്ച ശേഷം ഇന്ത്യയിലേക്ക് പ്രാഡോയും ഇറക്കുമതി ചെയ്യാനാണ് ടൊയോട്ട പദ്ധതിയിടുന്നത് എന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. എൽസി 300-ന് താഴെയാവും ന്യൂ ജനറേഷൻ പ്രാഡോയുടെ സ്ഥാനം. ഇന്ത്യയിൽ ലോഞ്ച് ചെയ്യാറാകുമ്പുമ്പോഴേ കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിടൂ.
Also Read; ജിയോ സിനിമ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ലയിക്കുന്നു; ‘ജിയോ ഹോട്ട്‌സ്റ്റാർ’ ഉടൻ
കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ഈ വാഹനം ടൊയോട്ട ആഗോളതലത്തിൽ അവതരിപ്പിച്ചത്. ടിഎൻജിഎ – എഫ് ലാഡർ ഓൺ ഫ്രെയിം ചേസിസിലാണ് പ്രാഡോയുടെ നിർമാണം. 4920 എംഎം നീളവും 2139 എംഎം വീതിയും 1870 എംഎം ഉയരവുമാണ് ഈ കരുത്തനായ എസ്‌യുവിക്കുള്ളത്. 2850 എംഎം വീൽബേസും 221 എംഎം ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്. റെട്രോ ബോക്സി ഡിസൈനിലാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഫ്രണ്ട് ബമ്പറും വാഹനത്തിനുണ്ട്.
ഏത് ഭൂപ്രദേശങ്ങളിലൂടെയും ഈസിയായി കയറിപ്പോകാവുന്ന മെച്ചപ്പെടുത്തിയ ഓൾ ടെറയിൻ സംവിധാനമാണ് വാഹനത്തിലുള്ളതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഓഫ് റോഡ് ഡ്രൈവിങ് മോഡുകളുടെ നവീകരണം, മൾട്ടി ട്ടെറൈൻ മോണിറ്റർ ഇന്റർഫെയ്സിന്റെ അപ്ഡേറ്റ് ഇവയെല്ലാം ഓഫ് റോഡ് ഡ്രൈവിന് സഹായമാകുമെന്നും ടൊയോട്ട വിശദമാക്കുന്നുണ്ട്.
കൂടുതൽ സാങ്കേതിക വിദ്യയും, ഫീച്ചറുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ രീതിയിലുള്ള ക്യാബിനാണ് പുതിയ പ്രാഡോയിലുള്ളത്. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് സീറ്റുകൾ, ഹെഡ് അപ് ഡിസ്പ്ലേ, വയർലെസ് ചാർജർ എന്നിങ്ങനെയുള്ള സവിശേഷതകളുമുണ്ട്.
യൂറോപ്പ്, ജപ്പാൻ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയൻ വിപണികളിൽ 48വി എംഎച്ച്ഇവി മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 2.8 ലിറ്റർ ഓട്ടോമാറ്റിക് ഡീസൽ എഞ്ചിനാണ് പ്രാഡോയിലുള്ളത്. അമേരിക്കയിൽ 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 2.4 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് പ്രാഡോയുടെ ഹൃദയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here